പത്മാവതിയും ഖില്‍ജിയും; മിഥ്യയും യാഥാര്‍ഥ്യവും
സാമൂഹികവും സാമ്പത്തികവും ബൗദ്ധികവുമായ ഉടച്ചുവാര്‍ക്കലുകള്‍ വളരെ പരിമിതമായി മാത്രം നടന്ന രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ 'ഹൈന്ദവ വേദന'യുടെ വീണ്ടെടുക്കല്‍ ഹിന്ദുത്വരാഷ്ട്രീയത്തിനു വളരെ എളുപ്പത്തില്‍ സാധിച്ചിട്ടുണ്ട്. യു.പിയില്‍ താജ്മഹലും ഗുജറാത്തില്‍ സോമനാഥും രാജസ്ഥാനില്‍ പദ്മാവതിയും പ്രകമ്പനമായി മാറുന്നതു 'വേദനകളുടെ വീണ്ടെടുക്കല്‍' രാഷ്ട്രീയമൂലധനമാക്കി ബി.ജെ.പി മാറ്റുന്നതിനാലാണ്.
വേദനയുടെ വീണ്ടെടുക്കലും അതുവഴി ഉരുത്തിരിഞ്ഞ രാഷ്ട്രീയവും പുതിയ ദേശീയതയും ഏറ്റവും ഭംഗിയായി ഉപയോഗിച്ച സംവിധായകനാണു ബന്‍സാലി. അതു വിദഗ്ദ്ധമായി ഉപയോഗിച്ച സിനിമയാണു പത്മാവതി. 2014 ല്‍ അദ്ദേഹം നിര്‍മിച്ച 'മേരികോം' അതിദേശീയതയുടെ പരിസരത്തുനിന്നു വന്ന സിനിമയായിരുന്നെങ്കില്‍ തുടര്‍ന്നുവന്ന 'ബാജിറാറു മസ്താനി' മറാത്താവീര്യവും ബ്രാഹ്്മണസമൂഹത്തിന്റെ ഔന്നത്യവും ഹിന്ദു-മുസ്‌ലിം പ്രണയത്തിന്റെ അസാധ്യതകളും ഉയര്‍ത്തിക്കാട്ടി വാണിജ്യവിജയം കൈവരിച്ച സിനിമകളായിരുന്നു. ഇതേ വാണിജ്യമനഃശാസ്ത്രം തന്നെയാണു പത്മാവതിയിലും ഉപയോഗിച്ചിട്ടുള്ളത്.
എ.ഡി. 1316 ല്‍ മരിച്ച അലാവുദ്ദീന്‍ ഖില്‍ജി ജീവിതത്തിലൊരിക്കലും പത്മാവതിയെന്ന സ്ത്രീയെ കണ്ടുമുട്ടിയിട്ടില്ലെന്നും പത്മാവതിയെന്നു പേരുള്ള രാജകുമാരി 16 ാം നൂറ്റാണ്ടുവരെ ചിത്തോര്‍ എന്ന രജപുത്രരാജ്യത്തു ജീവിച്ചിരുന്നില്ലെന്നും ഈ വിഷയത്തില്‍ ഗവേഷണം നടത്തുന്ന ചരിത്രകാരന്മാര്‍ വ്യക്തമാക്കുന്നു. 'പത്മാവതി' എന്ന കാവ്യത്തെ അധികരിച്ചുള്ള ഏറ്റവും പുതിയ പഠനങ്ങളായ തോമസ് ബ്യൂജിന്റെ ഞൗയശ ശ െവേല റൗേെ: ജീലൃ്യേ മിറ വശേെീൃ്യ ശ െുമറാമ്മശേ' ശാന്തനു ഫുക്കാനിന്റെ ഠവൃുൗഴവ മ ുലൃീെി ുൃശാെ: ഒശിറശ മിറ ജമറാമ്മശേ ... ്ശൃൗേല ാൗഴവമഹ ശാമഴശിമശേീി, രമ്യ ശ്രീനിവാസന്റെ ഠവല ാമി്യ ഹശ്‌ല െീള മ ഞമഷുൗ േഝൗലലി എന്നീ പഠനങ്ങള്‍ ഈ വസ്തുത പല രീതിയില്‍ അവതരിപ്പിക്കുന്നുണ്ട്.
16 ാം നൂറ്റാണ്ടില്‍ ഉത്തര്‍പ്രദേശില്‍ ജീവിച്ച മുസ്്‌ലിം സൂഫി കവിയായ മാലിക് മുഹമ്മദ് ജയ്ശിയാണു 'പത്മാവതി' എന്ന കഥാപാത്രത്തിനു ജന്മംകൊടുക്കുന്നത്. ഹിറാമന്‍ എന്ന തത്തയിലൂടെ കഥപറയുന്ന ജയ്ശി, സിംഹള ദ്വീപില്‍ (ഇന്നത്തെ ശ്രീലങ്ക) ജനിച്ച സുന്ദരിയായ രാജകുമാരിയും രജപുത്രവംശജനായ ചിത്തോറിലെ രത്തന്‍സിങ്ങിന്റെ രണ്ടാമത്തെ ഭാര്യയുമായാണു പത്മാവതിയെ ചിത്രീകരിച്ചത്.
രത്തന്‍സിങ്ങിനാല്‍ കുറ്റാരോപിതനായ ഒരു ബ്രാഹ്മണന്‍ പത്മാവതിയുടെ സൗന്ദര്യത്തെപ്പറ്റി ഡല്‍ഹിയിലെത്തി അലാവുദ്ദീന്‍ ഖില്‍ജിയോടു വിവരിക്കുകയും ചിത്തോര്‍ കീഴടക്കി അവരെ സ്വന്തമാക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു ആ കഥയില്‍. എന്നാല്‍, ഖില്‍ജി ചിത്തോറിലെത്തുന്നതിനു മുമ്പ് പത്മാവതിയെ കൊതിച്ചെത്തിയ വേറൊരു രജപുത്രരാജാവായ ദേവപാലയുമായുള്ള ഏറ്റുമുട്ടലില്‍ രത്തന്‍സിങ് മരിക്കുന്നു. ഇതിനെത്തുടര്‍ന്നു പത്മാവതിയും രത്തന്‍സിങ്ങിന്റെ ആദ്യഭാര്യ നാഗ്മതിയും സതിയനുഷ്ഠിക്കുന്നു. പത്മാവതിയെ മോഹിച്ചെത്തിയ ഖില്‍ജിക്കു ബാക്കിയായതു ചാരം മാത്രമാണെന്നും ജയ്ശി എഴുതുന്നു.
ബ്രിട്ടീഷ് കൊളോണിയല്‍ ചരിത്രരചനയോടെ പത്മാവതി രജപുത്രരാജകുമാരിയാവുകയും വേറൊരു ക്ഷത്രിയരാജാവിനാല്‍ വധിക്കപ്പെട്ട ഭര്‍ത്താവിനുവേണ്ടി സതി അനുഷ്ഠിച്ചുവെന്ന ജയിശിയുടെ കഥയിലെ വില്ലന്‍ മാറുകയും അലാവുദ്ദീന്‍ ഖില്‍ജി ലൈംഗികതൃഷ്ണ അടക്കാനാവാത്ത മുസ്‌ലിം രാജാവായി പരിവര്‍ത്തിക്കപ്പെടുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള മാറ്റിത്തിരുത്തലുകള്‍ ചരിത്രരചനയില്‍ ചെയ്തത് ജെയിംസ് ടോഡ് എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനാണ്. തന്റെ അിിമഹ െമിറ അിശേൂൗശലേ െീള ഞമഷമേെമി എന്ന ബൃഹത്തായ കൃതിയിലൂടെ രജപുത്താന പ്രദേശത്തു കൃത്യമായ ഹിന്ദു-മുസ്‌ലിം വിടവുകള്‍ക്കു രൂപം കൊടുക്കുകയായിരുന്നു ടോഡ്.
ആദര്‍ശപരമായും സാമ്പത്തികമായും തദ്ദേശീയരായ രാജാധികാരങ്ങളെ തങ്ങളുടെ കൂടെ നിര്‍ത്തുന്നതിനു നരവംശശാസ്ത്രപരമായ ഇത്തരം വിഭജനങ്ങള്‍ ബ്രിട്ടീഷ് കൊളോണിയസത്തിന് ആവശ്യമായിരുന്നു. ചില പ്രത്യേകജാതികളെ അതിപൗരുഷത്വത്തിന്റെയും ധീരതയുടെയും പ്രതീകമായി അവതരിപ്പിക്കുന്നതും ഈ നയത്തിന്റെ ഭാഗമായിരുന്നു.
മതസമൂഹമെന്ന നിലയ്ക്കു മുസ്‌ലിംകള്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായി നിലകൊണ്ട സമയത്താണ് ഈ കൃതി ഉടലെടുക്കുന്നത്. മാത്രമല്ല ടിപ്പുസുല്‍ത്താന്‍ കിഴക്കനേഷ്യയിലെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന്റെ ഏറ്റവും ശക്തനായ വക്താവായി മാറുകയും അവര്‍ക്ക് ഏറ്റവും വലിയ വെല്ലുവിളി സൃഷ്ടിക്കുകയും ചെയ്ത സമയത്താണ് ജെയിംസ് ടോഡിന്റെ ഇന്ത്യയിലെ ജീവിതം ആരംഭിക്കുന്നതെന്നതും ഇവിടെ കൂട്ടിവായിക്കാം.
പത്മാവതിയെപ്പറ്റിയുള്ള ആഴമുള്ള പഠനങ്ങളെല്ലാം സൂചിപ്പിക്കുന്നത് അലാവുദ്ദീന്‍ ഖില്‍ജി മരിച്ച് 200 വര്‍ഷങ്ങള്‍ക്കുശേഷം ജയ്ശി ഒരു സാങ്കല്പികലോകം സൃഷ്ടിക്കുന്നതെന്നാണ്. പലതരത്തിലുള്ള ഉപമാലങ്കാരങ്ങള്‍ ചേര്‍ത്തുവച്ചു പത്മാവതിയെ അറിവായും തത്തയെ അറിവിനെ പ്രകാശിപ്പിക്കുന്ന ഗുരുവായും ചിത്തോറിനെ മനുഷ്യശരീരമായും സിംഹളദ്വീപ് ഹൃദയമായും അലാവുദ്ദീന്‍ മായയായുമാണ് അവതരിപ്പിക്കപ്പെട്ടത്. അല്‍ഫറാബിയുടെയും ഇബ്‌നസീനയുടെയും വൈജ്ഞാനിക തത്വചിന്തകളും സൂഫിസത്തിലെ ജ്ഞാനരീതികളും ഭക്തിപാരമ്പര്യങ്ങളിലെ ദൈവിക പ്രണയവും ഉപനിഷദ് ദര്‍ശനത്തിലെ തത്വചിന്തകളും കൂടിച്ചേര്‍ന്ന അപൂര്‍വകൃതിയായിരുന്നു ഹിന്ദുരാജകൊട്ടാരത്തിലെ കവിയായി മാറിയ ജയ്ശിയുടെ പത്മാവതി.
എന്നാല്‍, പില്‍ക്കാലത്തു വന്ന രചനകളിലൂടെ പത്മാവതി സങ്കല്‍പ്പമെന്നതില്‍നിന്നു മാറി ചരിത്ര വ്യക്തിയായിത്തീരുകയായിരുന്നു. 16 ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഹെമ്രാതന്‍ എഴുതിയ 'ഗോരാ ബാദന്‍ പത്മിനി ചത്രവായി', 17 ാം നൂറ്റാണ്ടില്‍ ജാട്ട്മാന്‍ നഹര്‍ എഴുതിയ 'ഗോരാ ബാദന്‍കി കഥ', സയ്യിദ് ആയോന്‍ എഴുതിയ 'പത്മാവതി', 18 ാം നൂറ്റാണ്ടില്‍ ഭാഗ്യവിജയ എഴുതിയ 'പത്മിനി ചരിത് ' എന്നീ കൃതികളില്‍ പുതിയ കഥകളും കഥാപാത്രങ്ങളും അതതു സ്ഥലങ്ങളില്‍നിന്നും സമയങ്ങളില്‍നിന്നും കയറിവരുന്നതായി കാണാം പത്മാവതിയുടെ ആഖ്യാനങ്ങളില്‍.
നാലാം മൈസൂര്‍യുദ്ധത്തോടെ സൗത്ത് ഇന്ത്യ ഏകദേശമായും മൂന്നാംമറാത്ത യുദ്ധത്തോടെ മധ്യേന്ത്യ പൂര്‍ണമായും കൈക്കലാക്കിയ കൊളോണിയല്‍ ശക്തികള്‍ക്കു പരസ്പരം വിഭജിച്ചു നില്‍ക്കുന്ന രജപുത്രരെ പ്രീതിപ്പെടുത്തുന്നതിലൂടെ രജപുത്താനപ്രദേശങ്ങള്‍ കൈക്കലാക്കാനും അതിലേയ്ക്കു ഹിന്ദു-മുസ്‌ലിം ദ്വന്ദ്വങ്ങള്‍ നിര്‍മിച്ചു ഭരണം സ്ഥിരപ്പെടുത്താനും കഴിയുന്നതായി കാണാം. ഇസ്്‌ലാമിനെതിരേയുള്ള ചെറുത്തുനില്‍പ്പിന്റെയും രജപുത്ര ധീരതയുടെയും ബലിയര്‍പ്പണത്തിന്റെയും മാതൃകയായി സങ്കല്‍പ്പത്തിലെ പത്മാവതിയെ ചരിത്രവ്യക്തിയായി അവതരിപ്പിച്ച ചരിത്രരചന ഇതില്‍ വഹിച്ചതു വലിയ പങ്കാണ്.
1857 നു ശേഷം മുഗള്‍വംശം പൂര്‍ണമായും അധികാരത്തിനു പുറത്താവുകയും ഇന്ത്യന്‍ നവോഥാനത്തിന്റെ കേന്ദ്രങ്ങളിലൊന്നായി ബംഗാള്‍ മാറുകയും ചെയ്യുന്നതോടെ ഇന്ത്യയിലെ മധ്യവര്‍ഗസമൂഹം ജെയിംസ് ടോഡിന്റെ കൃതിയെ പൂര്‍ണചരിത്രമായി കണക്കാക്കാന്‍ തുടങ്ങുന്നതു കാണാം. 1857 നു ശേഷം രചിപ്പിക്കപ്പെട്ട രംഗയാന്‍ ബന്ധോപാധ്യായയുടെ പത്മിനി ഉപാഖ്യാന്‍ (1858), ജ്യോതീന്ദ്രനാഥ് ടാവ്വോറിന്റെ സരോജിനി ബാ ചിത്തൂര്‍ അക്രമണ്‍ (1875) തുടങ്ങിയ കൃതികള്‍ അവലംബിച്ചതു ടോഡിന്റെ എഴുത്തുകളായിരുന്നു.
അതേസമയം, ഇവരുടെ ആഖ്യാനങ്ങളുടെ കാരണം വ്യത്യസ്തമായിരുന്നു എന്നുമാത്രം. അവരുടെ ഉദ്ദേശ്യം അച്ചടക്കമുള്ള, വിധേയത്വമുള്ള, കൂറുള്ള 'ഹിന്ദുസ്ത്രീ'കളുടെ നിര്‍മാണമായിരുന്നു. കൊളോണിയല്‍ പരിസരങ്ങളില്‍നിന്ന് എഴുതപ്പെട്ടിട്ടുള്ള സ്വഭാവരൂപീകരണ കൃതികളുടെ ചുവടു പിടിച്ച് എഴുതപ്പെട്ട ഇത്തരം കൃതികളില്‍ തന്റെ ശരീരവും ശുദ്ധിയും ചാരിത്ര്യവും സൂക്ഷിച്ച മാതൃകാസ്ത്രീയായിട്ടാണു പത്മാവതി കടന്നുവരുന്നത്. കൊളോണിയലിസം മുന്നോട്ടുവച്ച തുറന്ന സ്ത്രീയെന്ന കാഴ്ചപ്പാടിനോടുള്ള ഒരു തരത്തിലുള്ള പ്രതിരോധവും ആയിരുന്നു.
പക്ഷേ ജെയിംസ് ടോഡും മറ്റുള്ളവരും നിര്‍മ്മിച്ചുവച്ച വിടവുകളുടെ ആഖ്യാനം ഇന്ത്യന്‍ മധ്യവര്‍ഗം പതിരും കതിരും തിരിക്കാതെ പകര്‍ത്തിയപ്പോള്‍ സമുദായങ്ങളുടെ അകലം കൂടുകയാണുണ്ടായത്. മാത്രമല്ല, അലാവുദ്ദീന്‍ ഖില്‍ജിയുടെയും മധ്യകാല ഇന്ത്യയുടെയും പല ചരിത്രത്താളുകളും തകിടംമറിയുന്നതും കാണാം.
അലാവുദ്ദീന്‍ ഖില്‍ജിയും രജപുത്രരും
ജയ്ശിയുടെ കവിതയില്‍ അലാവുദ്ദീനെ രജപുത്രരെ അക്രമിക്കാന്‍ ക്ഷണിക്കുന്നതു രാഷ്ട്രചേതന്‍ എന്ന ബ്രാഹ്്മണനാണ്. എന്നാല്‍, ചരിത്രരേഖകളില്‍ കാണുന്നതു ഖില്‍ജിക്കു ചിത്തോര്‍ കീഴടക്കാനാവുന്നതു രജപുത്രന്മാരുടെ നിര്‍ലോഭമായ സഹകരണം ഉണ്ടായതുകൊണ്ടു മാത്രമാണ്. ശക്തമായി പരസ്പരം പോരാടിയിരുന്ന രജപുത്രര്‍, തങ്ങളുടെ അധികാരവും പ്രതാപവും സംരക്ഷിക്കാന്‍ ഖില്‍ജിയുടെ പക്ഷത്തേയ്ക്കു കൂടുമാറുന്ന കാഴ്ചയാണ് ഇവിടെ കാണുന്നത്.
രജപുത്താനയിലെത്തിയ അലാവുദ്ദീനു പിന്തുണ പ്രഖ്യാപിച്ച എത്തിയവരില്‍ ചൗഹാന്‍ രാജാവ് ഹമ്മിറയുടെ സൈനികമേധാവികളായ രതിപാലയും രനമല്ലയും ഉണ്ടായിരുന്നു. രജപുത്രപ്രദേശമായ പരമാരയിലെ രാജാവിനെ കീഴടക്കാന്‍ വന്നപ്പോള്‍ കോട്ടയിലേയ്ക്കുള്ള ജലവിതരണത്തില്‍ വിഷം കലക്കി ഖില്‍ജിയെ സഹായിച്ചതും ബെല പരമാര എന്ന രജപുത്രനായിരുന്നു. വേറൊരു രജപുത്രപ്രദേശമായ ജലോര്‍ കീഴടക്കാന്‍ ഖില്‍ജി തീരുമാനിച്ചപ്പോള്‍ ജലോര്‍ കോട്ടയിലേയ്ക്കുള്ള വാതിലുകള്‍ ഇരുട്ടിന്റെ മറവില്‍ ഖില്‍ജിക്കു തുറന്നുകൊടുക്കുന്നതും ക്ഷത്രിയരാജാക്കന്മാര്‍ തന്നെയാണെന്നു ചരിത്രരേഖകള്‍ വ്യക്തമാക്കുന്നു. ഇതിന്റെ തുടര്‍ച്ചതന്നെയാണു മധ്യകാല ഇന്ത്യയില്‍ സംഭവിച്ചതെന്നു കാണാം. നിരന്തരമായ പോരാട്ടത്തിലേര്‍പ്പെടുന്ന രജപുത്രരും മറാത്തരും, മുഗള്‍ കൊട്ടാരത്തിലെ പ്രഭുസ്ഥാനത്തിനുവേണ്ടി മത്സരിക്കുന്ന ക്ഷത്രിയകുടുംബങ്ങള്‍, ഡക്കാനിലെ മുസ്‌ലിംസുല്‍ത്താനേറ്റുകളില്‍ ഭരണപ്രാഗത്ഭ്യം തെളിയിച്ച മറാത്തരും ഗുജറാത്തികളും, പരസ്പരം കൊലവിളികള്‍ നടത്തിയ മുസ്‌ലിം രാജാക്കന്മാര്‍, മതങ്ങള്‍ക്കപ്പുറത്തു പ്രണയവും വിരഹവും പങ്കിട്ട കൊട്ടാരകാമുകന്മാര്‍ എന്നിവയെല്ലാമുള്‍പ്പെട്ട സങ്കീര്‍ണമായ ചരിത്രമാണു മധ്യകാലം മുന്നോട്ടുവയ്ക്കുന്നത്.
ഇതു നിരന്തരമായ കൂറുമാറലിന്റെയും കൂട്ടുകൂടലുകളുടെയും ചരിത്രംകൂടിയാണ്. സ്ഥിരമായ കൂറ് എന്നതു മധ്യകാലത്തെ അപൂര്‍വതകളില്‍ ഒന്നായിരുന്നു. കൂട്ടിനും കൂറിനും മതം ശരീരം, ശുദ്ധി തുടങ്ങിയവ ഒരിക്കലും പ്രതിബന്ധമായി കണക്കാക്കപ്പെട്ടിട്ടില്ല, രാഷ്ട്രീയാധികാരകേന്ദ്രങ്ങളില്‍.
എന്നാല്‍, രാഷ്ട്രീയാജന്‍ഡകളുടെ ഭാഗമായി രാഷ്ട്രീയപ്പാര്‍ട്ടികള്‍ വേദനകളുടെ തെരഞ്ഞെടുപ്പു നടത്തുകയും അതു ബുദ്ധിപരമായി വിന്യസിക്കുകയും ചെയ്യുമ്പോള്‍ സങ്കല്‍പ്പങ്ങളും ഉപാലങ്കാരങ്ങളും ചരിത്രമാവുകയും ചരിത്രവസ്തുകള്‍ മറവിയാവുകയും ചെയ്യും. മാത്രമല്ല, അതിദേശീയത ഒരുക്കുന്ന വിപണിയില്‍ ലാഭം കൊയ്യാനിറങ്ങിയ ബന്‍സാലിയെപ്പോലുള്ള സംരംഭകര്‍ തങ്ങളുടെ പ്രവര്‍ത്തനത്തിന്റെ തന്നെ ഇരകളാകുന്നതും ഇവിടെ സ്വാഭാവികംതന്നെയാണ്.
സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും ആപത്കരമായ സാമ്പത്തികാവസ്ഥയിലൂടെ, വിലക്കയറ്റത്തിലൂടെ, പട്ടിണിയിലൂടെ കടന്നുപോകുന്ന നാം, ഇന്ത്യാചരിത്രത്തിലാദ്യമായി കച്ചവടത്തെയും വിപണി ക്രയവിക്രയങ്ങളെയും കാര്‍ഷികവ്യവസ്ഥയെയും ഏകോപിപ്പിച്ചു കമ്പോളപരിഷ്‌കരണം നടത്തിയ ചരിത്രത്തിലെ ഖില്‍ജിയെ മറക്കും, ചരിത്രത്തിലില്ലാത്ത ഒരു ഖില്‍ജിയുടെ പേരില്‍ ചോരചിന്തും.
(ഡല്‍ഹി യൂനിവേഴ്‌സിറ്റി ചരിത്രാധ്യാപകനും ഇപ്പോള്‍ കേംബ്രിഡ്ജ് യൂനിവേഴ്‌സിറ്റിയില്‍
എല്‍.എം സിംഗ്‌വി വിസിറ്റിങ്
ഫെല്ലോയുമാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."