ജില്ലയിലെ തീര ശുചീകരണ തൊഴിലാളികള്‍ക്ക് രണ്ടുമാസമായി ശമ്പളമില്ല
ഫറോക്ക്: ജില്ലയിലെ തീരം ശുചീകരിക്കുന്ന വനിതാ തൊഴിലാളികള്‍ക്ക് രണ്ടുമാസമായി ശമ്പളമില്ല. കഴിഞ്ഞ 12 വര്‍ഷത്തോളമായി കോഴിക്കോട് ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് കീഴിലെ ക്ലീന്‍ ഡസ്റ്റിനേഷന്‍ യൂനിറ്റുകളിലെ 32 സ്ത്രീകളാണ് വേതനം ലഭിക്കാതെ ദുരിതത്തിലായിരിക്കുന്നത്.
തുഷാരഗിരി, പെരുവണ്ണാമുഴി, ബേപ്പൂര്‍, കോഴിക്കോട്, കാപ്പാട്, സരോവരം എന്നിവിടങ്ങളിലായി കുടുംബശ്രീയുടെ ഏഴ് യൂനിറ്റുകളാണ് ശുചീകരണ രംഗത്ത് തൊഴിലെടുക്കുന്നത്.
കാപ്പാട് രണ്ട് യൂനിറ്റുകളുമുണ്ട്. കുടുംബശ്രീ ജില്ലാ മിഷിനാണ് ഇത്രയും പേരുടെ ഹാജര്‍ നോക്കുന്നത്. ഇവിടെ നിന്ന് വിവരങ്ങള്‍ ഡി.ടി.പി.സിക്ക് നല്‍കി ചെയര്‍മാനായ കലക്ടര്‍ ഡി.ടി.പി.സി സെക്രട്ടറി എന്നിവര്‍ സാക്ഷ്യപ്പെടുത്തി വീണ്ടും കുടുംബശ്രീ ജില്ലാ മിഷിനിലെത്തിയ ശേഷമാണ് ശമ്പളം നല്‍കിവരുന്നത്.
ഏതാനും മാസങ്ങളായി ഡി.ടി.പി.സിക്ക് സെക്രട്ടറി ഇല്ലാത്തതിനാല്‍ അസി. കലക്ടര്‍ക്കാണ് സെക്രട്ടറിയുടെ ചുമതല. ഡി.ടി.പി.സിയുടെ ഭരണം താളം തെറ്റിയതാണ് ശുചീകരണ തൊഴിലാളികളുടെ ശമ്പളം വൈകാനിടയാക്കിയതെന്നും ആക്ഷേപമുണ്ട്.
ഈ മേഖലയില്‍ പണിയെടുക്കുന്നവര്‍ക്ക് കേവലം 6000രൂപയാണ് പ്രതിമാസ ശമ്പളം. മറ്റുയാതൊരുവിധ ആനുകൂല്യങ്ങളും ഇവര്‍ക്ക് ലഭിക്കുന്നില്ല. ശമ്പളം വൈകിയതോടെ തൊഴിലാളികള്‍ നിത്യജീവിതത്തിനു പ്രയാസപ്പെടുകയാണ്. വിധവകള്‍, വിവാഹമോചിതര്‍ ഉള്‍പ്പെടെ ഏറെ ജീവിത ദുരിതമനുഭവിക്കുന്നവരാണ് ശുചീകരണ തൊഴിലാളികളിലേറെയും. ശമ്പളം മുടങ്ങിയതോടെ മക്കളുടെ വിദ്യാഭ്യാസ ചെലുവകള്‍ക്ക് പോലും മറ്റുള്ളവരുടെ സഹായം തേടേണ്ട ഗതികേടിലാണെന്നാണ് തൊഴിലാളികള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."