ലക്ഷദ്വീപ് ഭരണകൂടത്തിനെതിരേ ദ്വീപ് നിവാസികള്‍
കോഴിക്കോട്: 'ഞങ്ങള്‍ക്ക് ഈ സൗകര്യം തന്നതിനും നേരിട്ടുവന്നതിനും വളരെയധികം നന്ദിയുണ്ട് സര്‍, ഇതൊരിക്കലും മറക്കില്ല', ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നു യാത്രകപ്പല്‍ റദ്ദാക്കിയതിനെ തുടര്‍ന്നു കോഴിക്കോട് കീര്‍ത്തി മഹല്‍ ലോഡ്ജില്‍ കഴിയുന്നവരെ സന്ദര്‍ശിക്കാന്‍ എത്തിയ കലക്ടര്‍ യു.വി ജോസിനോടുള്ള ലക്ഷദ്വീപുകാരുടെ വാക്കുകള്‍ നാട്ടിലേക്കു പോകാനാവാത്തതിന്റെ ദൈന്യതയ്‌ക്കൊപ്പം സൗകര്യമൊന്നും ഒരുക്കാത്ത അവിടത്തെ ഭരണകൂടത്തിനെതിരേയുള്ള പ്രതിഷേധം കൂടിയായി. കഴിഞ്ഞ 29നു ബേപ്പൂരില്‍നിന്നു ലക്ഷദ്വീപിലേക്കു പോകാതെ റദ്ദാക്കിയ എം.വി മിനിക്കോയ് യാത്രാകപ്പലില്‍ പോകേണ്ടിയിരുന്ന 110 യാത്രക്കാരാണു കോഴിക്കോട്ടെ വിവിധ ലോഡ്ജുകളില്‍ കഴിയുന്നത്.
ആശുപത്രിയിലേക്കും കച്ചവട ആവശ്യത്തിനും മറ്റും ഇവിടെയെത്തിയ സ്ത്രീകളും മുതിര്‍ന്നവരും ഉള്‍പ്പെടെയുള്ളവരാണ് അഞ്ചുദിവസമായ കോഴിക്കോട്ട് കഴിയുന്നത്. കടം വാങ്ങിയും മറ്റും ചികിത്സയ്‌ക്കെത്തിയവര്‍ ഭക്ഷണചെലവിനു പോലും പണമില്ലാതെ ബുദ്ധിമുട്ടുകയാണ്. നാട്ടിലേക്കു കൊണ്ടുപോകാനായി വാങ്ങിയ പഴങ്ങളും പച്ചക്കറികളുമെല്ലാം മോശമായി.
തങ്ങളെ കാണാനെത്തിയ കലക്ടര്‍ക്കു മുന്നില്‍ വിഷമങ്ങള്‍ നിരത്തിയെങ്കിലും ഇവിടെ ലഭിച്ച സൗകര്യത്തിന്റെ തൃപ്തിയിലാണു ദ്വീപ് നിവാസികള്‍. ദിവസങ്ങളായി നാട്ടില്‍ പോകാനാവാത്തതു കാരണം കൈയിലെ പണവും കാലിയായി. കേരളത്തില്‍ നിന്നു സാധനങ്ങളുമായി ചരക്കുകപ്പലുകളും ഉരുകളും ലക്ഷദ്വീപിലേക്ക് എത്താത്തതിനാല്‍ തങ്ങളുടെ കുടുംബങ്ങളും നിത്യോപയോഗ സാധനങ്ങള്‍ ലഭിക്കാതെ ബുദ്ധിമുട്ടിലാണെന്ന് ഇവര്‍ പറയുന്നു.
ചെത്ത്‌ലത്ത്, കിണുത്തന്‍, അമിനി, അഗത്തി, കടമം, കല്‍പേനി ദ്വീപ് നിവാസികളാണു കോഴിക്കോട്ട് കുടുങ്ങിയത്. നഗരത്തിലെ അഞ്ചു ലോഡ്ജുകളിലാണ് ഇവര്‍ കഴിയുന്നത്. ജില്ലാഭരണകൂടം ഇത്രയേറെ ഇടപെടല്‍ നടത്തിയെങ്കിലും ലക്ഷദ്വീപ് ഭരണകൂടം ഒന്നും ചെയ്തില്ലെന്നു സംഘത്തിലുള്ള ചെത്തിലാത്ത് തണല്‍ സാമൂഹിക സേവന സംഘം വെസ് ചെയര്‍മാന്‍ സബൂര്‍ ഹുസൈന്‍ പറഞ്ഞു.
ലക്ഷദ്വീപ് ഭരണകൂടത്തിനു ബേപ്പൂരില്‍ ഓഫിസുണ്ടെങ്കിലും അവര്‍ യാതൊരു സൗകര്യവും ഒരുക്കിയിട്ടില്ല. ലക്ഷദ്വീപ് നിവാസികള്‍ക്കായി ഭരണകൂടം കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജിനു സമീപനം ഒരുക്കിയ ഗസ്റ്റ് ഹൗസ് കഴിഞ്ഞവര്‍ഷം ഉദ്ഘാടനം ചെയ്‌തെങ്കിലും അറ്റകുറ്റപ്പണിയുടെ പേരില്‍ അടച്ചിട്ടിരിക്കുകയാണെന്നു ദ്വീപ് നിവാസികള്‍ കലക്ടറോടു പരാതിപ്പെട്ടു.
ജില്ലാ ഭരണകൂടത്തിന്റെ ഇടപെടലിനെ തുടര്‍ന്നു കീര്‍ത്തി മഹല്‍ ലോഡ്ജ് ലക്ഷദ്വീപുകാര്‍ക്ക് അഞ്ചുദിവസത്തെ വാടക ഒഴിവാക്കിയിട്ടുണ്ട്. രണ്ടുദിവസമായി ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷനാണ് ഇവര്‍ക്കു സൗജന്യമായി ഭക്ഷണം എത്തിക്കുന്നത്. ഇന്നലെ രാത്രി സി.എച്ച് സെന്ററും ഭക്ഷണം നല്‍കി. നാട്ടിലുള്ള ഉറ്റവര്‍ ഫോണില്‍ വിളിക്കുമ്പോള്‍ എന്നു മടങ്ങാനാകുമെന്നു പറയാനാവതെ കുഴയുകയാണ് ഇവിടെയുള്ളവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."