ജുനൈദ് വധം: സി.ബി.ഐ അന്വേഷണം
ന്യൂഡല്‍ഹി: ഓടിക്കൊണ്ടിരുന്ന തീവണ്ടിയില്‍ 16കാരനായ ഹാഫിസ് ജുനൈദിനെ കൊലപ്പെടുത്തിയ കേസ് സി.ബി.ഐക്കു വിടണമെന്നാവശ്യപ്പെട്ടു വിദ്യാര്‍ഥിയുടെ കുടുംബം വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ഇതേയാവശ്യം തള്ളിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നടപടി ചോദ്യംചെയ്തു ജുനൈദിന്റെ കുടുംബം ഡിവിഷന്‍ ബെഞ്ചിനെയാണ് സമീപിച്ചത്.
കഴിഞ്ഞയാഴ്ചയാണ് സംഭവത്തിനു ദേശീയതലത്തിലോ രാജ്യാന്തരതലത്തിലോ ഏതെങ്കിലും വിധത്തിലുള്ള പ്രാധാന്യമില്ലെന്നു ചൂണ്ടിക്കാട്ടി ജസ്റ്റിസ് രഞ്ജന്‍ ഗുപ്തയുടെ കീഴിലുള്ള ഹരിയാന-പഞ്ചാബ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സി.ബി.ഐ അന്വേഷണമെന്ന ആവശ്യം തള്ളിയത്. അന്വേഷണം അട്ടിമറിക്കാനും കേസ് ദുര്‍ബലമാക്കാനും ശ്രമം നടക്കുന്നുണ്ടെന്ന ഹരജിക്കാരുടെ ആരോപണം സാധൂകരിക്കുന്ന ശക്തമായ തെളിവുകള്‍ ഇല്ലെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു.
എന്നാല്‍, തീര്‍ത്തും ഏകപക്ഷീയമായ ഒരു വര്‍ഗീയ കൊലപാതകമാണെന്ന ഒരു പരിഗണനപോലും നല്‍കാതെയാണ് ഹരജി സിംഗിള്‍ ബെഞ്ച് തള്ളിയതെന്നു ജുനൈദിന്റെ പിതാവ് ജലാലുദ്ദീന്‍ സമര്‍പ്പിച്ച ഹരജിയില്‍ ചൂണ്ടിക്കാട്ടി. പുതിയ ഹരജി നാളെ പരിഗണിക്കും.
വിദ്വേഷംനിറഞ്ഞ പരിഹാസ്യങ്ങളും നീചമായ അപമാനവും നിറഞ്ഞ ഈ കേസിലെ എല്ലാ വസ്തുതകളും കോടതി പരിഗണിക്കാത്തത് അസ്വസ്തതയുണ്ടാക്കുന്നതാണ്. കേസിനാധാരമായ തെളിവുകള്‍ സമര്‍പ്പിച്ചെങ്കിലും അവയെല്ലാം പരിശോധിക്കാതെയാണ് സിംഗികള്‍ ബെഞ്ച് ഹരജി തള്ളിയതെന്നും അഭിഭാഷകനായ അദര്‍ശ്ദീപ് ചീമ മുഖേന നല്‍കിയ പുതിയ ഹരജിയില്‍ ചൂണ്ടിക്കാട്ടി.
കേസില്‍ നേരത്തെ പ്രതിഭാഗത്തെ സഹായിക്കുന്ന നിലപാടെടുത്ത ഹരിയാന മുന്‍ അഡീഷനല്‍ അഡ്വക്കറ്റ് ജനറലിന്റെ നിലപാടും പുതിയ ഹരജിയില്‍ സൂചിപ്പിച്ചു. സ്വതന്ത്ര അന്വേഷണവും വിചാരണയും നടക്കുമെന്ന കുടുംബത്തിന്റെ പ്രതീക്ഷകളെ ഉലക്കുന്നതാണ് ഇത്തരം സംഭവങ്ങളെന്നും കേസിലെ ഇതുപോലുള്ള സംഭവവികാസങ്ങളും കോടതി പരിഗണിക്കണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടു.
കേസിലെ മുഖ്യപ്രതിയായ നരേഷ്‌കുമാറിന്റെ അഭിഭാഷകനെ സാക്ഷിവിസ്താരത്തിനിടെ സഹായിച്ച അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ നവീന്‍ കൗഷികിന്റെ നടപടി വിവാദമായിരുന്നു. കൗഷികിനെ പുറത്താക്കണമെന്നു കേസിന്റെ വിചാരണ നടക്കുന്ന ഫരീദാബാദ് സെഷന്‍ ജഡ്ജി വൈ.എസ് റാത്തോഡ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹം രാജിവയ്ക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."