ഹൂതി കേന്ദ്രങ്ങള്‍ക്കുനേരെ സഖ്യസേനാ ബോംബാക്രമണം
സന്‍ആ: യമന്‍ മുന്‍ പ്രസിഡന്റ് അലി അബ്ദുല്ല സാലിഹ് ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചതിനു പിറകെ സൈനിക സഹായവുമായി സഖ്യസേന രംഗത്ത്. സാലിഹിന്റെ നേതൃത്വത്തിലുള്ള ജനറല്‍ പീപ്പിള്‍സ് കോണ്‍ഗ്രസി(ജി.പി.സി) സൈന്യത്തിനെതിരേ ആക്രമണം തുടരുന്ന ഹൂതികള്‍ക്കള്‍ക്കു നേരെ സഊദി സഖ്യസേന വ്യോമാക്രമണം നടത്തി.
യമന്‍ തലസ്ഥാനമായ സന്‍ആയ്ക്കടുത്തുള്ള ഹൂതി കേന്ദ്രങ്ങളില്‍ ഇന്നലെ പുലര്‍ച്ചെ സഊദി വിമാനങ്ങള്‍ ബോംബാക്രമണം നടത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന്റെ വിശദവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ചുരുങ്ങിയത് അഞ്ച് തവണ വ്യോമാക്രമണമുണ്ടായതായാണു വിവരം.
യമന്‍ പൗരന്മാര്‍ക്കു നേരെയുള്ള ആക്രമണം അവസാനിപ്പിച്ചാല്‍ സഊദി സഖ്യസേനയുമായി സഹകരണത്തിനു തയാറാണെന്ന് അലി അബ്ദുല്ല സാലിഹ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇത് സ്വാഗതം ചെയ്ത് സഖ്യസേനാ വൃത്തങ്ങള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. നേരത്തെ, ജി.പി.സിയുമായി സഖ്യത്തിലുണ്ടായിരുന്ന ഹൂതികള്‍ ഇടഞ്ഞതോടെയാണ് സാലിഹ് നിലപാടുമാറ്റവുമായി രംഗത്തെത്തിയത്.സാലിഹിന്റെ കുടുംബം അടക്കം താമസിക്കുന്ന തെക്കന്‍ സന്‍ആ ജില്ലയായ ഹദ്ദയില്‍ ഹൂതികളും ജി.പി.സി സേനയും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ തുടരുകയാണ്. നഗരത്തിലെ പ്രധാന പള്ളി പിടിച്ചടക്കാന്‍ ജി.പി.സി ശ്രമിച്ചതോടെയാണ് പുതിയ സംഭവങ്ങള്‍ക്കു തുടക്കമായത്.
സംഭവത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായി റെഡ്‌ക്രോസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സാലിഹിന്റെ നേതൃത്വത്തിലുള്ള 'യമന്‍ ടുഡേ' വാര്‍ത്താ ചാനല്‍ ഹൂതികള്‍ പിടിച്ചടക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."