ചരിത്രമെഴുതിയ ആ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് അരനൂറ്റാണ്ട്
കേപ്ടൗണ്‍: ലോകചരിത്രത്തിലെ വിജയകരമായ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് അരനൂറ്റാണ്ട് പിന്നിടുന്നു. 1967 ഡിസംബര്‍ മൂന്നിനായിരുന്നു ഒരു മനുഷ്യഹൃദയം ആദ്യമായി വിജയകരമായി മാറ്റിവച്ചത്. ദക്ഷിണാഫ്രിക്കക്കാരനായ ഹൃദ്രോഗ വിദഗ്ധന്‍ ക്രിസ് ബര്‍നാഡ് ആണ് ലൂയിസ് വാഷ്‌കന്‍സ്‌കി എന്ന പലചരക്കു വ്യാപാരിയുടെ ഹൃദയം മാറ്റിവച്ച് ചരിത്രത്തില്‍ ഇടംപിടിച്ചത്.
1969ല്‍ നീല്‍ ആംസ്‌ട്രോങ് ചന്ദ്രനില്‍ കാലുകുത്തിയതിന്റെ അത്രത്തോളം വലിയ ശാസ്ത്ര-സാമൂഹിക നേട്ടമായാണ് 20-ാം നൂറ്റാണ്ടിലെ പല ചരിത്രകാരന്മാരും ഇതിനെ വിശേഷിപ്പിച്ചത്. അരനൂറ്റാണ്ടു മുന്‍പ് ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണില്‍ ഗ്രൂട്ട് ഷൂര്‍ ആശുപത്രിയില്‍ ഡിസംബര്‍ രണ്ട്, മൂന്ന് തിയതികളിലായാണു ശസ്ത്രക്രിയ നടന്നത്. അതുവരെയും അത്ര പ്രശസ്തമല്ലാത്ത ആശുപത്രിയില്‍ അത്രയും പ്രശസ്തനല്ലാത്ത ഒരു ഡോക്ടറുടെ നേതൃത്വത്തിലാണ് ആ ദൗത്യം നടന്നത്. ലോകത്തെ പേരുകേട്ട വൈദ്യശാസ്ത്ര കേന്ദ്രങ്ങളില്‍ വിദഗ്ധരായ ഭിഷഗ്വരന്മാരുടെ നേതൃത്വത്തില്‍ ഈയൊരു ലക്ഷ്യം കൈവരിക്കാനായി വര്‍ഷങ്ങളുടെ ഗവേഷണങ്ങള്‍ പുരോഗമിക്കുന്നേ ഉണ്ടായിരുന്നുള്ളൂ അപ്പോള്‍. എന്നാല്‍, ഈയൊരു ശസ്ത്രക്രിയയിലൂടെ ക്രിസ് ബര്‍നാഡ് വൈദ്യലോകത്തെ മാത്രമല്ല മൊത്തം ലോകത്തെയും ഞെട്ടിച്ചു.
അതോടൊപ്പം ബര്‍നാഡിനെതിരേ വിമര്‍ശനവും വിവിധ കോണുകളില്‍നിന്ന് ഉയര്‍ന്നു. ഒരാളുടെ ഹൃദയം മറ്റൊരാളില്‍ ഘടിപ്പിച്ച് ഡോക്ടര്‍മാര്‍ ദൈവത്തിനു പഠിക്കുകയാണോ എന്നായിരുന്നു ഈ വിമര്‍ശനത്തിന്റെ കാതല്‍. എന്നാല്‍, ഈയൊരു വൈദ്യശാസ്ത്ര നേട്ടത്തെയും ബര്‍നാഡിനെയും മാധ്യമങ്ങള്‍ ഏറ്റുപിടിച്ചതോടെ വിമര്‍ശനങ്ങളുടെ കൂമ്പടഞ്ഞു.
ദക്ഷിണാഫ്രിക്കയിലെ കുപ്രസിദ്ധമായ വര്‍ണവിവേചനത്തിന്റെ രാഷ്ട്രീയം കൂടി ഈ ശസ്ത്രക്രിയയ്ക്കു പറയാനുണ്ട്. ലിത്വാനിയന്‍ ജൂത പാരമ്പര്യമുള്ളയാളായ ലൂയിസ് വാഷ്‌കന്‍സ്‌കി ഹൃദയം തകര്‍ന്ന് മരണം മുഖാമുഖം കണ്ടുനില്‍ക്കെയാണ് ബര്‍നാഡ് തന്റെ മേലുദ്യോഗസ്ഥരോട് അദ്ദേഹത്തിന്റെ ഹൃദയമാറ്റ ശസ്ത്രക്രിയ നടത്താന്‍ താന്‍ തയാറാണെന്ന് അറിയിച്ചത്. പകരം ഹൃദയം എവിടെനിന്നു ലഭിക്കുമെന്നായി പിന്നീട് അന്വേഷണം. ഒടുവില്‍ കറുത്ത വംശജനായ ഒരാള്‍ സന്നദ്ധത അറിയിച്ചു രംഗത്തെത്തി. പക്ഷെ, വെളുത്ത വംശജര്‍ മാത്രമുണ്ടായിരുന്ന ഗ്രൂട്ടിലെ ഡോക്ടര്‍മാര്‍ക്ക് അത് ചിന്തിക്കാനാകുന്നതായിരുന്നില്ല.
ഒരു വെള്ളക്കാരന്റെ ഹൃദയത്തിനു വേണ്ടി കാത്തിരുന്നു അവര്‍. ഒടുവില്‍ ഡെനിസ് ഡാര്‍വല്‍ എന്ന മസ്തിഷ്‌കം പാതി മരവിച്ച ഒരു 25കാരന്‍ വെളുത്ത വംശജന്റെ ഹൃദയം തന്നെ അവര്‍ക്കു ലഭിച്ചു. അങ്ങനെ ചരിത്രപരമായ ശസ്ത്രക്രിയ ബര്‍നാഡ് വിജയകരമായി പൂര്‍ത്തിയാക്കുകയായിരുന്നു. ശസ്ത്രക്രിയ വിജയിച്ചെങ്കിലും 18 ദിവസത്തിനു ശേഷം വാഷ്‌കന്‍സി ന്യൂമോണിയ ബാധിച്ചു മരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."