ഗോള്‍ വന്നു, ജയം അകലെ
കൊച്ചി: കാണികളുടെ തള്ളിക്കയറ്റം കുറഞ്ഞപ്പോള്‍ ഗോള്‍ വഴിയിലേക്ക് കേരള ബ്ലാസ്റ്റേഴ്‌സ് തിരിച്ചെത്തി. അതേസമയം കളിയില്‍ ആധിപത്യം പുലര്‍ത്തിയിട്ടും സ്വന്തം തട്ടകത്തില്‍ മുംബൈയെ കീഴടക്കാന്‍ കഴിയാതെ ബ്ലാസ്റ്റേഴ്‌സ് പതിവുപോലെ സമനില ചൊല്ലി പിരിഞ്ഞു. നാലാം പതിപ്പിലെ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഗോള്‍ സിഫ്‌നിയോസിന്റെ വകയായിരുന്നു. 14ാം മിനുട്ടിലായിരുന്നു ഗോള്‍ പിറന്നത്. 77ാം മിനുട്ടില്‍ ബല്‍വന്ത് സിങിലൂടെ മുംബൈ തിരിച്ചടിച്ചു സമനില പിടിച്ചു വാങ്ങി. കഴിഞ്ഞ രണ്ട് കളികളിലും നിറം മങ്ങിയ ഇയാന്‍ ഹ്യൂമിനെ പുറത്തിരുത്തി ബ്ലാസ്റ്റേഴ്‌സ് പകരക്കാരനായി തിളങ്ങിയ മാര്‍ക്കസ് സിഫ്‌നിയോസിനെ ആദ്യ ഇലവനില്‍ കളത്തിലിറക്കി.
ഹ്യൂമിന്റെ പകരക്കാരനായി ഇറങ്ങിയായിരുന്നു ആദ്യ കളികളില്‍ കിട്ടിയ അവസരങ്ങള്‍ സിഫ്‌നിയോസ് മുതലാക്കിയത്. കളത്തില്‍ ഇറങ്ങുമെന്ന് പ്രതീക്ഷിച്ച വെസ് ബ്രൗണിന് സൈഡ് പകരക്കാരുടെ പട്ടികയില്‍ പോലും ഇടം നല്‍കാന്‍ റെനെ മ്യൂളന്‍സ്റ്റീന്‍ തയ്യാറായില്ല. മുംബൈ സിറ്റി എഫ്.സി മൂന്ന് മാറ്റങ്ങളാണ് വരുത്തിയത്. ആക്രമണ നിരയില്‍ സ്പാനിഷ് താരം റാഫേല്‍ ജോര്‍ദ, പ്രതിരോധത്തില്‍ മെഹ്‌റാജുദ്ദീന്‍ വാഡു, ദേവീന്ദര്‍ സിങ് എന്നിവര്‍ ആദ്യ ഇലവനില്‍ കളത്തിലെത്തി. റൊസാരിയോ, രാജു ഗെയ്ക്‌വാദ്, സഞ്ജു പ്രധാന്‍ എന്നിവര്‍ സൈഡ് ബെഞ്ചിലേക്ക് മാറി.
ഗോള്‍ ദാരിദ്ര്യം ഒഴിഞ്ഞു
ഗോള്‍ ദാരിദ്ര്യത്തിന് അറുതി വരുത്താന്‍ റെനെ മ്യൂളന്‍സ്റ്റീന്‍ ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റ നിരയില്‍ നടത്തിയ അഴിച്ചുപണി ഫലം കണ്ടു. മുന്‍ കളികളില്‍ നിന്ന് വ്യത്യസ്തമായി മുന്നേറ്റ നിരയിലേക്ക് പന്തെത്തിക്കുന്നതില്‍ മധ്യ- പ്രതിരോധ നിരകള്‍ ഒരു പോലെ കൈകോര്‍ത്തു കളിച്ചു. ആദ്യ നിമിഷം മുതല്‍ മുംബൈ എഫ്.സിയുടെ ബോക്‌സില്‍ ബ്ലാസ്റ്റേഴ്‌സ് പടയാളികള്‍ ഗോള്‍ ദാഹവുമായി വട്ടമിട്ടു പറന്നു. നാലാം മിനുട്ടില്‍ ബോക്‌സിന് പുറത്ത് നിന്ന് പെക്കുസന്റെ ലോങ്‌റേഞ്ചര്‍ നേരിയ വ്യത്യാസത്തിനാണ് പുറത്തേക്ക് പോയത്. സിഫ്‌നിയോസിന് കൂട്ടായി സി.കെ വിനീതും പെക്കുസനും മികച്ച രീതിയില്‍ പന്ത് തട്ടിയതോടെ മുംബൈ ഗോള്‍മുഖം വിറച്ചു. അഞ്ചാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായ കോര്‍ണര്‍. വിനീത് എടുത്ത കിക്ക് അപകടഭീഷണി മുഴക്കിയെങ്കിലും ലക്ഷ്യത്തില്‍ എത്തിക്കുന്നതില്‍ ബ്ലാസ്റ്റേഴ്‌സ് നിര പരാജയപ്പെട്ടു.
കളിയുടെ ഗതിമാറ്റി മുന്‍ മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി ബ്ലാസ്റ്റേഴ്‌സ് ഉണര്‍ന്നു കളിച്ചതോടെ ഗാലറിയും ആവേശത്തിലായി. മുംബൈ ഗോള്‍മുഖത്തെ തുടരെയുള്ള ആക്രമണത്തിന് ഒടുവില്‍ കാത്തിരുന്ന ആദ്യ ഗോള്‍ പിറന്നു. 14ാം മിനുട്ടില്‍ ബെര്‍ബറ്റോവ് തുടങ്ങിവച്ച നീക്കത്തിനൊടുവില്‍ പന്ത് റിനോ ആന്റോയിലേക്ക്. മുന്‍ മത്സരങ്ങളില്‍ ഏറെ പഴിക്കേട്ട റിനോ പന്തുമായി കുതിച്ച് കയറി മുംബൈ ബോക്‌സിന്റെ ഇടത് വശത്ത് നിന്ന് നല്‍കിയ ക്രോസ് സിഫ്‌നിയോസ് മനോഹരമായ ഷോട്ടിലൂടെ മംബൈ വലയില്‍ എത്തിച്ചു.
മുംബൈ ഗോളി അമരീന്ദര്‍ സിങിന് കാഴ്ചക്കാരനാകാനേ കഴിഞ്ഞുള്ളു. നാലാം പതിപ്പിലെ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഗോള്‍. ലീഡ് പിടിച്ചതോടെ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിലേക്ക് വലിഞ്ഞു. ഇതോടെ മുംബൈ നിര മുന്നേറ്റം ശക്തമാക്കി. ലൂസി ഗോയിനും ബല്‍വന്ത് സിങും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തെ നിരവധി തവണ പരീക്ഷിച്ചു. ഫിനിഷിങിലെ പാകപ്പിഴ ഷോട്ടുകളുടെ കരുത്ത് ചോര്‍ത്തി. ബ്ലാസ്റ്റേഴ്‌സ് വീണ്ടും തിരിച്ചടിച്ചു തുടങ്ങി. 27ാം മിനുട്ടില്‍ ലീഡ് ഉയര്‍ത്തിയെന്ന് തോന്നിച്ച വിനീതിന്റെ ഷോട്ട് അമരീന്ദര്‍ സിങ് കുത്തിയകറ്റി. മുംബൈയ്ക്ക് അനുകൂലമായി അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല.
തിരിച്ചടിച്ച് മുംബൈ
ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റത്തോടെയായിരുന്നു രണ്ടാം പകുതിയുടെ തുടക്കം. 48ാം മിനുട്ടില്‍ സിഫ്‌നിയോസ് നടത്തിയ മുന്നേറ്റം ദേവീന്ദര്‍ സിങ് രക്ഷപ്പെടുത്തി. 77ാം മിനുട്ടില്‍ മുംബൈ സമനില ഗോള്‍ നേടി. എമാന തുടങ്ങിവച്ച നീക്കത്തിനൊടുവില്‍ പന്ത് സാന്റോസിലേക്ക്. വലത് വിങിലൂടെ പന്തുമായി മുന്നേറി സാന്റോസ് അളന്നു മുറിച്ചു ബോക്‌സിലേക്ക് നല്‍കിയ പാസ് ബല്‍വന്ത് സിങിന്റെ കാലുകളിലേക്ക്. പോസ്റ്റിന് തൊട്ടുമുന്നില്‍ പന്ത് ലഭിച്ച ബല്‍വന്തിന് ലക്ഷ്യം പിഴച്ചില്ല. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ താരത്തിന്റെ കാലുകള്‍ക്കിടയിലൂടെ പായിച്ച ഷോട്ട് വലയില്‍ കൃത്യതയോടെ പതിച്ചു.
സ്‌കോര്‍: 1-1. വിജയം തേടി ബ്ലാസ്റ്റേഴ്‌സും മുംബൈയും പോരാട്ടം ശക്തമാക്കിയതോടെ കളി പരുക്കനായി. വിനീത്, റൂയി ഡയസ് എന്നിവര്‍ക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചു. രണ്ട് മഞ്ഞക്കാര്‍ഡ് കിട്ടിയതോടെ വിനീത് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്താക്കപ്പെട്ടു. ഒടുവില്‍ കൊച്ചിയിലെ ഗോള്‍ ദാരിദ്ര്യത്തിന് അറുതി വന്നെങ്കിലും വിജയം മാത്രം ബ്ലാസ്റ്റേഴ്‌സിന് അകലെ അകലെയായി. മൂന്ന് കളികളില്‍ നിന്ന് ബ്ലാസ്റ്റേഴ്‌സിന് മൂന്ന് പോയിന്റും നാല് കളികളില്‍ നിന്ന് മുംബൈയ്ക്ക് നാല് പോയിന്റുമാണ് സമ്പാദ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."