ശ്രീലങ്കക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ ഏഴിന് 536 ഡിക്ല.
ന്യൂഡല്‍ഹി: സമാനതകളില്ലാത്ത ബാറ്റിങ് ഫോമില്‍ കുതിക്കുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ തുടര്‍ച്ചയായ രണ്ടാം ഇരട്ട ശതകത്തിന്റെ (243) കരുത്തില്‍ ഇന്ത്യ ശ്രീലങ്കക്കെതിരായ മൂന്നാം ടെസ്റ്റില്‍ ശക്തമായ നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 536 റണ്‍സെന്ന നിലയിലാണ് ഇന്ത്യ ഒന്നാം ഇന്നിങ്‌സ് അവസാനിപ്പിച്ചത്. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ലങ്ക ഒന്നാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെന്ന നിലയിലാണ്. ഏഴ് വിക്കറ്റുകള്‍ ശേഷിക്കേ ഇന്ത്യയുടെ സ്‌കോറിനൊപ്പമെത്താന്‍ അവര്‍ക്ക് 405 റണ്‍സ് ഇനിയും വേണം.
പ്രതീക്ഷകളുടെ ഭാരം ചുമലിലേറ്റി മുന്‍ നായകന്‍ ആഞ്ചലോ മാത്യൂസ് (57), നായകന്‍ ചാന്‍ഡിമല്‍ (25) എന്നിവരാണ് പുറത്താകാതെ ക്രീസിലുള്ളത്. നേരിട്ട ആദ്യ പന്തില്‍ തന്നെ ഓപണര്‍ കരുണരത്‌നെയെ വിക്കറ്റ് കീപ്പര്‍ സാഹയുടെ കൈകളിലെത്തിച്ച് മുഹമ്മദ് ഷമി ലങ്കയെ തുടക്കത്തില്‍ തന്നെ ഞെട്ടിച്ചു. സ്‌കോര്‍ 14ല്‍ നില്‍ക്കേ ഒറ്റ റണ്ണുമായി ധനഞ്ജയ സില്‍വയും മടങ്ങിയതോടെ ലങ്ക കൂട്ടത്തകര്‍ച്ചയെ നേരിടുമെന്ന് കരുതി. എന്നാല്‍ ഓപണര്‍ പെരേരയ്ക്ക് കൂട്ടായി മാത്യൂസെത്തിയതോടെ ശ്രീലങ്ക പതിയെ മുന്നേറി തുടങ്ങി. മികവിലേക്ക് കുതിക്കുകയായിരുന്ന പെരേരയെ വിക്കറ്റിന് മുന്നില്‍ കുടുക്കി ജഡേജ ഈ കൂട്ടകെട്ട് പൊളിച്ചു. താരം 42 റണ്‍സുമായി മടങ്ങി. പിന്നീട് മാത്യൂസ്- ചാന്‍ഡിമല്‍ സഖ്യം കൂടുതല്‍ നഷ്ടങ്ങളില്ലാതെ രണ്ടാം ദിനം അവസാനിപ്പിക്കുകയായിരുന്നു. ഇന്ന് ഇരുവരുടേയും പരിചയ സമ്പത്തിന്റെ മുകളിലാണ് ലങ്കന്‍ പ്രതീക്ഷകള്‍. ഇന്ത്യക്കായി ഷമി, ഇഷാന്ത് ശര്‍മ, ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ നാല് വിക്കറ്റ് നഷ്ടത്തില്‍ 371 റണ്‍സെന്ന ശക്തമായ സ്‌കോറില്‍ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ ഇന്ത്യ തുടക്കം മുതല്‍ ടോപ് ഗിയറില്‍ കുതിച്ചു. ഒന്നാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ 156 റണ്‍സുമായി വിരാട് കോഹ്‌ലിയും ആറ് റണ്‍സുമായി രോഹിത് ശര്‍മയുമായിരുന്നു ക്രീസില്‍. ഇരുവരും ചേര്‍ന്ന് രണ്ടാം ദിനത്തില്‍ കൂറ്റന്‍ അടികളുമായി കളം നിറഞ്ഞതോടെ സ്‌കോര്‍ ബോര്‍ഡിലേക്ക് റണ്‍സ് പ്രവഹിച്ചു. സ്‌കോര്‍ 500ല്‍ എത്തിയപ്പോള്‍ മാത്രമാണ് ഈ കൂട്ടുകെട്ട് സന്ദര്‍ശകര്‍ക്ക് പൊളിക്കാന്‍ സാധിച്ചത്. രോഹിത് ശര്‍മയെ മടക്കി സന്‍ഡകനാണ് ലങ്കയ്ക്ക് ആശ്വാസം പകര്‍ന്നത്. 102 പന്തുകള്‍ നേരിട്ട് ഏഴ് ഫോറും രണ്ട് സിക്‌സും തൂക്കി രോഹിത് 65 റണ്‍സെടുത്തു. അതിനിടെ കോഹ്‌ലി ടെസ്റ്റിലെ തന്റെ ആറാം ഇരട്ട ശതകം പിന്നിട്ടിരുന്നു. 287 പന്തുകള്‍ നേരിട്ട് 25 ഫോറുകളുടെ അകമ്പടിയോടെ കോഹ്‌ലി 243 റണ്‍സ് കണ്ടെത്തി. ടെസ്റ്റിലെ കോഹ്‌ലിയുടെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറായും ഇതുമാറി. രോഹിതിന് പിന്നാലെയെത്തിയ അശ്വിന്‍ നാല് റണ്‍സുമായി മടങ്ങി. സ്‌കോര്‍ 523 റണ്‍സിലെത്തിയപ്പോള്‍ കോഹ്‌ലിയെ സന്‍ഡകന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. കോഹ്‌ലി മടങ്ങിയ ശേഷം 13 റണ്‍സ് കൂടി ചേര്‍ത്ത് ഇന്ത്യ ഇന്നിങ്‌സ് അവസാനിപ്പിച്ചു. സാഹ (ഒന്‍പത്), ജഡേജ (അഞ്ച്) എന്നിവര്‍ പുറത്താകാതെ നിന്നു. ശ്രീലങ്കക്കായി സന്‍ഡകന്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി. ഗമഗെ രണ്ടും പെരേര ഒരു വിക്കറ്റുമെടുത്തു.
ആറ് ഇരട്ട ശതകങ്ങളുള്ള ഒരേയൊരു നായകന്‍
ബാറ്റെടുത്താല്‍ റണ്‍സും ഒപ്പം റെക്കോര്‍ഡുകളും പ്രവഹിപ്പിക്കുകയെന്ന ശീലം കോഹ്‌ലി മൂന്നാം ടെസ്റ്റിലും ആവര്‍ത്തിച്ചു. കരിയറിലെ ആറാം ഇരട്ട സെഞ്ച്വറി തികച്ച് കോഹ്‌ലി വീണ്ടും റെക്കോര്‍ഡ് ബുക്കില്‍ തിരുത്തലുകള്‍ നടത്തി. ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ ഇരട്ട സെഞ്ച്വറികള്‍ നേടുന്ന ഏക താരമായി കോഹ്‌ലി മാറി. മുന്‍ വിന്‍ഡീസ് നായകനും ബാറ്റിങ് വിസ്മയവുമായ ഇതിഹാസ താരം ബ്രയാന്‍ ലാറയുടെ റെക്കോര്‍ഡാണ് കോഹ്‌ലി പിന്തള്ളിയത്. അഞ്ച് ഡബിള്‍ സെഞ്ച്വറികളുമായി ഇരുവരും റെക്കോര്‍ഡ് പങ്കിടുകയായിരുന്നു. ഇതോടെ ലോക ക്രിക്കറ്റില്‍ നായകനായി ആറ് ഇരട്ട ശതകങ്ങള്‍ കുറിച്ച ഏക താരം ഇനി കോഹ്‌ലി മാത്രം.
ഏറ്റവും കൂടുതല്‍ ഇരട്ട സെഞ്ച്വറികള്‍ നേടുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയിലേക്ക് കോഹ്‌ലിയും കയറി. ആറ് ഡബിളുകളുമായി സച്ചിന്‍ ടെണ്ടുല്‍ക്കറും വിരേന്ദര്‍ സെവാഗുമാണ് ഈ ക്ലബിലുണ്ടായിരുന്ന രണ്ടേ രണ്ട് താരങ്ങള്‍.
മൂന്നാം ഇന്ത്യന്‍ താരമായി കോഹ്‌ലി ഇടം പിടിച്ചു. ഒരു ഇരട്ടയക്കം കൂടി നേടി ഈ റെക്കോര്‍ഡും കോഹ്‌ലി സ്വന്തം പേരിലേക്ക് മാറ്റുമെന്ന് ഉറപ്പാണ്. തുടര്‍ച്ചയായി രണ്ട് ഇരട്ട ശതകങ്ങള്‍ നേടുന്ന ലോകത്തിലെ നാലാമത്തെ താരമായി മാറിയ കോഹ്‌ലി ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."