കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഇന്ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. പാര്‍ട്ടി അധ്യക്ഷ സോണിയഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, പ്രവര്‍ത്തകസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ക്ക് ഒപ്പമെത്തിയായിരിക്കും പത്രിക സമര്‍പ്പിക്കുക. ഇന്ന് വൈകീട്ട് 3 മണിക്കാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയ പരിധി അവസാനിക്കുക.
പത്തൊന്‍പത് വര്‍ഷത്തിന് ശേഷമാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പുതിയ ആളെത്തുന്നത്. അധ്യക്ഷ സ്ഥാനത്തേക്ക് മറ്റാരും മത്സരിക്കാന്‍ ഇല്ലാത്ത നിലവിലെ സാഹചര്യത്തില്‍ രാഹുല്‍ തന്നെയാവും പുതിയ അധ്യക്ഷനാവുക എന്നാണ് വിലയിരുത്തപ്പെടുന്നത്. നാല് സെറ്റ് തെരഞ്ഞെടുപ്പ് പത്രികയാണ് രാഹുല്‍ ഗാന്ധി സമര്‍പ്പിക്കുക എന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. മുതിര്‍ന്ന നേതാക്കളായ സോണിയാ ഗാന്ധി, മന്‍മോഹന്‍ സിംഗ്, ഗുലാം നബി ആസാദ്, എ.കെ ആന്റണി, അഹമ്മദ് പട്ടേല്‍ എന്നിവരും പാര്‍ട്ടിയുടെ മുഖ്യമന്ത്രിമാരും നാമനിര്‍ദേശ പത്രികയെ അംഗീകരിച്ച് ഒപ്പുവെക്കും.
സംസ്ഥാനത്തിന് 90 നാമനിര്‍ദേശ പത്രികാ ഫോമുകളാണ് ഇതുവരെ നല്‍കിയിട്ടുള്ളത്. എന്നാല്‍ അവസാന ദിവസമായ ഞായറാഴ്ച വൈകുന്നേരം വരെ ആരും അധ്യക്ഷ സ്ഥാനത്തേക്കുള്ള നാമനിര്‍ദേശ പത്രികയുമായി മുന്നോട്ട് വന്നിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."