കേരളത്തിലേക്ക് സര്‍വിസ് നടത്തുന്ന തമിഴ്‌നാട് ബസുകള്‍ കാലാവധി കഴിഞ്ഞത്; സാങ്കേതിക പരിശോധന പേരിനു മാത്രം
കട്ടപ്പന: കേരളത്തിലേക്ക് സര്‍വിസ് നടത്തുന്ന തമിഴ്‌നാട് സര്‍ക്കാര്‍ ബസുകള്‍ കണ്ടം ചെയ്യാറായവ. തമിഴ്‌നാട്ടില്‍നിന്നുമെത്തുന്ന സര്‍ക്കാര്‍ ബസുകള്‍ മിക്കതും പഴക്കം ചെന്നതും വേണ്ടത്ര സാങ്കേതിക പരിശോധനകള്‍ക്കു വിധേയമാക്കാത്തവയാണെന്നും ആക്ഷേപം ശക്തമാണ്.
കഴിഞ്ഞദിവസം രാജാക്കാട് മുല്ലക്കാനത്തിനു സമീപം ബ്രേക്ക് നഷ്ടപ്പെട്ട തമിഴ്‌നാട് സര്‍ക്കാര്‍ ബസ് എതിരെവന്ന ഓട്ടോയിലിടിച്ച് ഓട്ടോ ഡ്രൈവര്‍ രാജാക്കാട് മമ്മട്ടിക്കാനം സ്വദേശി ജിജോയ്ക്കു തലയ്ക്കു പരുക്കേറ്റിരുന്നു. മൂന്നാറില്‍നിന്നും തേനിയിലേക്കു സര്‍വിസ് നടത്തിയ ബസാണ് അപകടമുണ്ടാക്കിയത്.
അമിതവേഗത്തിലെത്തിയ ബസിന്റെ ബ്രേക്ക് സംവിധാനം ശരിയായി പ്രവര്‍ത്തിച്ചില്ലെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കൊച്ചി - ധനുഷ്‌കോടി ദേശീയ പാതയില്‍ നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാല്‍ പൂപ്പാറ - മൂന്നാര്‍ റോഡില്‍ ഗതാഗതനിയന്ത്രണം ഉള്ളതിനാല്‍ ഇതുവഴി തിരക്ക് കൂടുതലാണ്.
ദിവസവും പത്തോളം തമിഴ്‌നാട് സര്‍ക്കാര്‍ ബസുകളാണ് ബോഡിമെട്ട് വഴി മാത്രം എത്തുന്നത്. കമ്പംമെട്ട്, കുമളി അതിര്‍ത്തിവഴിയും ഇരുപതിലധികം തമിഴ്‌നാട് സര്‍ക്കാര്‍ ബസുകള്‍ ദിവസവും സര്‍വിസ് നടത്തുന്നുണ്ട്.
ശബരിമല മണ്ഡലകാലം കണക്കിലെടുത്തും തമിഴ്‌നാട് സര്‍ക്കാര്‍ കേരളത്തിലേക്ക് അധിക ബസ് സര്‍വിസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദീര്‍ഘദൂര സര്‍വിസ് നടത്തേണ്ടതായിട്ടും ഈ ബസുകള്‍ മിക്കതും കാലപ്പഴക്കം ചെന്നവയും സാങ്കേതിക തകരാറുകള്‍ ഉള്ളവയുമാണ്. മഴപെയ്താല്‍ ചോര്‍ന്നൊലിക്കുന്ന ബസുകളുമുണ്ട്.
ഇത്തരം ബസുകള്‍ വളവും കുത്തിറക്കങ്ങളും നിറഞ്ഞ ഹൈറേഞ്ചിലെ റോഡുകളില്‍ സഞ്ചരിക്കുന്നത് അപകടസാധ്യത വര്‍ധിപ്പിക്കുന്നു. മുന്‍പും തമിഴ്‌നാട് ബസുകള്‍ ജില്ലയുടെ പലഭാഗത്തും അപകടത്തില്‍ പെട്ടിട്ടുണ്ട്. മതിയായ സാങ്കേതിക പരിശോധന പൂര്‍ത്തിയാക്കി, ഗതാഗതയോഗ്യമായ ബസുകള്‍ മാത്രമെ കേരളത്തിലേക്കു സര്‍വീസ് നടത്താവൂ എന്ന് സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പു പലവട്ടം മുന്നറിയിപ്പു നല്‍കിയിട്ടും തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ അവഗണിക്കുകയാണ്.
ഓരോവര്‍ഷവും സാങ്കേതിക പരിശോധന നടത്തി മാത്രമേ കേരളത്തിലെ സ്വകാര്യ, സര്‍ക്കാര്‍ ബസുകള്‍ സര്‍വിസ് നടത്താന്‍ മോട്ടോര്‍ വാഹനവകുപ്പ് അനുവദിക്കാറുള്ളൂ.
ചെറിയ സാങ്കേതിക പിഴവു പോലും ശ്രദ്ധയില്‍ പെട്ടാല്‍ സര്‍വിസ് അനുമതി നിഷേധിക്കും, അറ്റകുറ്റപ്പണി നടത്തി പുനഃപരിശോധനയ്ക്ക് എത്തിക്കാന്‍ ആവശ്യപ്പെടും. തമിഴ്‌നാട്ടില്‍ പക്ഷേ, മോട്ടോര്‍ വാഹനവകുപ്പ് സര്‍ക്കാര്‍, സ്വകാര്യ ബസുകളില്‍ നടത്തുന്ന സാങ്കേതിക പരിശോധന പേരിനു മാത്രമാണ്. സര്‍ക്കാര്‍ ബസുകള്‍ പരിശോധനകളില്‍ നിന്ന് ഒഴിവാക്കുകയാണു പതിവ്.
ഇതുമൂലം കാലപ്പഴക്കം ചെന്ന ഒട്ടേറെ സര്‍ക്കാര്‍ ബസുകളാണു തമിഴ്‌നാട്ടില്‍ സര്‍വീസ് നടത്തുന്നത്. നിരപ്പായതും അപകടസാധ്യത കുറഞ്ഞതുമായ തമിഴ്‌നാട്ടിലെ റോഡുകളില്‍ ഈ ബസുകള്‍ സര്‍വീസ് നടത്തുന്നതു കൊണ്ട് കുഴപ്പമില്ല.
പക്ഷേ, കുത്തിറക്കങ്ങള്‍ക്കൊപ്പം പൊട്ടിപ്പൊളിഞ്ഞ ഇടുക്കി ജില്ലയിലെ റോഡുകളില്‍ ഈ ബസുകളുടെ യാത്ര അപകടഭീക്ഷണിയുയര്‍ത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."