രാഹുലിന്റെ കിരീടധാരണം ഔറംഗസേബ് രാജിനു തുല്യം- വിമര്‍ശനവുമായി പ്രധാനമന്ത്രി
അഹമദാബാദ്: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടാനിരിക്കെ പരിഹാസമുതിര്‍ത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. രാഹുലിന്റെ കിരീടധാരണം ഔറംഗസേബ് രാജിനു തുല്യമാണെന്ന് അദ്ദേഹം ആരോപിച്ചു. മണിശങ്കര്‍ അയ്യറുടെ വാക്കുകള്‍ കടമെടുത്തായിരുന്നു പ്രധാനന്ത്രിയുടെ ആക്രമണം. ' മുഗള്‍ ഭരണത്തില്‍ എപ്പോഴെങ്കിലും തെരഞ്ഞെടുപ്പ് നടന്നിട്ടുണ്ടോ. ജഹാംഗീറിനു ശേഷം ഷാജഹാന്‍ വന്നു. തെരഞ്ഞെടുപ്പ് നടത്തിയോ?. ഷാജഹാനു ശേഷം ഭരണം ഔറംഗസേബിനുള്ളതാണെന്ന കാര്യത്തില്‍ സംശയമില്ലായിരുന്നു'- മോദി ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് ഒരു കുടുംബ പാര്‍ട്ടിയാണെന്ന് അംഗീകരിച്ചിരിക്കുകയാണ്.എന്നാല്‍ രാജ്യത്തിന് ഈ ഔറംഗസീബ് ഭരണം ആവശ്യമില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഔറംഗസേബ് രാജിന് കോണ്‍ഗ്രസിന് അഭിനന്ദനമറിയിച്ച പ്രധാനമന്ത്രി തങ്ങളെ സംബന്ധിച്ച് രാജ്യത്തെ ജനങ്ങളാണ് വലുതെന്നും 125 കോടി ഇന്ത്യന്‍ ജനതയാണ് തങ്ങളുടെ ഹൈക്കമാന്റെന്നും കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് പാര്‍ട്ടിയല്ലെന്നും ഗോത്രമാണെന്നും അദ്ദേഹം ആരോപിച്ചു. ഗുജറാത്തില്‍ നിന്നുള്ള നേതാക്കളെ ഒരു കാലത്തും കോണ്‍ഗ്രസ് അംഗീകരിച്ചിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അവരെ പാര്‍ട്ടി അവഹേളിച്ചിട്ടേ ഉള്ളൂ. മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയെ ജയിലിലടച്ചവരാണ് കോണ്‍ഗ്രസുകാരെന്നും അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."