ഫ്രീഡം 251 വീണ്ടും തലപൊക്കുന്നു; പലരും ആശയം കോപ്പിയടിച്ചെന്ന് മോഹിത് ഗോയല്‍
വെറും 251 രൂപയ്ക്ക് സ്മാര്‍ട്ട്ഫോണ്‍ ലഭ്യമാക്കുമെന്ന വാഗ്ദാനവുമായി കടന്നുവന്ന റിങ്ങിങ് ബെല്‍ എന്ന കമ്പനിയെ എല്ലാവരും ഓര്‍ക്കുന്നുണ്ടാവുമല്ലോ അല്ലേ.. ഫ്രീഡം 251 എന്ന ഫോണിനു വേണ്ടി പണം നല്കി ബുക്ക് ചെയ്തവര്‍ ഇപ്പോഴും കാത്തിരിക്കുന്നുമുണ്ടാവും. ഫോണ്‍ എന്നെങ്കിലും എത്തുമെന്ന പ്രതീക്ഷയില്‍
ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ ഫോണ്‍ വിപണിയിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് അത് പുറത്തിറക്കാനാകാതെ ജയിലില്‍ പോയ ഫ്രീഡം ഫോണ്‍ ഉടമ മോഹിത് ഗോയലിനെയും നമുക്കാര്‍ക്കും പെട്ടന്ന് മറക്കാന്‍ കഴിയില്ല.
വിവാദമായ ആ സംഭവത്തിന് ശേഷം ഫ്രീഡം 251 സ്മാര്‍ട്ഫോണ്‍ കമ്പനി റിങ്ങിങ് ബെല്‍സ് പ്രൈവറ്റ് ലിമിറ്റഡ് വീണ്ടും തലപൊക്കുകയാണ്. സര്‍ക്കാര്‍ പിന്തുണ ലഭിച്ചാല്‍ തനിക്കിപ്പോഴും ഫ്രീഡം ഫോണ്‍ അടുത്ത ഏപ്രില്‍ മാസത്തോടെ വിപണിയിലെത്തിക്കാമെന്നാണ് ഗോയലിന്റെ പുതിയ അവകാശവാദം.
251 രൂപയ്ക്ക് ഫോണ്‍ നല്‍കുമെന്ന പ്രഖ്യാപനം കേട്ടതോടെ രാജ്യത്തുടനീളം നിരവധി പേരാണ് ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്തത്. ബുക്കിങ് ആരംഭിച്ചയുടനെ കമ്പനിയുടെ വെബ്സൈറ്റ് നിശ്ചലമായിരുന്നു. ബുക്ക് ചെയ്തവര്‍ക്ക് സമയത്തിന് ഹാന്‍ഡ്സെറ്റ് വിതരണം ചെയ്യാന്‍ കമ്പനിയ്ക്കായില്ല. ഇതോടെ ഉടമയെ അറസ്റ്റ് ചെയ്ത് ശിക്ഷിക്കുകയായിരുന്നു.
3.5 കോടി രൂപ നല്‍കിയിട്ടും ഫോണ്‍ നിര്‍മിച്ച് നല്‍കാമെന്നേറ്റവര്‍ തന്നെ ചതിക്കുകയായിരുന്നുവെന്ന് മോഹിത് പറയുന്നു. കുറഞ്ഞ വിലയില്‍ ഇന്ത്യയിലെ എല്ലാ പൗരന്മാര്ക്കും സ്മാര്‍ട്ഫോണ്‍ നല്‍കുക എന്ന ഉദ്ദേശത്തോടെ കേന്ദ്രസര്‍ക്കാര്‍ പദ്ധതികളായ മെയ്ക്ക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട് അപ്പ് ഇന്ത്യ പദ്ധതികളോട് പ്രതിബദ്ധത കാണിച്ചിട്ടും സര്‍ക്കാര്‍ തിരിഞ്ഞു പോലും നോക്കിയില്ലെന്നും ഗോയല്‍ പറഞ്ഞു.
കാര്‍ബണ്‍ പോലുള്ള വന്‍കിട കമ്പനികള്‍ തന്റെ ആശയം അനുകരിച്ച് ഇപ്പോള്‍ 1,300 രൂപയ്ക്ക് വരെ സ്മാര്‍ട്ഫോണ്‍ നല്‍കുന്നുണ്ട്. ജിയോ 1,500 രൂപയ്ക്ക് ഫോണ്‍ നല്കിയതും തന്റെ ആശയം അനുകരിച്ചാണെന്നും ഗോയല്‍ ആരോപിക്കുന്നു. അവരുടെ പോക്കറ്റ് വലുതാണ്. ഇത്ര ചുരുങ്ങിയ ചെലവില്‍ സ്മാര്‍ട്ഫോണ്‍ ഉണ്ടാക്കുന്നതെങ്ങനെയെന്ന് അവരോടാരും ചോദിക്കാത്തതെന്താണ്- ഗോയല്‍ ചോദിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."