പ്രാര്‍ഥനയും മനോവികാരവും
ഏകദേശം പതിനെട്ടു വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു സുഹൃത്ത് മകളോടൊന്നിച്ച് താന്‍ ഉള്‍പ്പെടെയുള്ള ഒരു കൂട്ടം അധ്യാപകര്‍ ഇരിക്കുന്ന ഓഫീസിലെത്തി. അയാള്‍ തുടര്‍ന്നു. പത്ത് മാസം മുമ്പ് വിവാഹിതയായ മകള്‍ ഭര്‍ത്താവിനോടൊന്നിച്ച് ജീവിക്കാന്‍ സന്നദ്ധയല്ല. അതോടൊപ്പം ജീവിതപങ്കാളിയെ സംബന്ധിച്ച് ഒരാക്ഷേപമോ കുറ്റമോ അവള്‍ക്ക് പറയാനുമില്ല. ആവലാതികേട്ട ഞങ്ങള്‍ അയാളുടെ മകളോട് കാര്യങ്ങളന്വേഷിച്ചു. അവള്‍ പറഞ്ഞു -'എനിക്ക് അദ്ദേഹത്തെ സ്‌നേഹിക്കാന്‍ കഴിയുന്നില്ല. കാരണം എന്താണെന്ന് എനിക്കു തന്നെ അറിയില്ല. കഴിയാത്ത കാര്യത്തിന് ആരെയും നിര്‍ബന്ധിക്കാന്‍ പാടില്ലെന്ന് ഖുര്‍ആനിലില്ലേ? അതിനാല്‍ അദ്ദേഹത്തിനോടൊപ്പം കഴിയാന്‍ എന്നെ നിര്‍ബന്ധിക്കുന്നത് ശരിയാണോ?' വിദ്യാ സമ്പന്നയായ മകളുടെ ചോദ്യം ഇങ്ങനെയായിരുന്നു.
'ഭര്‍ത്താവിന് ഇഷ്ടമാണോ?' എന്ന ചോദ്യത്തിന് 'അദ്ദേഹത്തിന് എന്നോട് അതിരറ്റ സ്‌നേഹമാണെന്നും ഞാനുമായി പിരിയുന്നത് സങ്കല്‍പ്പിക്കാനോ സഹിക്കാനോ സാധ്യമല്ലെന്നു'മായിരുന്നു മറുപടി.
പെണ്‍കുട്ടിയുടെ മനസ്സുമാറ്റാന്‍ ശ്രമിച്ചതോടെ ഭര്‍ത്താവിനോട് സ്‌നേഹമുണ്ടാകാന്‍ ആത്മാര്‍ഥമായി പ്രാര്‍ഥിക്കാന്‍ ഞങ്ങള്‍ അവളോട് ആവശ്യപ്പെടുകയും മനസ്സാന്നിധ്യത്തോടെയുള്ള പ്രാര്‍ഥന ഫലം ചെയ്തുവെന്നും ഭര്‍ത്താവ് തനിക്ക് ഏറെ പ്രിയപ്പെട്ടവനായി മാറിയെന്നും ഏറെ കഴിയും മുമ്പെ അവരറിയിച്ചു.
ഇപ്പോള്‍ ആ ദമ്പതികള്‍ക്ക് നാലുകുട്ടികളോടൊന്നിച്ച് സന്തോഷത്തോടെ കഴിയുന്നു. ഒന്നാമത്തെ മകന്‍ എന്‍ജിനീയറിങില്‍ ഉന്നത വിജയം നേടിയിരിക്കുന്നു. രണ്ടാമത്തെയാള്‍ കേരളത്തിലെ ഉന്നത മതപഠനശാലയില്‍ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്നു.
വിശകലനങ്ങളിലൊതുക്കാന്‍ കഴിയാത്ത വിസ്മയകരമായ ഒന്നാണ് മനുഷ്യമനസ്സ്. അതിന്റെ ശക്തി അപാരമാണ്. ദൗര്‍ബല്യവും അങ്ങനെത്തന്നെ. അതാണ് മനുഷ്യജീവിതത്തെ രൂപപ്പെടുത്തുന്നത്. ശരീരം മനസ്സിന്റെ അടിമയും ആജ്ഞാനുവര്‍ത്തിയുമാണ്. മനസ്സ് തീരുമാനിക്കുന്നു. ശരീരം നടപ്പാക്കുന്നു. യുദ്ധവും സന്ധിയുമൊക്കെ പ്രയോഗരംഗത്ത് സംഭവിക്കുന്നതിനു മുമ്പ് രൂപംകൊള്ളുന്നത് മനുഷ്യമനസ്സുകളിലാണെന്ന് മഹാന്‍മാര്‍ രേഖപ്പെടുത്തുന്നു.
ഇന്ന് നമ്മില്‍ ഏറെ പേരുടെയും മനസ്സ് കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെയാണ്. അത് അനിയന്ത്രിതമായി അങ്ങുമിങ്ങും അലഞ്ഞുനടക്കുന്നു. എന്നാല്‍ ബോധപൂര്‍വമായ ശ്രമത്തിലൂടെ ഏവര്‍ക്കും അതിനെ നിയന്ത്രിക്കാം. മനസ്സിന്റെ തീരുമാനങ്ങളെ ക്രമാനുസൃതമാക്കാം. പലര്‍ക്കും നിരന്തരവും തീവ്രവുമായ ശ്രമത്തിലൂടെ മാത്രമേ ഇതിന്ന് സാധ്യമാവുകയുള്ളൂ. എന്നാല്‍, ഈ തീവ്രപരിശ്രമത്തില്‍ ചിലര്‍ പരാജയപ്പെട്ടുപോകുന്നതാണ് കാണുന്നത്.
മാനവ മനസ്സ് പാരാവാരം പോലെയാണ്. അതില്‍ തുടരെത്തുടരെ തലനീട്ടുന്ന വികാരങ്ങള്‍ തിരമാലകള്‍ക്ക് തുല്യമാവും. ഓരോന്നും പോയി മറയുമ്പോള്‍ പുതിയവ പിറവിയെടുക്കുന്നു. അവയിലേറെയും അതിവേഗം അപ്രത്യക്ഷമാകുകയും അപൂര്‍വം ചിലതുമാത്രം അവശേഷിക്കുകയും ചെയ്യുന്നു. വികാരങ്ങളെ വിവേകപൂര്‍വമായി വിചാരണക്ക് വിധേയമാക്കുന്നവര്‍ വളരെ വിരളമാണിന്ന്. അതിനാല്‍ അധികപേരും അവയുടെ അടിമകളായിത്തീരുന്നു.
അവയെ നിയന്ത്രിക്കുകയും അവയുടെ മേല്‍ മേധാവിത്വം പുലര്‍ത്തുകയും ചെയ്യുന്നവര്‍ അപൂര്‍വമാണ്. അതുകൊണ്ടുതന്നെ പലരും വികാരങ്ങളെ വിചാരണക്കു വിധേയമാക്കാതെ അന്ധമായി അംഗീകരിച്ചും അനുസരിച്ചും വാക്കുകളും കര്‍മങ്ങളുമാക്കിമാറ്റുന്നു. ഇത് വന്‍ വിപത്തുകള്‍ക്കും കൊടിയ കെടുതികള്‍ക്കും കാരണമായിത്തീരുന്നു. അത് കുടുംബ ജീവിതത്തെയും സമൂഹഘടനയെയുമൊക്കെ സാരമായി സ്വാധീനിക്കുകയും അഗാധമായി ബാധിക്കുകയും ചെയ്യുന്നു.
അടുത്തവര്‍ അകലുന്നു. അകന്നവര്‍ അടുക്കുന്നു. മിത്രം ശത്രുവാകുന്നു. ശത്രു മിത്രവും. മാത്രമല്ല ചിലര്‍ അധാര്‍മിക പ്രവര്‍ത്തനങ്ങളില്‍ മാത്രം മുഴുകിക്കളയുകയും സന്താനങ്ങളെ ലൈഗികദുരാചാരങ്ങള്‍ക്ക് വിധേയമാക്കുകയും മറ്റു ചിലര്‍ മാതാപിതാക്കളെയും സന്താനങ്ങളെയും മാടുകളെ കൊല ചെയ്യുന്നതുപോലെ കശാപ്പുശാലകളില്‍ വച്ചു അറുകൊല ചെയ്യുകയും ചെയ്യുന്നു.
എല്ലാം അനിയന്ത്രിതമായി പോകുന്നതിന്റെ പ്രധാന കാരണം വഴിതെറ്റിപ്പോകുന്ന മനസ്സാണ്. മനസ്സില്‍ ജന്മമെടുക്കുന്ന വികാരങ്ങളെ അന്ധമായി അനുധാവനം ചെയ്യുമ്പോഴാണ് പലപ്പോഴും ഇത്തരം അപകടകരമായ തീരുമാനങ്ങളുണ്ടാവാറുള്ളത്.
ഏറെ പേര്‍ക്കും ചിന്തിച്ചുറച്ച കാര്യങ്ങള്‍ക്കനുസൃതമായി മനോവികാരങ്ങളെ മാറ്റിയെടുക്കാന്‍ സാധിക്കും. എന്നാല്‍, ചിലര്‍ക്ക് ചിലപ്പോള്‍ അതിന് സാധിച്ചെന്നുവരില്ല. ഈ കുറിപ്പില്‍ പരാമര്‍ശിക്കപ്പെട്ട സഹോദരിയുടെ സ്ഥിതി അതായിരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രാര്‍ഥനകളിലൂടെ മാനസികാവസ്ഥകള്‍ മാറ്റിയെടുക്കാന്‍ സാധിക്കും. വികാരങ്ങളുടെ നിയന്ത്രണത്തിന് മറ്റെന്തിനേക്കാളുമേറെ സാധിക്കുക അതിനാണെന്ന് ശാസ്ത്രം ഇന്ന് കണ്ടെത്തുകയും ചെയ്തിരിക്കുന്നു.
ഒരു വ്യക്തിയെ അലട്ടിക്കൊണ്ടിരിക്കുന്ന സര്‍വപ്രശ്‌നങ്ങളില്‍ നിന്നും തന്റെ മനസ്സും ഇച്ഛയും ഒരേ ബിന്ദുവില്‍ കേന്ദ്രീകരിച്ചുകൊണ്ടുള്ള മനുഷ്യന്റെ നിലവിളിയും മനുഷ്യരെ അലട്ടിക്കൊണ്ടിരിക്കുന്ന മറ്റു ധാരാളം പ്രതിസന്ധികളെയും പ്രയാസങ്ങളെയും മറികടക്കാന്‍ സഹായിക്കുമെന്ന് ഫ്രഞ്ച് മനഃശാസ്ത്ര വിദഗ്ധനായ ഡി.എസ്. ഡബ്ലിയു വെളിപ്പെടുത്തുകയുണ്ടായി.
ഇസ്‌ലാമിന്റെ പ്രാര്‍ഥനയുടെ അകപ്പൊരുള്‍ ഈയൊരു അര്‍ഥത്തില്‍ മാത്രമാണ് നിര്‍വഹിക്കപ്പെടുന്നത്. അതായത് എല്ലാ പ്രശ്‌നങ്ങളും പ്രതിസന്ധികളും പ്രത്യാശകളും ഏകനായ അല്ലാഹുവില്‍ അര്‍പ്പിച്ചുകൊണ്ടുള്ള പ്രാര്‍ഥന മറ്റുള്ളതിനേക്കാള്‍ എല്ലാറ്റിനും പരിഹാരമായി ലോകം കണക്കാക്കിപ്പോരുന്നു.
മനുഷ്യന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നേടാനാണല്ലോ പ്രാര്‍ഥിക്കുന്നത്. ആത്മാര്‍ഥമായി ഇക്കാര്യം നിരന്തരം നിര്‍വഹിക്കുമ്പോള്‍ മനോനില അതിനനുസൃതമായി മാറുന്നു. ദൈവം അതംഗീകരിച്ചാല്‍ അതിവേഗം ഫലസിദ്ധിയുണ്ടാവുകയും ചെയ്യുന്നു. അതോടൊപ്പം ദമ്പതികള്‍ ഒന്നിച്ചിരുന്നും കുടുംബം കൂട്ടായും നടത്തുന്നപ്രാര്‍ഥന അവര്‍ക്കിടയില്‍ വൈകാരികൈക്യവും സ്‌നേഹവും വളര്‍ത്തുകയും ചെയ്യുന്നു. എല്ലാവരും ഒരേ കാര്യത്തിന് ഒരുമിച്ച് പ്രാര്‍ഥിക്കുമ്പോള്‍ അവരുടെയൊക്കെ ലക്ഷ്യം ഒന്നായി മാറുന്നു. മനോവികാരം അതിനനുരൂപമായിത്തീരുന്നു. ഇത് കുടുംബത്തെ ഒരേ ദിശയിലൂടെ മുന്നോട്ടുനീങ്ങാന്‍ സഹായിക്കുന്നു. അങ്ങനെ ബന്ധം എന്നും ഭദ്രമാകുകയും ചെയ്യുന്നു.
ജീവിതത്തിലെ പ്രധാനപ്പെട്ടതും അല്ലാത്തതുമായ ചുവടുവയ്പുകള്‍ക്ക് പ്രാര്‍ഥനയോടെ സമാരംഭം കുറിക്കപ്പെടുകയെന്നത് ഉത്തമകൃത്യമാണ്. വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍, വാഹനയാത്ര ചെയ്യുമ്പോള്‍, ദീര്‍ഘ യാത്രാവേളയില്‍, ആപത്തുകളുടെ വേളയില്‍, ഉറക്കം, പഠനം, ഭോജനം എന്നിങ്ങനെയുള്ള വിവിധങ്ങളായ അവസരങ്ങളില്‍ വൈജാത്യങ്ങളായ പ്രാര്‍ഥനകള്‍ ഇസ്‌ലാമില്‍ ഉണ്ട്.
സ്വകാര്യമായ ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ള പ്രാര്‍ഥനകള്‍ക്കുപുറമെ ഇതരര്‍ക്കുവേണ്ടിയും പ്രാര്‍ഥിക്കുക എന്നതും ഇസ്‌ലാമിക ചര്യയില്‍പ്പെട്ടതാണ്. മാതാപിതാക്കള്‍, സന്താനങ്ങള്‍, കൂട്ടുകാര്‍, പ്രാര്‍ഥനകൊണ്ട് ആവശ്യപ്പെട്ടവര്‍ എന്നിവര്‍ക്കെല്ലാമുള്ള പ്രാര്‍ഥന ഈ ഗണത്തില്‍പ്പെടും. അതോടൊപ്പം നാടിനും നാട്ടുകാര്‍ക്കും വേണ്ടിയും നമുക്ക് പ്രാര്‍ഥിക്കാം.
പ്രാര്‍ഥനക്ക് ഉത്തരം നല്‍കുന്നവന്‍ അല്ലാഹുവാണ്. അവന്റെ മാര്‍ഗത്തില്‍ ജീവിക്കുന്ന ആര് പ്രാര്‍ഥിച്ചാലും സ്ത്രീയായാലും പുരഷനായാലും അവര്‍ക്ക് ഉത്തരം നല്‍കുമെന്ന് സ്രഷ്ടാവ് പറഞ്ഞിരിക്കുന്നു. എങ്കിലും സല്‍ക്കര്‍മങ്ങളെ മുന്‍നിര്‍ത്തിക്കൊണ്ടുള്ള പ്രാര്‍ഥന കൂടുതല്‍ ഫലപ്രദമാണ്. പൂര്‍വ സമുദായത്തില്‍പ്പെട്ട മൂന്ന് ആളുകള്‍ ഗുഹയില്‍ അകപ്പെട്ട ഘട്ടത്തില്‍ അതില്‍നിന്നു രക്ഷ പ്രാപിക്കാന്‍ അവര്‍ തങ്ങളുടെ സല്‍ക്കര്‍മങ്ങള്‍ മുന്‍നിര്‍ത്തി അല്ലാഹുവിനോട് പ്രാര്‍ഥിച്ചതും തദ്ഫലമായി അവര്‍ക്ക് രക്ഷയേകപ്പെട്ടതും ഇതിന് പ്രസ്താവ്യമായ ഉദാഹരണമാണ്.
ഒറ്റക്കും കൂട്ടായുമെല്ലാം പ്രാര്‍ഥിക്കാം. എങ്കിലും വ്യക്തിഗതമായ കാര്യങ്ങള്‍ക്കുള്ള പ്രാര്‍ഥന ഒറ്റക്കും സാമൂഹിക കാര്യങ്ങള്‍ക്കുളളത് കൂട്ടായും നിര്‍വഹിക്കപ്പെടുന്നത് ഉചിതമായിരിക്കും. ഇതേകുറിച്ച് ഖുര്‍ആന്‍ വ്യക്തമാക്കുന്നത് ഇപ്രകാരമാണ്: 'എളിമയിലും രഹസ്യത്തിലും നിങ്ങളുടെ നാഥനെ വിളിക്കുക. നിശ്ചയം പരിധി ലംഘിക്കുന്നവരെ അവന്‍ ഇഷ്ടപ്പെടുന്നതല്ല' .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."