വ്യാജക്കേസില്‍ തകരുന്ന ജീവിതങ്ങള്‍ക്കു വേണ്ടി
'ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്' എന്ന് അനുശാസിക്കുന്ന നീതിന്യായവ്യവസ്ഥയുള്ള രാജ്യമാണു നമ്മുടേത്. എന്നാല്‍, നീതിനിര്‍വഹണത്തില്‍ എവിടെയൊക്കെയോ സംഭവിക്കുന്ന പാളിച്ചകള്‍ കാരണം രാജ്യത്ത് കുറ്റവാളികളില്‍ ചിലര്‍ രക്ഷപ്പെടുന്നതിനോടൊപ്പം നിരവധി നിരപരാധികള്‍ ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയുണ്ടാകുന്നു എന്നതാണ് സത്യം. വ്യക്തമായ അറിവുപോലുമില്ലാത്ത കുറ്റങ്ങളുടെ പേരില്‍ ജീവിതം തടവറകളില്‍ ഹോമിക്കേണ്ടി വന്ന ഹതഭാഗ്യര്‍ ഏറെയുള്ള രാജ്യമാണു നമ്മുടേത്.
രാജീവ്ഗാന്ധി വധം ആസൂത്രണം ചെയ്തുനടപ്പാക്കിയ തമിഴ്പുലികള്‍ക്ക് എന്താവശ്യത്തിനാണെന്ന് അറിയാതെ ബാറ്ററി വാങ്ങിക്കൊടുത്ത കുറ്റത്തിനു കൗമാരവും യൗവനവും തടവറയില്‍ കുരുതികൊടുക്കേണ്ടിവന്ന പേരറിവാളന്‍ നമ്മുടെ നീതിന്യായവ്യവസ്ഥയ്ക്കു മുന്നില്‍ നടുക്കുന്നൊരു ചോദ്യമായി നിലകൊള്ളുകയാണ്. രാജീവ് വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പേരറിവാളന് ആദ്യം വിധിച്ചതു വധശിക്ഷയാണ്. ഏറെ നിയമപ്പോരാട്ടങ്ങള്‍ക്കൊടുവിലാണു കൊലക്കയര്‍ നീങ്ങിക്കിട്ടിയത്.
കൗമാരപ്രായക്കാരനായിരുന്ന പേരറിവാളന്‍ എന്തിനെന്ന് അറിയാതെയാണ് ബാറ്ററി വാങ്ങിക്കൊടുത്തതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടും അത് അന്വേഷണറിപ്പോര്‍ട്ടില്‍ ബോധപൂര്‍വം എഴുതിച്ചേര്‍ക്കാതിരിക്കുകയായിരുന്നു എന്ന് അന്വേഷണ സംഘത്തിലുണ്ടായിരുന്ന മുന്‍ സി.ബി.ഐ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയത് ഏതാനും ദിവസം മുമ്പാണ്. അപ്പോഴേക്കും കാല്‍നൂറ്റാണ്ടിലധികം കാലമാണ് പേരറിവാളനു തടവില്‍ കഴിയേണ്ടി വന്നത്.
കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട അബ്ദുന്നാസര്‍ മഅ്ദനി ഒമ്പതുവര്‍ഷം തടവില്‍ കഴിഞ്ഞശേഷമാണു നിരപരാധിയാണെന്നു കോടതി വിധിക്കുന്നത്. അപ്പോഴേയ്ക്കും ആരോഗ്യം ക്ഷയിച്ച് അവശനായിരുന്നു അദ്ദേഹം. പിന്നീട്, സമാനമായ ദുരൂഹതകളുള്ള ബംഗളൂരു സ്‌ഫോടനക്കേസില്‍ 2010 ല്‍ വിചാരണത്തടവുകാരനായി വീണ്ടും ജയിലിലടയ്ക്കപ്പെട്ടു. ഇന്നും അവിടെ ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.
കുറ്റം ചെയ്യാതെയോ ദീര്‍ഘകാലമായിട്ടും കുറ്റം തെളിയിക്കപ്പെടാതെയോ അകാരണമായി ജയിലില്‍ ജന്മം പാഴാക്കേണ്ടി വന്ന അറിയപ്പെടുന്നവരും അല്ലാത്തവരുമായ മനുഷ്യരുടെ കണക്കെടുത്താല്‍ തീരില്ല. ഭരണകൂടത്തിന്റെയോ നിയമം നടപ്പാക്കുന്ന ഉദ്യോഗസ്ഥരുടെയോ പകയുടെ ഇരകളാണിവര്‍. തങ്ങളുടേതല്ലാത്ത കാരണങ്ങളാല്‍ നഷ്ടപ്പെട്ട ഇവരുടെ ജീവിതം ആര്‍ക്കാണു തിരിച്ചുകൊടുക്കാനാവുക.
ജനാധിപത്യസമൂഹത്തിന് ഒട്ടും ആശാസ്യമല്ലാത്ത ഇത്തരമൊരു സാഹചര്യം രാജ്യത്തു നിലനില്‍ക്കുന്നതുകൊണ്ടു തന്നെ, ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞ ദിവസം ദേശീയ നിയമ കമ്മിഷനു നല്‍കിയ നിര്‍ദേശം ഏറെ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. വ്യാജക്കേസുകളില്‍ പെട്ടു തടവിലാവുകയും പിന്നീട് നിരപരാധിയെന്നു കണ്ടെത്തുകയും ചെയ്യുന്നവര്‍ക്കു നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പുവരുത്തുന്നതിനു നിയമമുണ്ടാക്കുന്നതിനെക്കുറിച്ചു പഠിച്ചു കേന്ദ്രസര്‍ക്കാരിനു ശുപാര്‍ശ സമര്‍പ്പിക്കാനാണു നിര്‍ദേശം.
വ്യാജ കേസുകളുടെ ഇരകളാവേണ്ടി വന്നവര്‍ക്കു മാത്രമല്ല അവരുടെ ബന്ധുക്കള്‍ക്കും നഷ്ടപരിഹാരം ലഭിക്കുന്ന തരത്തിലായിരിക്കണം നിയമമെന്നു കോടതി പ്രത്യേകം പറഞ്ഞിട്ടുണ്ട്. രാജ്യത്തെ നിയമനടത്തിപ്പിലെ ന്യൂനതകളെക്കുറിച്ചു കോടതി നടത്തിയ പരാമര്‍ശങ്ങളും ശ്രദ്ധേയമാണ്.
നഷ്ടപ്പെട്ട ജീവിതത്തിനു നഷ്ടപരിഹാരമായി നല്‍കുന്ന തുകയോ പുനരധിവാസ സൗകര്യങ്ങളോ ഒരുതരത്തിലും പകരമാവില്ല. പണം കൊടുത്തു വാങ്ങാനാവുന്നതല്ല മനുഷ്യജീവിതത്തിന്റെ നല്ല സമയവും സ്വപ്‌നങ്ങളും. എങ്കിലും ചെയ്തുപോകുന്ന മഹാപാതകങ്ങള്‍ക്കു ഭരണകൂടം ചെയ്യുന്ന വളരെ തുച്ഛമായ പ്രായശ്ചിത്തമെന്ന നിലയില്‍ ഈ നഷ്ടപരിഹാര നടപടികള്‍ക്കു പ്രസക്തിയുണ്ട്.
വൈകിയ വേളയില്‍ ഇരയ്ക്കു പ്രയോജനപ്പെട്ടില്ലെങ്കിലും പാഴായ ആ ജന്മത്തിന്റെ ദുരിതം പങ്കുവയ്‌ക്കേണ്ടി വന്ന ബന്ധുക്കള്‍ക്കെങ്കിലും അത് ഉപകാരപ്പെടുമെന്ന് ആശ്വസിക്കാന്‍ വകയുണ്ട്. അതുകൊണ്ട്, കോടതി നിര്‍ദേശം ഗൗരവത്തിലെടുത്ത് അതു നടപ്പില്‍വരുത്താനുള്ള ശ്രമം ആരംഭിക്കാന്‍ ഭരണകൂടം ഒട്ടും വൈകരുത്.
അതോടൊപ്പം നിരപരാധികള്‍ ശിക്ഷിക്കപ്പെടില്ലെന്ന് ഉറപ്പുവരുത്തുന്ന തരത്തില്‍ നിയമങ്ങളില്‍ ആവശ്യമായ അഴിച്ചുപണി നടത്തുന്നതിനെക്കുറിച്ചു ഗൗരവത്തില്‍ ചിന്തിക്കാന്‍ ഭരണകൂടസംവിധാനങ്ങള്‍ക്കും രാജ്യത്തെ രാഷ്ട്രീയകക്ഷികള്‍ക്കും കോടതി നിര്‍ദേശം പ്രേരണയാകേണ്ടതുമുണ്ട്. അതുവഴി അക്ഷരാര്‍ഥത്തില്‍ തന്നെ ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാത്ത നിയമവ്യവസ്ഥയുള്ള രാജ്യമെന്ന നിലയില്‍ ലോകത്തിനു മുന്നില്‍ തലയുയര്‍ത്തി നില്‍ക്കാന്‍ ഇന്ത്യക്കു സാധിക്കും, സാധിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."