ചീഫ് സെക്രട്ടറി നിയമനത്തിലും സി.പി.എം- സി.പി.ഐ ഭിന്നത
കൊല്ലം: പുതിയ ചീഫ് സെക്രട്ടറി യെ നിയമിക്കുന്നതുമായി ബന്ധപ്പെട്ടും സി.പി.എം- സി.പി.ഐ ഭിന്നത. നിലവിലെ ചീഫ് സെക്രട്ടറി കെ.എം എബ്രഹാം ഈമാസം 31ന് വിരമിക്കുന്ന ഒഴിവില്‍ സീനിയോറിറ്റി മറികടന്ന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പോള്‍ ആന്റണിയെ നിയമിക്കാനുള്ള സി.പി.എം നീക്കമാണ് ഭിന്നതക്ക് കാരണമായത്.
സീനിയോറിറ്റി നോക്കിയാല്‍ എബ്രഹാമിന്റെ പിന്‍ഗാമിയായി ആദ്യം പരിഗണിക്കേണ്ടത് കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള അമരേന്ദ്രകുമാറിനെയാണ്. എന്നാല്‍ അദ്ദേഹത്തിന് താല്‍പ്പര്യമില്ലാത്തതിനാല്‍ സ്വാഭാവികമായും പരിഗണിക്കേണ്ടത് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് സെക്രട്ടറി അരുണാ സുന്ദര്‍രാജനെയാണ്. എന്നാല്‍, അരുണക്ക് പകരം മൂന്നാമതുള്ള പോള്‍ ആന്റണിയോടാണ് സി.പി.എമ്മിന് താല്‍പ്പര്യം. ഇ.പി ജയരാജന്‍ ഉള്‍പ്പെട്ട ബന്ധുനിയമനക്കേസില്‍ ആരോപണവിധേയനായിരുന്നു പോള്‍ ആന്റണി. മന്ത്രി പറഞ്ഞിട്ടാണ് താന്‍ ഫയലില്‍ ഒപ്പിട്ടതെന്ന പോള്‍ ആന്റണിയുടെ പരാമര്‍ശം വിവാദമായിരുന്നു. ഇതിനേത്തുടര്‍ന്ന് ഐ.എ.എസ് അസോസിയേഷന്‍ പോള്‍ ആന്റണിയെ പിന്തുണച്ച് രംഗത്തുവന്നിരുന്നു. ജയരാജന് ശേഷം വ്യവസായ മന്ത്രിയായ എ.സി മൊയ്തീനുമായി നല്ലബന്ധം കാത്തുസൂക്ഷിക്കുന്ന പോള്‍ ആന്റണിക്ക് ഉന്നത സി.പി.എം നേതാക്കള്‍ ചീഫ് സെക്രട്ടറി സ്ഥാനം വാഗ്ദാനം നല്‍കിയതായാണ് വിവരം. എന്നാല്‍ സീനിയോറിറ്റി മറികടന്നുള്ള നിയമനം വേണ്ടെന്നും അര്‍ഹത മാനദണ്ഡമാക്കണമെന്നുമാണ് സി.പി.ഐയുടെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."