നാടിന് വെളിച്ചമേകാന്‍ ഇനി സോളാര്പാടവും
പടിഞ്ഞാറത്തറ: രാജ്യത്തെ ഏറ്റവും വലിയ ഒഴുകുന്ന സോളാര്‍പാടം നാടിന് സമര്‍പ്പിച്ചു. വയനാട് പടിഞ്ഞാറത്തറയിലെ ബാണാസുര സാഗറിലാണ് 500 കിലോവാട്ട് പീക്ക് സ്ഥാപിത ശേഷിയുള്ള ഫ്ളോട്ടിങ് സോളാര്‍ നിലയം സ്ഥാപിച്ചത്.
ഫെറോ സിമന്റ് സാങ്കേതികവിദ്യയില്‍ 18 കോണ്‍ക്രീറ്റ് ഫ്ളോട്ടുകളിലാണ് നിലയം സജ്ജീകരിച്ചത്. 1938 സൗരോര്‍ജ പാനലുകളും ട്രാന്‍സ്ഫോമറും 17 ഇന്‍വര്‍ട്ടറുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. നിലയത്തെ യഥാസ്ഥാനത്ത് നിര്‍ത്തുന്നതിന് അത്യാധുനിക ആങ്കറിങ് മെക്കാനിസവും തയാറാക്കിയിട്ടുണ്ട്.
ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി പടിഞ്ഞാറത്തറ സബ്സ്റ്റേഷനിലേക്കാണ് നല്‍കുക. 9.25കോടി രൂപയാണ് പദ്ധതിച്ചെലവ്. ഇവിടെനിന്ന് പ്രതിവര്‍ഷം 6.5 ലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാകുമെന്ന് പദ്ധതിയുടെ രൂപരേഖ തയാറാക്കിയ അജയ് തോമസ്, വി.എം.സുധിന്‍ എന്നിവര്‍ പറയുന്നു. നിലയത്തില്‍ തന്നെ റിമോട്ട് കണ്ട്രോള് സംവിധാനവുമുള്ള 11 കെ.വി സബ്സ്റ്റേഷനും ഇതോടൊപ്പം സ്ഥാപിച്ചിട്ടുണ്ട്.
വെള്ളത്തിനടിയിലൂടെ സ്ഥാപിച്ച കേബിള്‍ വഴിയാണ് വൈദ്യുതി കരയിലെ പവര്ഗ്രിഡിലെത്തിക്കുന്നത്. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഡ്ടെക് സിസ്റ്റംസാണ് സോളാര്‍പാടം നിര്‍മിച്ചത്. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു പാടത്തിന്റെ നിര്‍മാണം ആരംഭിച്ചത്. പാടം വൈദ്യുതിമന്ത്രി എം.എം.മണി ഇന്നലെ നാടിന് സമര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."