ദുരന്ത നിവാരണ അതോറിറ്റി ഉടച്ചുവാര്‍ക്കുന്നു
തിരുവനന്തപുരം: ദുരന്ത നിവാരണ അതോറിറ്റി ഉടച്ചുവാര്‍ക്കാന്‍ തീരുമാനം. ഓഖി ചുഴലിക്കാറ്റ് മുന്നറിയിപ്പ് യഥാസമയം നല്‍കാന്‍ കഴിയാത്തത് ദുരന്ത നിവാരണ അതോറിറ്റിയുടെ വീഴ്ച കാരണമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മറ്റു സംസ്ഥാനങ്ങളിലേതുപോലെ വിദഗ്ധരെ ഉള്‍പ്പെടുത്തി ഉടച്ചുവാര്‍ക്കുന്നത്. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഉടന്‍ നല്‍കാന്‍ മുഖ്യമന്ത്രി ശാസ്ത്ര ഉപദേഷ്ടാവിനോട് ആവശ്യപ്പെട്ടതായാണ് സൂചന.
ആറ് വിദഗ്ധരെ ഉള്‍പ്പെടുത്താനാണ് തീരുമാനം. നിലവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയര്‍മാനും റവന്യൂ മന്ത്രി വൈസ് ചെയര്‍മാനുമായാണ് അതോറിറ്റി പ്രവര്‍ത്തിക്കുന്നത്.
ചീഫ് സെക്രട്ടറി കെ.എം എബ്രഹാം ചീഫ് എക്‌സിക്യുട്ടീവ് ഓഫിസറും കൃഷി മന്ത്രി വി.എസ് സുനില്‍ കുമാര്‍, റവന്യൂ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്‍, ആഭ്യന്തര വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി സുബ്രതാ ബിശ്വാസ് എന്നിവര്‍ അംഗങ്ങളുമാണ്.
ഡോ. ശേഖര്‍ ലൂക്കോസ് കുര്യാക്കോസ് ആണ് മെമ്പര്‍ സെക്രട്ടറി. ഇതുകൂടാതെ അതോറിറ്റിക്ക് കീഴിലുള്ള സ്റ്റേറ്റ് എമര്‍ജന്‍സി ഓപറേഷന്‍ സെന്ററില്‍ പത്തോളം വിദഗ്ധരും പ്രവര്‍ത്തിക്കുന്നുണ്ട്.
ദുരന്തലഘൂകരണം തുടര്‍പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കാന്‍ 25 പ്രധാന വകുപ്പുകളെ ഉള്‍പ്പെടുത്തി വിര്‍ച്വല്‍ കേഡര്‍ രൂപീകരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന് ആവശ്യമായ ഉദ്യോഗസ്ഥരുടെ പേരുകള്‍ 31ന് മുന്‍പ് മെമ്പര്‍ സെക്രട്ടറിക്ക് സമര്‍പ്പിക്കാന്‍ വകുപ്പുമേധാവികള്‍ക്ക് നിര്‍ദേശം നല്‍കി.
കൃഷി, റവന്യൂ, ജലസേചനം (മൈനര്‍), ജലസേചനം (മേജര്‍), വാട്ടര്‍ അതോറിറ്റി, ഭൂജലം, മത്സ്യബന്ധനം, തുറമുഖം, വനം, ആരോഗ്യം, പൊതുവിദ്യാഭ്യാസം, ഹയര്‍ സെക്കന്‍ഡറി, കോളജ് വിദ്യാഭ്യാസം, വ്യവസായം, ടൂറിസം, ഭക്ഷ്യ പൊതുവിതരണം, മൃഗസംരക്ഷണം, ക്ഷീരവികസനം, തുറമുഖം, പൊതുമരാമത്ത്, തദ്ദേശസ്വയംഭരണം, മണ്ണുസംരക്ഷണം, നോര്‍ക്ക, വിവര പൊതുജനസമ്പര്‍ക്കം, ഖനനം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് കേഡര്‍ രൂപീകരിക്കുക.
വകുപ്പുകളില്‍നിന്ന് തെരഞ്ഞെടുക്കുന്ന 15 ഉദ്യോഗസ്ഥര്‍ അടങ്ങുന്നതാണ് വിര്‍ച്വല്‍ കേഡര്‍. എല്ലാ വകുപ്പുകളിലെയും ജില്ലകളില്‍ നിന്ന് ഒരാളും സംസ്ഥാനതലത്തിലെ ഒരു ഉദ്യോഗസ്ഥനുമായിരിക്കും കേഡറിലുണ്ടാകുക.
അടിയന്തര സാഹചര്യങ്ങളില്‍ പ്രവൃത്തിക്കാന്‍ സന്നദ്ധതയുള്ളവരായിരിക്കും ഇവര്‍. കേഡര്‍ അംഗങ്ങള്‍ക്ക് ദുരന്തലഘൂകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പരിശീലനം ദുരന്തനിവാരണ അതോറിറ്റി നല്‍കും. ദുരന്തലഘൂകരണ പദ്ധതി തയാറാക്കാന്‍ ദുരന്തനിവാരണ അതോറിറ്റിയെ സഹായിക്കുകയാണ് കേഡറില്‍ പ്രവര്‍ത്തിക്കുന്നവരുടെ പ്രധാന ചുമതല. അടിയന്തരഘട്ടങ്ങളില്‍ ദുരന്തനിവാരണ അതോറിറ്റിയുടെ കാര്യനിര്‍വഹണ കേന്ദ്രത്തില്‍ ഇവര്‍ പ്രവര്‍ത്തിക്കും. വകുപ്പുമേധാവിയെയും ജില്ലാതലത്തിലെ വിര്‍ച്വല്‍ കേഡര്‍ ഉദ്യോഗസ്ഥരെയും അടിയന്തര കാര്യനിര്‍വഹണകേന്ദ്രത്തിലെ തീരുമാനങ്ങള്‍ അറിയിക്കുക സംസ്ഥാന കേഡറിലുള്ളവരായിരിക്കും.
വകുപ്പിലെ അടിയന്തരഘട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക, വകുപ്പുതല ദുരന്തലഘൂകരണ പദ്ധതിരേഖ തയാറാക്കുക, ദുരന്തനിവാരണ അതോറിറ്റി ഏറ്റെടുക്കുന്ന പദ്ധതികളുടെ നടത്തിപ്പിന് സഹായം നല്‍കുക എന്നിവ സംസ്ഥാനതല കേഡറിലുള്ളവരുടെ ചുമതലയാണ്. ജില്ലാതല ദുരന്തലഘൂകരണ പദ്ധതിരേഖ തയാറാക്കുന്നതിന്റെ ചുമതല ജില്ലാതല കേഡറിലുള്ളവര്‍ക്കാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."