മുല്ലപ്പെരിയാര്‍ പാര്‍ക്കിങ് ഗ്രൗണ്ട്; തല്‍സ്ഥിതി തുടരണമെന്ന് സുപ്രിംകോടതി
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ട് പരിസരത്ത് കേരളം പൂര്‍ത്തിയാക്കാനുദ്ദേശിക്കുന്ന കാര്‍ പാര്‍ക്കിങ് ഗ്രൗണ്ട് നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തല്‍സ്ഥിതി തുടരണമെന്ന് സുപ്രിം കോടതി. കാര്‍പാര്‍ക്കിങ് നിര്‍മാണപ്രവര്‍ത്തനത്തിന് മുന്നോടിയായി നടന്നുവരുന്ന താല്‍ക്കാലിക കാന്റീന്‍, പാര്‍ക്കിങ് ബൂത്ത് എന്നിവയുടെ നിര്‍മാണം തുടരാം.
എന്നാല്‍, സ്ഥിരം പാര്‍ക്കിങ് നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന് ജസ്റ്റിസ് എ.കെ സിക്രി അധ്യക്ഷനായ രണ്ടംഗ സുപ്രിം കോടതി ബെഞ്ച് നിര്‍ദേശിച്ചു.
കേരളത്തിന്റെ കാര്‍ പാര്‍ക്കിങ് നിര്‍മാണം ചോദ്യംചെയ്ത് തമിഴ്‌നാട് നല്‍കിയ ഹരജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. വനംപരിസ്ഥിതമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാല്‍ മാത്രമെ നിര്‍മാണവുമായി മുന്നോട്ടുപോവാന്‍ പാടുള്ളൂ എന്ന് കോടതി അറിയിച്ചു.
ദേശീയഹരിത ട്രൈബ്യൂണലിന്റെ ചെന്നൈ ബെഞ്ചിന്റെ അനുമതിയെത്തുടര്‍ന്നാണ് അണക്കെട്ടിനു സമീപം കേരളം കാര്‍പാര്‍ക്കിങ് ഗ്രൗണ്ട് നിര്‍മിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ പാര്‍ക്കിങ് ഗ്രൗണ്ട് നിര്‍മിച്ചാല്‍ അണക്കെട്ടിലെ ജലനിരപ്പ് കുറയുമെന്നും നിര്‍മാണം തടയണമെന്നും ആവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിക്കുകയായിരുന്നു.
1886ലെ കരാറിന്റെ ലംഘനവും പരിസ്ഥിതിക്ക് കനത്ത ആഘാതം സൃഷ്ടിക്കുന്നതുമാണ് തീരുമാനമെന്നുമാണ് തമിഴ്‌നാടിന്റെ വാദം. ഹരജിയില്‍ കേരളത്തിന്റെ മറുപടി കൂടി അറിഞ്ഞ ശേഷമാണ് കോടതിയുടെ ഉത്തരവ്.
മുല്ലപ്പെരിയാറിലെ നിര്‍ദിഷ്ട കാര്‍ പാര്‍ക്കിങ് മേഖല പാട്ടഭൂമിയിലല്ലെന്ന് കഴിഞ്ഞവര്‍ഷം കേരളം സുപ്രിംകോടതിയെ അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."