കെട്ടിട നിര്‍മാണത്തില്‍ മലപ്പുറത്തിന് ഒന്നാംസ്ഥാനം
മലപ്പുറം: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കെട്ടിട നിര്‍മാണം നടക്കുന്നതു മലപ്പുറം ജില്ലയിലെന്നു സര്‍വേ റിപ്പോര്‍ട്ട്. 2013-14 വര്‍ഷത്തില്‍ മാത്രം 42700 കെട്ടിടങ്ങളാണു ജില്ലയില്‍ പുതുതായി നിര്‍മിച്ചത്. ഏറ്റവും കൂടുതല്‍ കെട്ടിടങ്ങള്‍ നിര്‍മാണം പൂര്‍ത്തീകരിച്ചതു കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിലാണ്. 3877 കെട്ടിടങ്ങളാണ് ഒരു വര്‍ഷത്തിനുള്ളില്‍ ഇവിടെ നിര്‍മിക്കപ്പെട്ടത്. ഏറ്റവും കുറവു പൊന്നാനി ബ്ലോക്ക് പഞ്ചായത്തിലും. 1414 കെട്ടിടങ്ങളാണ് ഇവിടെ നിര്‍മിക്കപ്പെട്ടത്. മലപ്പുറം(2626), അരീക്കോട്(3271), വണ്ടൂര്‍(3863), നിലമ്പൂര്‍(2381), തിരൂര്‍(2204), താനൂര്‍(2741), തിരൂങ്ങാടി(2957), വേങ്ങര(2588), കുറ്റിപ്പുറം(3255), പെരിന്തല്‍മണ്ണ(3746), മങ്കട(2891), പെരുമ്പടപ്പ്(2202), കാളികാവ്(2784) എന്നിങ്ങനെയാണു കണക്കുകള്‍.
സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചു സാമ്പത്തിക സ്ഥിതിവിവര കണക്കു വകുപ്പു നടത്തിയ സര്‍വേ റിപ്പോര്‍ട്ടിലാണു മലപ്പുറം ജില്ലയില്‍ ക്രമാതീതമായി വര്‍ധിക്കുന്ന കെട്ടിടങ്ങളുടെ കണക്കു വ്യക്തമായത്. 2013-14 വര്‍ഷത്തില്‍ ജില്ലയില്‍ നിര്‍മിക്കപ്പെട്ട 42700 കെട്ടിടങ്ങളില്‍ 31946 എണ്ണം താമസിക്കാനാണു നിര്‍മിച്ചത്. 262 എണ്ണം വ്യവസായിക ആവശ്യത്തിനും 7911 എണ്ണം വാണിജ്യാവശ്യത്തിനും 342 എണ്ണം സ്ഥാപനാവശ്യാര്‍ഥവും നിര്‍മിക്കപ്പെട്ടതാണ്. ഏറ്റവും കൂടുതല്‍ കെട്ടിടം നിര്‍മിക്കപ്പെട്ടതു വണ്ടൂര്‍ ഗ്രാമപഞ്ചായത്തിലാണ്. 2013-14 വര്‍ഷത്തില്‍ 935 കെട്ടിടങ്ങളാണു വണ്ടൂരില്‍ നിര്‍മിച്ചത്. കൂട്ടുകുടുംബത്തില്‍ നിന്നും അണുകുടുംബത്തിലേക്കുള്ള മാറ്റമാണു വാസഗൃഹങ്ങളുടെ എണ്ണം വര്‍ധിക്കുവാനുള്ള കാരണമായി പറയപ്പെടുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ജില്ലയായതിനാല്‍ കുടുംബങ്ങളുടെ എണ്ണം വര്‍ധിക്കുന്നതും കെട്ടിടങ്ങളുടെ എണ്ണം കൂടുവാന്‍ കാരണമാവുന്നുണ്ട്.
കെട്ടിടനിര്‍മാണത്തിനുപയോഗിക്കുന്ന വസ്തുക്കളുടെ കാര്യത്തിലും മാറ്റമുണ്ടായിട്ടുണ്ട്. പാരമ്പര്യമായി ഉപയോഗിച്ചുപോന്നിരുന്ന നിര്‍മാണ വസ്തുക്കള്‍ക്കു പകരം അത്യാധുനിക നിര്‍മാണ വസ്തുക്കള്‍ ഇടം പിടിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. 2005 മുതല്‍ 2009 വരെയുള്ള കാലയളവില്‍ കെട്ടിടനിര്‍മാണം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ചു കുറവായിരുന്നു. എന്നാല്‍ 2010 മുതല്‍ ഈ രീതിക്കു മാറ്റമുണ്ടായി. 2009-2010 വര്‍ഷത്തില്‍ ഒമ്പതു ശതമാനവും 2010-11ല്‍ എട്ടു ശതമാനവും 2011-12ല്‍ ആറു ശതമാനവും 2012-13 ല്‍ നാലു ശതമാനവും വര്‍ധിച്ചു. കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ സാന്ദ്രത വലിയ തോതില്‍ വര്‍ധിച്ചപ്പോള്‍ ഓടു മേഞ്ഞ കെട്ടിടങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞതായും സര്‍വേയില്‍ കണ്ടെത്തി. 4.2 ശതമാനം മാത്രമാണ് ഓടു മേഞ്ഞ കെട്ടിടങ്ങളുള്ളത്. 85.1 ശതമാനം കോണ്‍ക്രീറ്റ് കെട്ടിടങ്ങളാണ്. 1.93 ശതമാനം ഓല മേഞ്ഞതും 8.77 ശതമാനം മറ്റു വസ്തുക്കള്‍ ഉപയോഗിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."