ബ്രെക്‌സിറ്റ് ചര്‍ച്ച ആരംഭിച്ചു; സമവായത്തിനു സാധ്യത
ബ്രസല്‍സ്: യൂറോപ്യന്‍ യൂനിയനില്‍നിന്നു പിന്‍വാങ്ങാന്‍ തീരുമാനിച്ചുള്ള ബ്രിട്ടന്റെ ബ്രെക്‌സിറ്റിനുമേലുള്ള ചര്‍ച്ച ആരംഭിച്ചു. ബ്രിട്ടന്‍, യൂറോപ്യന്‍ യൂനിയന്‍ പ്രതിനിധികള്‍ പങ്കെടുക്കുന്ന ചര്‍ച്ചയുടെ ആദ്യ ഘട്ടത്തില്‍ സമവായങ്ങള്‍ക്കു സാധ്യതയുള്ളതായാണ് വിവരം. നേരത്തെയും ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും തീരുമാനത്തിലെത്തിയിരുന്നില്ല.
പത്തു ദിവസത്തോളം നടക്കുന്ന ചര്‍ച്ചയുടെ അവസാനത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും പങ്കെടുക്കുമെന്നാണ് വിവരം. ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്ന് അറിയിച്ച യൂറോപ്യന്‍ യൂനിയന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക്, ഉത്തര അയര്‍ലന്‍ഡിന്റെ വിഷയത്തില്‍ തീരുമാനത്തിലെത്തിയതായും പറഞ്ഞു. അയര്‍ലന്‍ഡ് യൂറോപ്യന്‍ യൂനിയനില്‍ തുടരുന്നതോടെ ബ്രിട്ടന്റെ നിയന്ത്രണത്തിലുള്ള ഉത്തര അയര്‍ലന്‍ഡും റിപബ്ലിക് ഓഫ് അയര്‍ലന്‍ഡും തമ്മിലുള്ള അതിര്‍ത്തി അടക്കാന്‍ ബ്രിട്ടന്‍ തീരുമാനിച്ചിരുന്നു. പുതിയ ചര്‍ച്ചകളില്‍ ഈ തീരുമാനത്തില്‍നിന്നു ബ്രിട്ടന്‍ പിന്‍വാങ്ങിയെന്നാണ് വിവരം.
ഈ പ്രവിശ്യയുടെ കാര്യത്തെ പ്രത്യേകമായി എടുക്കാമെന്നും അവര്‍ യൂറോപ്യന്‍ യൂനിയനില്‍ തുടരട്ടെയെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ സമ്മതിച്ചതായും റിപ്പോര്‍ട്ടുണ്ട്.
നഷ്ടപരിഹാരത്തിലും അതിര്‍ത്തിതര്‍ക്കത്തിലും ഉടക്കിനിന്നിരുന്ന ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ വേഗത്തിലാക്കാന്‍ ബ്രിട്ടന്‍ വിട്ടുവീഴ്ചയ്ക്ക് തയാറായിരിക്കുകയാണ്. നഷ്ടപരിഹാരമായി നല്‍കേണ്ട തുക സംബന്ധിച്ച തര്‍ക്കമാണ് ചര്‍ച്ചകള്‍ക്കു തടസമായിരുന്നത്. തുടര്‍ന്ന് ആദ്യം മുന്നോട്ടുവച്ച തുകയുടെ ഇരട്ടിയിലേറെ വാഗ്ദാനം ചെയ്തു ബ്രിട്ടന്‍ വിട്ടുവീഴ്ചയ്ക്കു തയാറാകുകയായിരുന്നു.
ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നു ബ്രെക്‌സിറ്റ് ചീഫ് നെഗോഷ്യേറ്റര്‍ മിഷേല്‍ ഗാര്‍ണിയര്‍ പ്രതികരിച്ചു. യൂറോപ്യന്‍ യൂനിയനുമായി സുഗമമായ വ്യാപാര ബന്ധങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുള്ള കരാറാണ് ബ്രിട്ടന്‍ ലക്ഷ്യമിടുന്നത്. എന്നാല്‍, ഇതിനു യൂനിയന്‍ മൂന്ന് ഉപാധികള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്.
നഷ്ടപരിഹാരത്തുക, ബ്രിട്ടനില്‍ നിലവിലുള്ള യൂറോപ്യന്‍ പൗരന്മാരുടെ അവകാശങ്ങള്‍, ഉത്തര അയര്‍ലന്‍ഡ് അതിര്‍ത്തിയിലെ നിയന്ത്രണങ്ങള്‍ എന്നിവയാണ് ചര്‍ച്ചാ വിഷയങ്ങള്‍. റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡും ബ്രിട്ടന്റെ ഭാഗമായ ഉത്തര അയര്‍ലന്‍ഡും തമ്മിലുള്ള അതിര്‍ത്തി പൂര്‍ണമായും അടക്കുന്നതിനോട് യൂറോപ്യന്‍ യൂനിയനു യോജിപ്പില്ല. ഈ വിഷയത്തിലാണ് ഇപ്പോള്‍ സമവായമായതായി റിപ്പോര്‍ട്ടുള്ളത്.
കഴിഞ്ഞ വര്‍ഷമാണ് യൂറോപ്യന്‍ യൂനിയന്‍ വിടാന്‍ ഹിതപരിശോധനയിലൂടെ ബ്രിട്ടന്‍ തീരുമാനിച്ചിരുന്നത്. 2019 മാര്‍ച്ചിലാണ് ഇതു നടപ്പാകുക. അതേസമയം, ബ്രെക്‌സിറ്റ് ഹിതപരിശോധനാ സമയത്തു നല്‍കിയിരുന്ന വാഗ്ദാനങ്ങളില്‍ ചിലതു ശരിയല്ലെന്നു വെളിപ്പെട്ടിരിക്കുകയാണെന്നും അതിനാല്‍ വിഷയത്തില്‍ വീണ്ടും ഹിതപരിശോധന നടത്തണമെന്നും ആവശ്യപ്പെട്ട് മുന്‍ ബ്രിട്ടന്‍ പ്രധാനമന്ത്രി ടോണി ബ്ലയര്‍ രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."