മല്യയുടെ വിചാരണ ആരംഭിച്ചു; സി.ബി.ഐ സംഘം ലണ്ടനില്‍
ലണ്ടന്‍: വിവാദ വ്യവസായി വിജയ് മല്യയുടെ വിചാരണാ നടപടികളില്‍ പങ്കെടുക്കുന്നതിനായി നാലംഗ സി.ബി.ഐ സംഘം ലണ്ടനിലെത്തി. വിവിധ ബാങ്കുകളില്‍ നിന്നായി 9,000 കോടി രൂപ വായ്പയെടുത്ത ശേഷം രാജ്യംവിട്ട മല്യയുടെ വിചാരണ ബ്രിട്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ആരംഭിച്ചിട്ടുണ്ട്.
എട്ടു ദിവസം നീളുന്ന വിചാരണ ഇന്നലെ മുതലാണ് ആരംഭിച്ചത്. ഇതില്‍ പങ്കെടുക്കുന്നതിനാണ് സി.ബി.ഐ പ്രതിനിധികള്‍ ലണ്ടനിലെത്തിയത്. മല്യയെ ഇന്ത്യയ്ക്കു കൈമാറണമെന്നു ലണ്ടന്‍ കോടതിയില്‍ ഇന്ത്യയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകന് ആവശ്യപ്പെട്ടിട്ടുണ്ട്.
ഒരു രാജ്യത്തു കുറ്റകൃത്യം ചെയ്ത പ്രതിയെ ആ രാജ്യത്തേക്കു വിട്ടുനല്‍കുന്നതിനുള്ള വിചാരണയാണിത്. തനിക്കെതിരായ ആരോപണങ്ങള്‍ വ്യാജമാണെന്നാണ് മല്യയുടെ അവകാശവാദം.
എന്നാല്‍, മല്യയുടെ വിചാരണയ്ക്കിടെ കോടതി നടപടികള്‍ അല്പസമയത്തേക്കു തടസ്സപ്പെടുകയും ചെയ്തു. കോടതിമുറിക്കുള്ളിലെ സുരക്ഷാ മുന്നറിയിപ്പ് അലാറം മുഴങ്ങിയതിനെ തുടര്‍ന്നായിരുന്നു ഇത്. പിന്നീട് വിചാരണ പുനരാരംഭിച്ചു.
മല്യയെ കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്കായി വിട്ടുനല്‍കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. 2016 മാര്‍ച്ച് മുതല്‍ ലണ്ടനില്‍ കഴിയുന്ന 61 കാരനായ മല്യയെ ഇന്ത്യയിലെ കുറ്റകൃത്യങ്ങളുടെ പേരില്‍ സ്കോട്ട്ലാന്‍ഡ് യാര്‍ഡ് പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."