അമേരിക്ക-ദക്ഷിണകൊറിയ സംയുക്ത സൈനികാഭ്യാസം വീണ്ടും
സിയോള്‍: ഉത്തരകൊറിയയില്‍നിന്നു ബാലിസ്റ്റിക് മിസൈല്‍ ഭീഷണി നിലനില്‍ക്കെ വീണ്ടും സംയുക്ത സൈനികാഭ്യാസവുമായി അമേരിക്കയും ദക്ഷിണകൊറിയയും. ഇന്നലെ നടന്ന സൈനികാഭ്യാസത്തില്‍ നൂറുകണക്കിനു പോര്‍വിമാനങ്ങളും ആയിരക്കണക്കിനു സൈനികരുമാണ് അണിനിരന്നത്.
കഴിഞ്ഞയാഴ്ച ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണവുമായി ഉത്തരകൊറിയ രംഗത്തെത്തിയിരുന്നു. അമേരിക്കന്‍ നഗരങ്ങളെയടക്കം വരുതിയിലാക്കാന്‍ ശേഷിയുള്ളവയാണ് ഇവയെന്നായിരുന്നു ഉത്തരകൊറിയയുടെ അവകാശവാദം. ഇതിനു പിന്നാലെയാണ് വീണ്ടും സൈനികാഭ്യാസവുമായി അമേരിക്കയും ദക്ഷിണ കൊറിയയും രംഗത്തെത്തിയിരിക്കുന്നത്.
പുതിയ സൈനികാഭ്യാസം അഞ്ചു ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്നതാണ്. ഇതില്‍ വലിയ സാങ്കേതികവിദ്യകളുള്ളവയടക്കം 230 പോര്‍വിമാനങ്ങളാണുള്ളത്. 12,000 അമേരിക്കന്‍ സൈനികരും സൈനികാഭ്യാസത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇതാദ്യമായാണ് ഇത്തരത്തില്‍ വലിയ സന്നാഹങ്ങളോടുകൂടിയ സൈനികാഭ്യാസം നടക്കുന്നത്.
ആണവായുധ വിഷയത്തില്‍ അമേരിക്കയും ഉത്തകൊറിയയും തമ്മില്‍ വാക്‌പോര് തുടരുന്ന സാഹചര്യത്തിലാണ് സൈനികാഭ്യാസമെന്നതും ശ്രദ്ധേയമാണ്. ഇതു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്നതാണെങ്കിലും ഇത്രയേറെ സംവിധാനങ്ങളുമായി ഇതാദ്യമാണ്.
എന്നാല്‍, മേഖലയിലെ സംഘര്‍ഷങ്ങള്‍ക്കു ചൂടുപിടിപ്പിച്ച് ആണവാക്രമണം ഇരന്നുവാങ്ങുകയാണ് അമേരിക്ക ചെയ്യുന്നതെന്ന് ഉത്തരകൊറിയ മുന്നറിയിപ്പ് നല്‍കി.
ദക്ഷിണ കൊറിയയുമായി ചേര്‍ന്ന് അമേരിക്ക നടത്തുന്ന അഞ്ചു ദിവസത്തെ സൈനികാഭ്യാസ വാര്‍ത്തയോടു പ്രതികരിക്കവേ ഉത്തരകൊറിയന്‍ വിദേശകാര്യ മന്ത്രാലയ വക്താവാണ് ഇക്കാര്യം പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."