വിഴിഞ്ഞം തൂത്തൂര്‍ തീരത്തോടടുത്ത് ഒരു ബോട്ട് കണ്ടെത്തി
കൊല്ലം: വിഴിഞ്ഞം തൂത്തൂര്‍ തീരത്തോടടുത്ത് 'ബിനോയ്മോന്‍' എന്ന് ബോട്ട് കണ്ടെത്തി. ഇതിലെ തൊഴിലാളികളെ നേരത്തേതന്നെ സുരക്ഷിതരായി കരയിലെത്തിച്ചിരുന്നു.
ബോട്ട് തിരികെയെത്തിക്കാന്‍ കൊല്ലത്തുനിന്നും ഫിഷറീസ് വകുപ്പിന്റെ രണ്ടു ബോട്ടുകള്‍ കടലിറങ്ങി. ഇതിനിടെ മല്‍സ്യത്തൊഴിലാളികള്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ കടലില്‍ പോകരുതെന്ന് ഫിഷറീസ് വകുപ്പ് മുന്നറിയിപ്പ് നല്കി.
മണിക്കൂറില്‍ 68 കീ.മീ മുകളില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ട്. നിലവില്‍ ശാന്തമായി കാണപ്പെടുന്ന കടല്‍ ഏതുനിമിഷവും പ്രക്ഷുബ്ദമായേക്കുമെന്നതിനാല് മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകാതെ സഹകരിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി.ടി സുരേഷ്കുമാര്‍ അറിയിച്ചു.
ഇതുസംബന്ധിച്ച് അഴീക്കല്‍ മുതല്‍ കൊല്ലംവരെ ഉച്ചഭാഷിണി അറിയിപ്പും ഫിഷറീസ് വകുപ്പ് നല്‍കുന്നുണ്ട്. പ്രകൃതിക്ഷോഭത്തില്‍ ദുരിതമനുഭവിക്കുന്ന മല്‍സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യറേഷന് വിതരണം നടന്നുവരുന്നു.
തീരദേശത്തെ എല്ലാ റേഷന്‍കടകളും വഴിയാണ് വിതരണം. റേഷന്‍കാര്‍ഡും മല്‍സ്യത്തൊഴിലാളി ക്ഷേമനിധി കാര്‍ഡുമുള്ളവര്‍ക്ക് റേഷന്‍ ലഭിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
കഴിഞ്ഞദിവസം രാത്രിയില്‍ നീണ്ടകരയില്‍ കടലാക്രമണം ശക്തമായതിനെ തുടര്‍ന്ന് ഇരുപതു കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചിരുന്നു. ഹാര്‍ബറിന് സമീപത്തെ മുസലിയാര്‍ റോഡിലേക്ക് തിരമാലകള്‍ കയറിയതിനെ തുടര്‍ന്നാണ് സമീപവാസികളായ നൂറോളംപേരെ അര്‍ധരാത്രിയില്‍ത്തന്നെ നീണ്ടകര സെന്റ് ആഗ്നസ് സ്കൂളിലേക്ക് മാറ്റിയത്. ഇന്നു രാവിലെ എല്ലാവരും വീടുകളില്‍ തിരികെയെത്തി. രാത്രിതന്നെ കരുനാഗപ്പള്ളി തഹസീല്‍ദാര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."