HOME
DETAILS

യമന്‍: യാതനയുടെ എരിതീയില്‍

  
backup
December 06 2017 | 01:12 AM

yemen-current-status-spm-today-articles

പാമ്പുകള്‍ക്കു മുകളില്‍ നൃത്തം ചെയ്യുന്നതിനു സമാനമാണു യമന്‍ ഭരിക്കലെന്നു വിശേഷിപ്പിച്ചത് മുന്‍ യമന്‍ പ്രസിഡന്റ് അലി അബ്ദുല്ലാഹ് സാലിഹ് ആയിരുന്നു. അലി അബ്ദുല്ലാഹ് സാലിഹിന്റെ നാടകീയമായ കൊലപാതകം യമന്‍ യുദ്ധത്തെ വീണ്ടും ലോകശ്രദ്ധയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്.
ഇക്കഴിഞ്ഞ ദിവസമാണ് അലി അബ്ദുല്ലാഹ് സാലിഹ് സഊദിയുമായി ഒരു സംവാദത്തിനു സാധ്യതയുണ്ടെന്നും ഉപരോധങ്ങള്‍ പിന്‍വലിച്ചാല്‍ ചര്‍ച്ച നടത്താമെന്നും പ്രസ്താവനയിറക്കിയത്. പ്രസ്താവന വന്നുയടനെ സാലിഹ് അട്ടിമറിക്കുള്ള ശ്രമമാണു നടത്തുന്നതെന്നു പറഞ്ഞ ഹൂതികള്‍ ഇപ്പോള്‍ വളരെ ആസൂത്രിതമായി അദ്ദേഹത്തെ കൊലപ്പെടുത്തുകയും ചെയ്തിരിക്കുന്നു.
മൂന്നു ദശകത്തോളം യമന്‍ ഭരിക്കുകയും നിലവിലെ യുദ്ധത്തിന്റെ തുടക്കം മുതല്‍ പരമ പ്രധാനമായ പങ്കു വഹിക്കുകയും ചെയ്ത പ്രസിഡന്റിന്റെ വധം യമന്‍ യുദ്ധത്തിന്റെ ഭാവി തന്നെ മാറ്റിമറിക്കാന്‍ സാധ്യതയുണ്ട്. അത്യന്തം പരിണതികള്‍ ഉണ്ടാക്കിയേക്കാവുന്ന കൊലപാതകമാണു ഹൂതികള്‍ നടത്തിയിരിക്കുന്നത്.
അലി അല്‍ സാലിഹിന്റെ പട്ടാളമാണു യുദ്ധത്തിന്റെ തുടക്കം മുതല്‍ ഹൂതികളെ സഹായിക്കുന്നത്. സഊദി നയിക്കുന്ന ഗള്‍ഫ് സഖ്യസേനയുമായി സംവാദത്തിന്റെ പുതിയ അധ്യായം ആരംഭിക്കുമെന്ന പ്രസ്താവന മാത്രമല്ല അലി അബ്ദുല്ലാ അല്‍ സാലിഹിന്റെ കൊലപാതകത്തിലേയ്ക്കു നയിച്ചിരിക്കുന്നത്. രാഷ്ട്രീയവും വിഭാഗീയവുമായി കെട്ടിമറിഞ്ഞു കിടക്കുന്ന ഒട്ടേറെ കാരണങ്ങളുമുണ്ട്.
2004ല്‍ അലി അല്‍ സാലിഹ് ഭരിക്കുമ്പോഴാണ് ഹൂതികളുടെ സ്ഥാപകനേതാവായ ബദറുദ്ദീന്‍ അല്‍ഹൂതി കൊല്ലപ്പെടുന്നത്. എന്നാല്‍, ഹൂതികളുമായുള്ള ചങ്ങാത്തത്തില്‍ വന്ന വിള്ളല്‍ തന്നെയാണു പ്രധാനമായും മുന്‍ പ്രസിഡന്റിന്റെ ദാരുണമായ അന്ത്യത്തിലേക്ക് യമന്‍ പ്രതിസന്ധിയെ കൊണ്ടെത്തിച്ചിരിക്കുന്നത്. യമനിലെ ന്യൂനപക്ഷമായ സൈദി ഹൂതികളുടെ ഷിയാ പക്ഷവും ഗള്‍ഫ് സഖ്യസേനയുടെ സുന്നിപക്ഷവും തമ്മിലാണു യുദ്ധം നടക്കുന്നത്.
യമനില്‍ യുദ്ധം ആരംഭിച്ചിട്ടു രണ്ടുവര്‍ഷവും ഒമ്പതുമാസവും കഴിഞ്ഞിരിക്കുന്നു. ഇന്നും യുദ്ധത്തിന് അറുതിയില്ല. ഇക്കഴിഞ്ഞ നവംബര്‍ മാസം മുതല്‍ സഊദിയും ഗള്‍ഫ് സഖ്യസേനയും പുതിയ ഉപരോധങ്ങള്‍ കൊണ്ടുവന്നതിനാല്‍ യുദ്ധം കൂടുതല്‍ സങ്കീര്‍ണമാവുകയും ശക്തിപ്രാപിക്കുകയുമായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ മനുഷ്യദുരന്തത്തിന്റെ നേര്‍മുഖത്താണു യമന്‍ ജനത ജീവിക്കുന്നത്.
യുദ്ധത്തിന്റെ വറുതിയില്‍ നരകജീവിതമനുഭവിക്കുന്നവരുടെ അവസ്ഥ അത്യന്തം ദയനീയമാണ്. ഇരുഭാഗത്തിനും ആയുധങ്ങളും ആശയങ്ങളും നല്‍കി വന്‍കിട ശക്തികള്‍ എരിതീയില്‍ എണ്ണയൊഴിക്കുന്നതല്ലാതെ യുദ്ധമവസാനിപ്പിക്കാനുള്ള ശ്രമങ്ങളൊന്നും മുന്നോട്ടുവയ്ക്കുന്നില്ല. ഒരു രാജ്യത്തെ മുഴുവന്‍ ജനതയും യുദ്ധത്തിന്റെയും വറുതിയുടെയും വിഷപ്പുകയില്‍ എരിഞ്ഞൊടുങ്ങി ഇല്ലാതാവുകയാണ്.
ഒരു കാലത്ത് ലോകത്തിലെ ഏറ്റവും സുന്ദരമായ രാജ്യമെന്നു പേരുകേട്ടിരുന്ന യമന്‍ ഇന്നൊരു മഹാദുരന്തത്തിന്റെ പിടിയിലമര്‍ന്നു കഴിഞ്ഞിരിക്കുന്നു. 2011 ലെ മുല്ലപ്പൂ വിപ്ലവകാലത്ത് അബ്ദുല്ലാ സാലിഹിനെ പടിയിറക്കണമെന്നാഗ്രഹിച്ചാണു യമന്‍ ജനത തെരുവിലിറങ്ങിയത്. എന്നാല്‍, മറ്റു രാജ്യങ്ങളേക്കാള്‍ ദരിദ്രരായ ജനതയ്ക്കു പിടിച്ചുനില്‍ക്കാനായില്ല. 2012 ല്‍ അബ്ദുറബ്ബ് മന്‍സൂര്‍ ഹാദി ഭരണമേറ്റടുത്തെങ്കിലും രാജ്യത്തിന്റെ അവസ്ഥയില്‍ മാറ്റമുണ്ടായില്ല.
യമനി പൗരസമൂഹം തെരുവിലിറങ്ങിയും വലിയ പ്രതിഷേധറാലികള്‍ നടത്തിയും പൊതുവഴികള്‍ തടഞ്ഞും സമരം തുടര്‍ന്നു. സര്‍ക്കാരിനെ താഴെയിറക്കാന്‍വേണ്ടി തെരുവിലിറങ്ങിയവര്‍ തമ്മില്‍ത്തല്ലുന്ന നാണക്കേടിലേക്കും ചേരിതിരിഞ്ഞ കലാപത്തിനും പിന്നീടതു വഴിമാറി.
സ്വേച്ചാധിപതിയായ ഭരണാധികാരിയെ ഇറക്കി രാജ്യത്തു സ്ഥിരത കൊണ്ടുവരാന്‍ തുടങ്ങിയ സമരം കലാപത്തിലേയ്‌ക്കെത്തിക്കുന്നതില്‍ ചില രാഷ്ട്രീയകക്ഷികള്‍ക്കു പങ്കുണ്ടായിരുന്നു. തെരുവിലൊടുങ്ങേണ്ട കലാപങ്ങള്‍ രാജ്യത്തെതന്നെ ഇല്ലായ്മ ചെയ്യുന്ന ഘട്ടത്തിലെത്തി. ദുര്‍ഭരണമവസാനിപ്പിക്കാന്‍ മോഹിച്ച ജനത സ്വയം ദുരിതത്തിലേയ്ക്കു വഴുതിവീണു. കൊടിയ തൊഴിലില്ലായ്മ നിലനിന്ന രാജ്യം കൂടുതല്‍ സങ്കീര്‍ണമായ പ്രശ്‌നങ്ങളില്‍ അകപ്പെട്ടു.
2014 ആകുമ്പോഴേക്കും ന്യൂനപക്ഷമായ ഹൂതികള്‍ക്ക് രാജ്യം മുഴുവന്‍ കൈപ്പിടിയിലൊതുക്കണമെന്ന മോഹമുദിച്ചു. അതിനുവേണ്ട കരുക്കള്‍ നീക്കുകയും ചെയ്തു. 2015 ജനുവരിയില്‍ മന്‍സൂര്‍ ഹാദി രാജിവയ്ക്കണമെന്നു ഹൂതികള്‍ വാദിക്കുകയും അദ്ദേഹത്തെ നിര്‍ബന്ധിച്ചു രാജിവയ്പ്പിക്കുകയും ചെയ്തു. ഒരു മാസത്തിനു ശേഷം അദ്ദേഹം രാജി പിന്‍വലിച്ചു തലസ്ഥാനത്തു തിരിച്ചെത്തി.
എന്നാല്‍, ഹൂതികള്‍ പ്രതിരോധം ശക്തമാക്കി. തലസ്ഥാനമായ സന്‍ആ വളയുകയും രാജ്യം തങ്ങളുടെ കീഴിലായതായി പ്രഖ്യാപിക്കുകയും ചെയ്തു. ശീഈ സംഘടനയായ സൈദികള്‍ കൂടിയായ ഹൂതികള്‍ക്ക് ഇതിന് ഇറാന്റെ നിര്‍ലോഭമായ സഹായവുമുണ്ടായിരുന്നു.
2015 മാര്‍ച്ചില്‍ മന്‍സൂര്‍ ഹാദി സഊദിയില്‍ അഭയം തേടി. ഭൂരിപക്ഷം സുന്നികളുള്ള രാജ്യത്ത് ഇറാന്‍ ഇടപെടലുകളിലൂടെ ശീഈ ന്യൂനപക്ഷം ജനദ്രോഹ നടപടികളുമായി മുന്നോട്ടുവന്നത് അയല്‍രാജ്യമായ സൗഊദിയെ വല്ലാതെ ചൊടിപ്പിച്ചു.
2015 മാര്‍ച്ചില്‍ ഹൂതികളുമായി സഊദി അറേബ്യയുടെ നേതൃത്വത്തില്‍ ഗള്‍ഫിലെ എട്ടു രാജ്യങ്ങളടങ്ങിയ ഗള്‍ഫ് സഖ്യസേന യുദ്ധം പ്രഖ്യാപിച്ചു. സുന്നി ശീഈ വിഭാഗീയതയുടെ കനലുകള്‍ കത്തിയെരിയുന്ന യുദ്ധം കൂടിയാണു യമനില്‍ നടക്കുന്നത്. ഇന്നും പരിഹാരമില്ലാത്ത പോര്‍ക്കളമായി യമന്‍ മാറിക്കഴിഞ്ഞു. യാതനയുടെ ഇരുണ്ട പുകപടലങ്ങളില്‍ വെളിച്ചം നിഷിദ്ധമാക്കപ്പെട്ടു കഴിയുകയാണു യമനിലെ പൗരസമൂഹം. യുദ്ധത്തിന്റെ കനല്‍പ്പടര്‍പ്പില്‍ ഒരു തലമുറതന്നെ കത്തിയമരുകയാണ്.
വൈകല്യം ബാധിച്ച കുഞ്ഞുങ്ങളുടെ ഒരു തലമുറയാണിന്നു യമനില്‍ ജീവിക്കുന്നത്. 27 ദശലക്ഷം ജനസംഖ്യയുള്ള യമന്‍ ജനതയെ രൂക്ഷമായ ഭക്ഷ്യക്ഷാമം വിഴുങ്ങിക്കഴിഞ്ഞു. കോളറ പടര്‍ന്നു പിടിച്ചു ദിവസേനയെന്നോണം കൂട്ടമരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ചു 17 ദശലക്ഷം പേര്‍ക്കെങ്കിലും കോളറ പിടിപെട്ടിരിക്കുന്നു. രണ്ടരലക്ഷം സ്ത്രീകള്‍ സ്ത്രീസംബന്ധമായ രോഗങ്ങളുടെ പിടിയിലമര്‍ന്നിരിക്കുന്നു.
രണ്ടരവര്‍ഷത്തിനിടെ പതിനായിരത്തിലധികം പേര്‍ക്കെങ്കിലും ജീവഹാനി സംഭവിച്ചു. അതില്‍ 60 ശതമാനത്തോളമെങ്കിലും പൊതുജനമാണ്. മൂന്നുലക്ഷം പേരെങ്കിലും നാടും വീടുമുപേക്ഷിച്ച് എന്നന്നേയ്ക്കുമായി യമന്‍ വിട്ടോടി. സഊദിയുടെ നേതൃത്വത്തിലാരംഭിച്ച യുദ്ധത്തിന്റെ ബാക്കിപത്രമെന്തെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന അറിയിക്കുന്നത് ഇങ്ങനെയൊക്കെയാണ്.
പോഷകാഹാരക്കുറവു മൂലം കഷ്ടപ്പെടുന്ന സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും കണക്കുകള്‍ വേറെയുമുണ്ട്. കുടിക്കാന്‍ വെള്ളം ലഭിക്കാതെ മലിനജലം കുടിക്കുന്ന ദൈന്യതനിറഞ്ഞ കാഴ്ചകള്‍ ലോകത്തൊരു ശക്തിയെയും അലട്ടുന്നില്ല. ദിനചര്യകള്‍ കഴിഞ്ഞു കഴുകാന്‍ ഒരു തുള്ളി വെള്ളം ലഭിക്കാതെ നരകിക്കുകയാണു സാധാരണജനങ്ങള്‍. ഇരുപത്തഞ്ചുലക്ഷത്തോളം വീടുകളെങ്കിലും നഷ്ടപ്പെട്ടുവെന്നാണു ചില കണക്കുകള്‍ പറയുന്നത്. വീടു നഷ്ടപ്പെട്ട പതിനായിരങ്ങള്‍ പെരുവഴിയിലും ടെന്റുകളിലും അന്തിയുറങ്ങുന്നു.
പശിയടക്കാന്‍ ആരോ എറിഞ്ഞുകൊടുക്കുന്ന റൊട്ടിക്കഷണം തികയാതെ പട്ടിണിയുമായി സന്ധിയാവുന്ന ഒരു ജനതയുടെ ഹൃദയഭേദകമായ കാഴ്ചകളുടെ ശേഷിപ്പാണിപ്പോള്‍ യമന്‍. ഇരുപതു ദശലക്ഷം ആളുകള്‍ക്കെങ്കിലും അടിയന്തരസഹായം ആവശ്യമാണെന്നും ഇവിടെ ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യപ്രതിസന്ധിയും അടിയന്തരാവസ്ഥയുമാണുള്ളതെന്നും യു.എന്നിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഗള്‍ഫ്‌സഖ്യസേനയ്ക്കു പ്രത്യേകം യുദ്ധതന്ത്രമോ അതിലുള്ള നൈപുണ്യമോ ഇല്ലാത്തതിനാലാകാം വിജയിക്കാനുള്ള കൃത്യമായ അജന്‍ഡകള്‍ ഇനിയുമുണ്ടായിട്ടില്ല. റഷ്യയും ഇറാനും പിന്തുണക്കുന്ന ഹൂതികളാകട്ടെ യുദ്ധത്തില്‍നിന്നു പിന്മാറുന്ന ലക്ഷണമില്ല. ജനങ്ങളെ കൂടുതല്‍ പട്ടിണിയിലേക്കു നയിക്കുന്ന ഉപരോധവും യുദ്ധതന്ത്രങ്ങളും ദരിദ്രരായ ഈ അറബ് രാജ്യത്തിന് ഇനിയും സഹിക്കാന്‍ കഴിയില്ലെന്നുറപ്പാണ്.
അമേരിക്കയും ബ്രിട്ടനുമാണ് ഗള്‍ഫ്‌സഖ്യത്തിന്റെ നാവികസേനയ്ക്ക് യുദ്ധത്തിനാവശ്യമായ ആയുധം നല്‍കുന്നത്. അമേരിക്കന്‍ ഏജന്‍സിയാണു വ്യോമഗതാഗതത്തിനാവശ്യമായ ഇന്ധനം നിറച്ചുകൊടുക്കുന്നത്. മറുഭാഗത്തു ഹൂതികള്‍ക്കാവശ്യമായ യുദ്ധസാമഗ്രികള്‍ റഷ്യയും ഇറാനുമൊക്കെയാണു നല്‍കുന്നത്. രാജ്യത്തെ നരകസമാനമാക്കിയ യുദ്ധം അവസാനിക്കണമെങ്കില്‍ ആയുധങ്ങള്‍ നല്‍കുന്നതു നിര്‍ത്തിയേ മതിയാകൂ. ലോകരാജ്യങ്ങള്‍ യമനുനേരേ കണ്ണടയ്ക്കുകയാണെന്ന് ഐക്യരാഷ്ട്രസഭ പലവുരു പറഞ്ഞിട്ടും ആരും തിരിഞ്ഞുനോക്കിയില്ല.
റിയാദ് അന്താരാഷ്ട്രവിമാനത്താവളത്തിനു നേരേ ഹൂതികള്‍ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലാണു കഴിഞ്ഞ മാസം സഊദിയെ പുതിയ ഉപരോധങ്ങള്‍ക്കു നിര്‍ബന്ധിതമാക്കിയത്. ഇനിയും ആയിരങ്ങള്‍ മരിക്കാതിരിക്കാന്‍ വടക്കന്‍ യമനിലെ എല്ലാ ഉപരോധങ്ങളും നീക്കണമെന്ന് ഐക്യരാഷ്ട്ര സഭ താക്കീതു നല്‍കിയതിന്റെ ഫലമായി നവംബര്‍ അവസാനവാരം ഹൊദൈദ തുറമുഖം, സന്‍ആ വിമാനത്താവളം എന്നിവിടങ്ങളില്‍നിന്ന് ഉപരോധങ്ങള്‍ നീക്കാന്‍ ഗള്‍ഫ്‌സഖ്യസേന നിര്‍ബന്ധിതരായി. ഉപരോധം നീങ്ങിയതിന്റെ ഗുണഫലങ്ങള്‍ സാധാരണജനങ്ങള്‍ക്കു ലഭ്യമായി തുടങ്ങിയിട്ടില്ല.
സഊദി നയിക്കുന്ന ഗള്‍ഫ്‌സഖ്യസേനയെ സംബന്ധിച്ചു യുദ്ധം വിജയിക്കുകയെന്നത് അഭിമാന പ്രശ്‌നമാണ്്, ഹൂതികള്‍ക്ക് നിലനില്‍പ്പിന്റേതും. മിഡില്‍ ഈസ്റ്റില്‍ തങ്ങളുടെ ഭാഗധേയം നിര്‍ണയിക്കുന്ന യുദ്ധമാണെന്നതിനാല്‍ ജയിക്കാനാവശ്യമായതെല്ലാം ചെയ്യുമെന്ന് സഊദി നേരത്തേ അറിയിച്ചിരുന്നു.
സഊദിയിലെ മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലുള്ള പുതിയ രാഷ്ട്രീയ മാറ്റം യമനിലെ ശക്തിപ്രകടനം ഇറാനെതിരായ വിജയം കൂടിയാകുമെന്നാണു കരുതുന്നത്. യുദ്ധം ജയിക്കുന്നതോടെ സഊദി ഈ മേഖലയിലെ വന്‍ശക്തിയാകുമെന്നു നന്നായിട്ടറിയാവുന്ന ഇറാന്‍ ഹൂതികളെ സഹായിക്കാനുള്ള ശ്രമത്തിലാണ്.
ബാഹ്യശക്തികള്‍ തമ്മിലുള്ള വടംവലിയില്‍ ഒരു അറബ് രാജ്യം ഇല്ലാതാകുന്ന അവസ്ഥയാണു വന്നിരിക്കുന്നത്. അന്താരാഷ്ട്ര ശക്തികളും അറബ്‌രാജ്യങ്ങളും ഇനിയും കണ്ണുതുറക്കാതിരുന്നാല്‍ ഒരു ജനത യുദ്ധാവശിഷ്ടം മാത്രമായേക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  a month ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  a month ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  a month ago
No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  a month ago
No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  a month ago
No Image

വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് വിലങ്ങുമായി ഓടി; കുഴികുത്തി ഷീറ്റിട്ട് മൂടി, ചാടിപ്പോയ പ്രതിയെ പിടികൂടിയത് 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍

Kerala
  •  a month ago
No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  a month ago
No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  a month ago
No Image

എം.ഡി.എം.എയും കഞ്ചാവുമായി നടനും സുഹൃത്തും പിടിയില്‍ 

Kerala
  •  a month ago
No Image

സന്ദീപ് വാര്യര്‍ പാണക്കാട്ട്; സ്വീകരിച്ച് മുസ്‌ലിം ലീഗ് നേതാക്കള്‍

Kerala
  •  a month ago