വഞ്ചനയുടെ കാല്‍നൂറ്റാണ്ട്
സ്വതന്ത്ര ജനാധിപത്യ, മതേതര രാഷ്ട്രമായ ഇന്ത്യയിലെ നീതിന്യായ, മതേതര സംവിധാനങ്ങളില്‍ വിശ്വസിച്ച ഏറ്റവും വലിയ മതന്യൂനപക്ഷം വഞ്ചിക്കപ്പെട്ടതിന്റെ വാര്‍ഷികമാണ് ഡിസംബര്‍ ആറ്.
1992 ഡിസംബര്‍ ആറിനു ഞായറാഴ്ച സന്ധ്യാനേരത്ത് അയോധ്യയില്‍ ഹിന്ദുത്വവര്‍ഗീയവാദികളുടെ ആക്രമണത്തില്‍ തകര്‍ന്നുവീണതു 1528 മുതല്‍ ന്യൂനപക്ഷങ്ങള്‍ പ്രാര്‍ഥനനടത്തിവന്ന പള്ളി മാത്രമല്ല. ഇന്ത്യയിലെ ന്യൂനപക്ഷം അതുവരെ വോട്ടുചെയ്ത രാജ്യത്തെ ഏറ്റവും വലിയ മതേതര രാഷ്ട്രീയപ്രസ്ഥാനമായ കോണ്‍ഗ്രസ്സിലും ഇവിടത്തെ രാഷ്ട്രസംവിധാനത്തിലും അവര്‍ക്കുള്ള വ ിശ്വാസം കൂടിയാണു തകര്‍ന്നടിഞ്ഞത്.
പള്ളി തകര്‍ക്കുന്ന ദിവസം മുന്‍കൂട്ടി പ്രഖ്യാപിച്ച ഹിന്ദുത്വശക്തികള്‍ അയോധ്യയില്‍ തമ്പടിച്ചപ്പോള്‍ ഇന്ത്യയുടെ സര്‍വസംവിധാനങ്ങളും വര്‍ഗീയവാദികള്‍ക്കു മുന്നില്‍ നിശ്ചലമായി. ഇങ്ങനെ നിശ്ചലമാക്കിയതിനു രാജ്യം പിന്നീട് കനത്ത വിലയാണു നല്‍കിയത്.
സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രം 92 ഡിസംബര്‍ ആറിനു മുമ്പും ശേഷവും എന്ന വിധത്തില്‍ മാറിമറിയുകയും ചെയ്തു.
ഹിന്ദുവിനെയും മുസ്‌ലിമിനെയും മതത്തിന്റെ പേരില്‍ തമ്മിലടിപ്പിച്ചു ഭരിക്കുകയെന്ന ബ്രിട്ടീഷ് കൊളോണിയല്‍ തന്ത്രം അനുവര്‍ത്തിച്ച സംഘ്പരിവാര രാഷ്ട്രീയത്തിന്റെ നിര്‍ണായക ചുവടുവയ്പ്പു കൂടിയായിരുന്നു ബാബരി മസ്ജിദ് തകര്‍ച്ച. പള്ളി സംരക്ഷിക്കുമെന്നു രാജ്യത്തിന് ഉറപ്പുകൊടുക്കുകയും അതു ചെയ്യാതിരിക്കുകയും ചെയ്ത കോണ്‍ഗ്രസ് പിന്നീട് രാജ്യത്തെ മുഖ്യപ്രതിപക്ഷകക്ഷിയാവാന്‍ പോലും ശേഷിയില്ലാത്തത്ര ഉണങ്ങിമെലിഞ്ഞു.
പള്ളിയുടെ പേരില്‍ വര്‍ഗീയത ആളിക്കത്തിച്ച ഹിന്ദുത്വഫാസിസത്തിന്റെ രാഷ്ട്രീയരൂപമായ ബി.ജെ.പി ഇപ്പോള്‍ കേന്ദ്രത്തിലും പള്ളിനിലനിന്ന സ്ഥലമുള്‍പ്പെടുന്ന ഉത്തര്‍പ്രദേശിലും മൃഗീയഭൂരിപക്ഷത്തോടെ ഭരണത്തിലാണ്.
തകര്‍ക്കപ്പെട്ട സ്ഥാനത്തു പള്ളിപുനര്‍നിര്‍മിക്കുമെന്ന കോണ്‍ഗ്രസ് വാഗ്ദാനം നിറവേറ്റപ്പെട്ടില്ല. 92നു ശേഷം ഇന്ത്യയിലുണ്ടായ വിവിധ കലാപങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും പ്രത്യക്ഷമായോ പരോക്ഷമായോ ബാബരി മസ്ജിദിന്റെ തകര്‍ച്ചയുമായി ഏതെങ്കിലും നിലയ്ക്കു ബന്ധമുണ്ടാവുകയും ചെയ്തു.
പള്ളി തകര്‍ത്ത കേസിലെയും അതിനു ശേഷമുണ്ടായ സാമുദായിക കലാപത്തിന്റെയും ന്യൂനപക്ഷവേട്ടയുടെയും പ്രതികള്‍ ശിക്ഷിക്കപ്പെട്ടില്ല.
എന്നുമാത്രമല്ല, ബാബരി മസ്ജിദ് കേസിലെ പ്രധാനപ്രതികള്‍ പില്‍ക്കാലത്ത് കേന്ദ്രമന്ത്രിയും എം.പിയും ഉപപ്രധാനമന്ത്രിയുമാകുന്നത് ഉള്‍ക്കിടിലത്തോടെയാണു മതേതരവിശ്വാസികള്‍ നോക്കിക്കണ്ടത്. പള്ളി തകര്‍ത്ത കേസില്‍ ഗൂഢാലോചനക്കുറ്റംചുമത്തപ്പെട്ട ഉമാഭാരതി ഇപ്പോഴും മോദിമന്ത്രിസഭയില്‍ അംഗമാണ്.
രാഷ്ട്രപിതാവിനെ വെടിവച്ചുകൊന്നശേഷം ഹിന്ദുത്വശക്തികള്‍ നടത്തിയ ഏറ്റവും വലിയ ഭീകരാക്രമണമായ ബാബരി കേസിലെ വിധി മറ്റൊരു വിചിത്രസംഭവമായി. ബാബരി മസ്ജിദ് നിലനിന്ന ഭൂമി മൂന്നായി വീതിച്ചാണ് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നോ ബെഞ്ച് വിധിപുറപ്പെടുവിച്ചത്. അതുവരെ മുസ്‌ലിംകള്‍ കൈവശം വച്ച ഭൂമി മൂന്നായി വിഭജിക്കാനുള്ള ഉത്തരവു ചോദ്യംചെയ്ത് സുന്നി വഖ്ഫ് ബോര്‍ഡ് നല്‍കിയ ഹരജികളില്‍ വാദം കേട്ടുവരുന്നതിനിടെയാണു ബാബരി മസ്ജിദ് തകര്‍ച്ചയുടെ 25ാം വാര്‍ഷികദിനാചരണം വന്നെത്തുന്നത്. പള്ളി തകര്‍ത്ത സ്ഥാനത്തു രാമക്ഷേത്രം നിര്‍മിക്കുമെന്നു പ്രഖ്യാപിച്ചു തെരഞ്ഞെടുപ്പു നേരിട്ട പാര്‍ട്ടിയാണ് ഇന്നു കേന്ദ്രത്തിലും ഉത്തര്‍പ്രദേശിലും അധികാരത്തിലുള്ളത്.
രാഷ്ട്രപതിയും പ്രധാനമന്ത്രിയുമെല്ലാം അംഗമായ ആര്‍.എസ്.എസ്സും അവരുടെ പോഷകസംഘടനകളും രാമക്ഷേത്രനിര്‍മാണം ഓര്‍മിപ്പിച്ചു നടത്തുന്ന വര്‍ഗീയ പ്രസ്താവനകള്‍കൊണ്ടു രാജ്യത്തെ സാമൂഹികാന്തരീക്ഷം മുഖരിതമാണ്. ഒപ്പം, ശീഇ വിഭാഗത്തിന്റെ സഹായത്തോടെ പള്ളിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമങ്ങളും സംഘ്പരിവാരം നടത്തുന്നുണ്ട്. ഇങ്ങനെ ആശങ്കയും ഭീതിയും അരക്ഷിതാവസ്ഥയും ന്യൂനപക്ഷമനസ്സുകളില്‍ കോറിയിട്ടാണ് ഓരോ ഡിസംബര്‍ ആറും കടന്നുപോവുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."