എ.ഐ.വൈ.എഫ് നേതാവിനെ മതതീവ്രവാദിയാക്കി പൊലിസ്
തൃശൂര്‍: ജന്മഭൂമി റിപ്പോര്‍ട്ട് തെളിവായി ഉയര്‍ത്തിക്കാട്ടി എ.ഐ.വൈ.എഫ് ചേര്‍പ്പ് മണ്ഡലം പ്രസിഡന്റിനെ ക്രിമിനലും മതതീവ്രവാദിയുമാക്കി പൊലിസ് റിപ്പോര്‍ട്ട് നല്‍കിയതായി പരാതി. മാതൃഭൂമി പത്രത്തെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പോസ്റ്റു ചെയ്തതിന്റെ പേരില്‍ അറസ്റ്റിലായ എട്ടുമുന കരിപ്പാംകുളം വീട്ടില്‍ ഷിഹാബിനെതിരേയാണ് ഇങ്ങനെ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
തൃശൂര്‍ സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റിനു മുന്‍പാകെ ചേര്‍പ്പ് എസ്.ഐയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഒരു പത്രം ആരംഭിക്കുന്നതിനു ഷിഹാബ്, മജിസ്‌ട്രേറ്റിന് മുന്‍പാകെ നല്‍കിയ അപേക്ഷയില്‍ നടത്തിയ അന്വേഷണത്തിലാണ് ഈ റിപ്പോര്‍ട്ട് നല്‍കിയതെന്നാണ് പരാതി. ഷിഹാബ് ക്രിമിനല്‍ കുറ്റവാസനയുള്ള ആളാണെന്നും ഇയാളുടെ അപേക്ഷ പരിഗണിക്കുന്നപക്ഷം പ്രസ്തുത മാധ്യമം വഴി വര്‍ഗീയത, മതതീവ്രവാദം വളര്‍ത്തുന്നവിധം വാര്‍ത്തകളും തെറ്റിധാരണ ജനിപ്പിക്കുന്ന വാര്‍ത്തകളും പ്രചരിപ്പിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
റിപ്പോര്‍ട്ടിനൊപ്പം ഷിഹാബിനെതിരേ ഒക്ടോബര്‍ 22ന് ജന്മഭൂമി പത്രം പ്രസിദ്ധീകരിച്ച 'പകല്‍ കമ്മ്യൂണിസം; രാത്രിയില്‍ മതതീവ്രവാദം, ലക്ഷ്യമിടുന്നത് വര്‍ഗീയ കലാപം' എന്ന തലക്കെട്ടിലുള്ള റിപ്പോര്‍ട്ടിന്റെ കോപ്പിയും സ്റ്റാംപ് ചെയ്തു നല്‍കിയിട്ടുണ്ട്. ഷിഹാബിനെതിരേ കോഴിക്കോട് ടൗണ്‍ പൊലിസ് സ്റ്റേഷനിലും വലപ്പാട് സ്റ്റേഷനിലുമായി രണ്ടു കേസുകളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ ഈ കേസുകളൊന്നും ക്രിമിനല്‍ കുറ്റകൃത്യവുമായി ബന്ധപ്പെട്ടതല്ലെന്നാണ് ഷിഹാബ് പറയുന്നത്. തൃപ്രയാറില്‍ വാഹനാപകടത്തില്‍ വിദ്യാര്‍ഥി മരിച്ചതിനെ തുടര്‍ന്ന് എ.ഐ.വൈ.എഫ് നടത്തിയ റോഡ് ഉപരോധവുമായി ബന്ധപ്പെട്ട് വലപ്പാട് പൊലിസ് രജിസ്റ്റര്‍ ചെയ്തതാണ് ഒരു കേസ്. സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് മറ്റൊരു കേസ്. വസ്തുത ഇതായിരിക്കെയാണ് പൊലിസ് തന്നെ ക്രിമിനലായും മതതീവ്രവാദിയായും ചിത്രീകരിച്ച് റിപ്പോര്‍ട്ട് നല്‍കിയതെന്നും ഷിഹാബ് ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."