ചരമവാര്‍ത്ത നല്കി അപ്രത്യക്ഷനായ തളിപ്പറമ്പ് സ്വദേശി പിടിയില്‍
കോട്ടയം: സ്വന്തം ചരമവാര്‍ത്തയും പരസ്യവും നല്‍കിയശേഷം അപ്രത്യക്ഷനായ തളിപ്പറമ്പ് കുറ്റിക്കോലിലെ ജോസഫ് മേലുകുന്നേല്‍ (75) പൊലിസ് വലയിലായി.
ഇന്നലെ പുലര്‍ച്ചെ രണ്ടോടെ തിരുനക്കര ക്ഷേത്രത്തിന് സമീപത്തെ ഹോട്ടലില്‍ നിന്നാണ് ജോസഫിനെ പിടികൂടിയത്. ഇയാളെ തളിപ്പറമ്പിലേക്ക് കൊണ്ടുപോകുന്നതിനായി മകളും മരുമകനും മകനും ഉള്‍പ്പെടെയുള്ളവര്‍ ഇന്നലെ കോട്ടയത്തെത്തി. ഇന്ന് തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കും.
മക്കള്‍ പരിഗണന നല്‍കുന്നില്ലെന്ന കാരണത്താലാണ് വീട് വിട്ടതെന്ന് ജോസഫ് പൊലിസിനോട് പറഞ്ഞു. ജീവനൊടുക്കുകയായിരുന്നു ലക്ഷ്യം. അത് ജനിച്ച് വളര്‍ന്ന കോട്ടയത്താകണമെന്നും തീരുമാനിച്ചിരുന്നു. അതിനായാണ് ഇവിടെ എത്തിയത്. കടുത്തുരുത്തിയിലുള്ള ബന്ധുക്കളെ കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ വാര്‍ത്ത എല്ലാവരും അറിഞ്ഞതോടെ പോയില്ല. പൊലിസ് പിടികൂടിയത് നാട്ടിലറിഞ്ഞാല്‍ നാണക്കേടാകുമെന്നും തിരിച്ച് നാട്ടിലേയ്ക്ക് പോകാന്‍ താല്പര്യമില്ലെന്നും ഇയാള്‍ പൊലിസിനോട് പറഞ്ഞതായാണ് വിവരം.
വ്യാഴാഴ്ചയാണ് ജോസഫ് പയ്യന്നൂര്‍ സെന്‍ട്രല്‍ ബസാറിലെ ടൂറിസ്റ്റ് ഹോമില്‍ നിന്ന് അപ്രത്യക്ഷനായത്. അതിനുശേഷമാണ് ചരമ വാര്‍ത്ത നല്‍കിയത്. വ്യാഴാഴ്ച മുങ്ങിയ ജോസഫ് തിങ്കളാഴ്ച കോട്ടയത്തെ പ്രാഥമിക സഹകരണ കാര്‍ഷിക വികസന ബാങ്കില്‍ എത്തിയിരുന്നു.
ജീവനക്കാര്‍ക്ക് സംശയം തോന്നിയതു മനസിലാക്കി അവിടെ നിന്ന് മുങ്ങി. അരമണിക്കൂറിലധികം അവിടെ ചെലവഴിച്ചു.
പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച സ്വന്തം ചരമപരസ്യവും വാര്‍ത്തയും ബാങ്ക് സെക്രട്ടറി ശിവജിയെ കാണിച്ചു. തന്റെ ബന്ധുവാണെന്നും തിരുവനന്തപുരത്ത് ആര്.സി.സിയില്‍ ചികിത്സയില്‍ കഴിയവേ ഹൃദയാഘാതത്താല്‍ മരിച്ചെന്നും പറഞ്ഞ് ജോസഫ് പൊട്ടിക്കരഞ്ഞു.
തുടര്‍ന്ന് ജോസഫിന്റെ മൃതദേഹത്തില്‍നിന്ന് ലഭിച്ചതെന്ന് പറഞ്ഞ് സ്വര്‍ണമാലയും വന്‍തുകയും എ.ടി.എം കാര്‍ഡുമടങ്ങിയ പൊതി സെക്രട്ടറിയെ ഏല്പിച്ചു. മരിച്ചയാളുടെ ഭാര്യ മേരിക്കുട്ടിക്ക് പണമടക്കമുള്ള സാധനങ്ങള്‍ അയച്ചുകൊടുക്കണമെന്നും ആവശ്യപ്പെട്ടു. താങ്കള്‍ക്കു തന്നെ നേരിട്ട് കൊടുത്തുകൂടേയെന്ന ചോദ്യത്തിന് പരസ്പരവിരുദ്ധമായി ജോസഫ് പ്രതികരിച്ചതോടെ സംശയമായി.
സ്പെഷല്‍ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. തളിപ്പറമ്പ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍മാരായ ഷറഫുദ്ദീന്, രമേശന്, സുരേഷ് എന്നിവരും കോട്ടയത്ത് എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."