ഓഖി രക്ഷാപ്രവര്‍ത്തനം: സി.പി.ഐ സംസ്ഥാന കൗണ്‍സിലില്‍ റവന്യൂ മന്ത്രിക്ക് രൂക്ഷ വിമര്‍ശനം
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നു നടന്ന രക്ഷാപ്രവര്‍ത്തനങ്ങളിലുണ്ടായ വീഴ്ചയില്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് സി.പി.ഐ സംസ്ഥാന കൗണ്‍സിലിന്റെ രൂക്ഷ വിമര്‍ശനം. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ റവന്യൂ വകുപ്പിനു ഗുരുതര വീഴ്ച സംഭവിച്ചതായി ചില കൗണ്‍സില്‍ അംഗങ്ങള്‍ ആരോപിച്ചു.
തിരുവനന്തപുരം ജില്ലാ സെക്രട്ടറി ജി.ആര്‍ അനിലും ജില്ലയില്‍ നിന്നുള്ള കൗണ്‍സില്‍ അംഗമായ സോളമന്‍ വെട്ടുകാടുമാണ് വിമര്‍ശനത്തിനു തുടക്കമിട്ടത്. രക്ഷാപ്രവര്‍ത്തനങ്ങളുടെ ഏകോപനത്തില്‍ റവന്യൂ വകുപ്പ് വേണ്ടത്ര കാര്യക്ഷമത കാണിച്ചില്ലെന്ന് അവര്‍ ആരോപിച്ചു. വിവിധ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍ ശാസ്ത്രീയമായി ഏകോപിപ്പിച്ചിരുന്നെങ്കില്‍ കൂടുതല്‍ കാര്യക്ഷമതയോടെ രക്ഷാപ്രവര്‍ത്തനം നടത്താമായിരുന്നുവെന്ന് അവര്‍ പറഞ്ഞു.
മറ്റു ചില അംഗങ്ങളും ഇവരെ അനുകൂലിച്ചു സംസാരിച്ചു. രക്ഷാപ്രവര്‍ത്തനങ്ങളുടെപേരില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ പൊതുസമൂഹത്തില്‍നിന്ന് ഉയര്‍ന്ന വിമര്‍ശനങ്ങളുടെ ഉത്തരവാദിത്തം റവന്യൂ മന്ത്രിക്കുമുണ്ടെന്ന് കൗണ്‍സില്‍ വിലയിരുത്തി. ഇക്കാര്യം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് യോഗത്തില്‍ മന്ത്രി മറുപടി നല്‍കി.
നിലവിലെ സാഹചര്യത്തില്‍ സാധ്യമായതെല്ലാം ചെയ്തിട്ടുണ്ട്. എങ്കിലും കടലില്‍പോയ എല്ലാ മത്സ്യത്തൊഴിലാളികളെയും രക്ഷിക്കാന്‍ സാധിച്ചില്ല. ഇക്കാര്യത്തില്‍ വലിയ വിഷമമുണ്ടെന്നും മന്ത്രി പറഞ്ഞു.
മുതിര്‍ന്ന നേതാവ് കെ.ഇ ഇസ്മാഈലിനെതിരേയും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവയ്ക്കുന്നതിനായി സമ്മര്‍ദം ചെലുത്താന്‍ പാര്‍ട്ടിയുടെ മന്ത്രിമാര്‍ മന്ത്രിസഭായോഗത്തില്‍നിന്ന് വിട്ടുനിന്നതിനെതിരേ ഇസ്മാഈല്‍ പരസ്യപ്രസ്താവന നടത്തിയതില്‍ ദേശീയ എക്‌സിക്യൂട്ടീവ് അതൃപ്തി രേഖപ്പെടുത്തിയത് സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നായിരുന്നു വിമര്‍ശനം.
മുതിര്‍ന്ന നേതാവില്‍നിന്ന് സംഭവിക്കാന്‍ പാടില്ലാത്ത വീഴ്ചയാണ് ഇസ്മാഈലില്‍ നിന്നുണ്ടായതെന്ന് അംഗങ്ങള്‍ പറഞ്ഞു. ഇസ്മാഈലിന്റെ പ്രസ്താവനയില്‍ ദേശീയ എക്‌സിക്യൂട്ടീവ് പ്രകടിപ്പിച്ച അതൃപ്തി ഈ മാസം ചേരുന്ന മൂന്നു മേഖലാ ജനറല്‍ബോഡി യോഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യാനും സംസ്ഥാന കൗണ്‍സില്‍ തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."