രാജ്ഘട്ടിലെ സംഭാവനപ്പെട്ടിക്കെതിരേ ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധിയുടെ സമാധി സ്ഥലമായ രാജ്ഘട്ടില്‍ സംഭാവനപ്പെട്ടി സ്ഥാപിച്ചതില്‍ ഡല്‍ഹി ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. രാഷ്ട്രപിതാവിനെ അവഹേളിക്കുന്നതിന് തുല്യമാണ് ഇതെന്ന് ഡല്‍ഹി ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തല്‍, ജസ്റ്റിസ് സി. ഹരിശങ്കര്‍ എന്നിവരടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചു.
മഹാത്മാ ഗാന്ധിയുടെ സമാധി സ്ഥലത്തിന്റെ ചുമതല രാജ്ഘട്ട് സമാധി കമ്മിറ്റിക്കാണ്. ഇവരറിയാതെയാണോ പെട്ടി സ്ഥാപിച്ചതെന്ന് ചോദിച്ച കോടതി ആരാണ് ഇത് സ്ഥാപിച്ചതെന്ന് വ്യക്തമാക്കണമെന്നും ഉത്തരവിട്ടു. മഹാത്മാ ഗാന്ധി സ്ഥാപിച്ച ഹരിജന്‍ സേവക് സമിതിയാണ് സംഭാവനപ്പെട്ടി സ്ഥാപിച്ചതെന്ന് കേന്ദ്ര പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. സംഭാവന ലഭിക്കുന്ന പണം ഹരിജന്‍ സേവക് സമിതിയാണ് കൈകാര്യം ചെയ്യുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
വിദേശത്തുനിന്നുള്ള സന്ദര്‍ശകരും സമാധി സ്ഥലം സന്ദര്‍ശിക്കുന്നുണ്ട്. ഇത്തരത്തിലാണോ നാം രാഷ്ട്രപിതാവിനെ ആദരിക്കുന്നതെന്ന സന്ദര്‍ശകരുടെ അഭിപ്രായം രാജ്യത്തെ തന്നെ കളങ്കപ്പെടുത്തുന്നതായിരിക്കും. സമാധിസ്ഥലത്തിന്റെ അറ്റകുറ്റപ്പണിക്കും മറ്റുമായി ധനം ശേഖരിക്കാനാണ് ഇത് സ്ഥാപിച്ചതെങ്കില്‍ അതിന് ഇത്തരത്തിലല്ല പണം സ്വീകരിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. ഇതുസംബന്ധിച്ച കേസില്‍ അടുത്ത വര്‍ഷം ജനുവരി 30ന് വീണ്ടും കോടതി വാദം കേള്‍ക്കും. സമാധിസ്ഥലത്തിന്റെ അറ്റകുറ്റപ്പണി സംബന്ധിച്ച കാര്യങ്ങള്‍ എന്തെല്ലാമെന്ന് നിരീക്ഷിക്കാന്‍ കേന്ദ്ര പൊതുമരാമത്ത് എന്‍ജിനീയര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."