2ജി സ്‌പെക്ട്രം കേസ്: വിധി 21ന്
ന്യൂഡല്‍ഹി: കഴിഞ്ഞ യു.പി.എ സര്‍ക്കാരിനെ പിടിച്ചുലച്ച 2ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ ഡല്‍ഹി പട്യാല ഹൗസ് പ്രത്യേക കോടതി ഈ മാസം 21ന് വിധി പറയും. ഇന്നലെ കേസ് പരിഗണിച്ച കോടതി വിധി പറയാനായി മാറ്റുകയായിരുന്നു.
സ്‌പെക്ട്രം അനുവദിച്ചതുമായി ബന്ധപ്പെട്ട് എം.പിയും ഡി.എം.കെ നേതാവ് എം. കരുണാനിധിയുടെ മകളുമായ കനിമൊഴി, മുന്‍ ടെലികോം മന്ത്രി എ. രാജ അടക്കമുള്ളവര്‍ പ്രതിയായ കേസാണിത്.
സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിക്കേസായാണ് 2ജി സ്‌പെക്ട്രം കേസിനെ വിലയിരുത്തുന്നത്. റിച്ചാര്‍ഡ് നിക്‌സന്റെ വാട്ടര്‍ഗേറ്റ് അഴിമതിക്കു ശേഷം നടന്ന ഏറ്റവും വലിയ അഴിമതിയാണ് ഇതെന്നാണ് അമേരിക്കന്‍ പ്രസിദ്ധീകരണമായ ടൈം മാഗസിന്‍ വ്യക്തമാക്കിയത്.
2ജി സ്‌പെക്ട്രം അനുവദിച്ചതില്‍ വന്‍ അഴിമതിയുണ്ടെന്ന് 2010 നവംബര്‍ 16നാണ് സി.എ.ജി കണ്ടെത്തിയത്.
രാജ്യത്തിന് വലിയ നഷ്ടമുണ്ടാക്കുന്ന വിധത്തിലാണ് ഇടപാട് നടന്നതെന്ന് സി.എ.ജി അധ്യക്ഷന്‍ വിനോദ് റായ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. രാജ്യത്തിന് 22,000 കോടിയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്ന് കേസ് അന്വേഷിച്ച സി.ബി.ഐ കണ്ടെത്തിയിരുന്നു.
അഴിമതിയിലൂടെ 200 കോടി രൂപ തമിഴ്‌നാട്ടിലെ കലൈഞ്ജര്‍ ടി.വിയുടെ നടത്തിപ്പുകാരായ ഡി.ബി ഗ്രൂപ്പിന് കൈമാറിയെന്നും സി.ബി.ഐയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റും കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു. ഇവരുടെ അന്വേഷണത്തിലും ടെലികോം മന്ത്രി എ. രാജ, കനിമൊഴി, കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാള്‍ അടക്കമുള്ളവര്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."