ബ്രെക്സിറ്റ്: സമവായമില്ല; 'ഐറിഷ് കരാര്‍' ആയില്ല
ബ്രസല്‍സ്: ബ്രെക്സിറ്റ് തീരുമാനവുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ യൂനിയനും ബ്രിട്ടനും തമ്മില്‍ നടക്കുന്ന ചര്‍ച്ചകളില്‍ സമവായത്തിനുള്ള സാധ്യത മങ്ങി. ഉത്തര അയര്‍ലന്‍ഡുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സമവായമുണ്ടാകുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നെങ്കിലും ഇത് നിഷേധിച്ച് ബ്രിട്ടന് എം.പിമാര്‍ രംഗത്തെത്തി.
ഉത്തര അയര്‍ലന്‍ഡിന്റെ കാര്യത്തില്‍ കരാറിലെത്തുന്നതിന് തൊഴിലാളി പാര്‍ട്ടികളാണ് തടസമെന്നാണ് വിവരം. സര്‍ക്കാരിന് ഭൂരിപക്ഷം കുറവായതിനാല്‍ ഉത്തര അയര്‍ലന്‍ഡിലെ പ്രമുഖ പാര്‍ട്ടിയായ ഡി.യു.പി (ഡെമോക്രാറ്റിക് യൂനിയനിസ്റ്റ് പാര്‍ട്ടി) യുടെ അഭിപ്രായങ്ങള്‍ മാനിക്കാതെ ബ്രിട്ടന് പ്രധാനമന്ത്രി തെരേസ മേയ്ക്കു മുന്നോട്ടുപോകാനാകില്ല. തന്നെ പിന്തുണയ്ക്കുന്ന ഈ പാര്‍ട്ടിയുടെ നേതാക്കളെ അവര്‍ ചര്‍ച്ചയ്ക്കു വിളിച്ചിട്ടുണ്ട്. കരാര്‍ തങ്ങള്‍ക്ക് വൈകിയാണ് കിട്ടിയതെന്ന് വിശദീകരിച്ച ഡി.യു.പി, അത് തള്ളുന്നതായും വ്യക്തമാക്കി.
എന്നാല്‍ ഉത്തര അയര്‍ലന്‍ഡ് അതിര്‍ത്തി അടക്കാനുള്ള തീരുമാനം പിന്‍വലിച്ച തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രവിശ്യയ്ക്ക് പ്രത്യേക പരിഗണന നല്കാന് ബ്രിട്ടന് തയാറായെന്ന വാര്‍ത്തകള്‍ എം.പിമാര്‍ നിഷേധിച്ചു.
ബ്രെക്സിറ്റ് വിഷയത്തില്‍ ബ്രിട്ടന്റെ കീഴിലുള്ളവയ്ക്കെല്ലാം ഒരേ നിയമമായിരിക്കുമെന്നാണ് പുതിയ വിശദീകരണം. ഇതോടെ യൂറോപ്യന്‍ യൂനിയനുമായുള്ള ആദ്യഘട്ട ചര്‍ച്ചകള്‍ നിര്‍ത്താനിരിക്കുകയാണ്. ചര്‍ച്ച അടുത്തയാഴ്ച തുടരും.
യൂറോപ്യന്‍ യൂനിയനില്‍നിന്ന് പിന്‍വാങ്ങാന്‍ തീരുമാനിച്ചുള്ള ബ്രിട്ടന്റെ ബ്രെക്സിറ്റിനുമേലുള്ള ചര്‍ച്ച കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. അയര്‍ലന്‍ഡ് യൂറോപ്യന്‍ യൂനിയനില്‍ തുടരുന്നതോടെ ബ്രിട്ടന്റെ നിയന്ത്രണത്തിലുള്ള ഉത്തര അയര്‍ലന്‍ഡും റിപബ്ലിക് ഓഫ് അയര്‍ലന്‍ഡും തമ്മിലുള്ള അതിര്‍ത്തി അടക്കാന്‍ നേരത്തെ ബ്രിട്ടന് തീരുമാനിച്ചിരുന്നു.
നഷ്ടപരിഹാരത്തുക, ബ്രിട്ടനില്‍ നിലവിലുള്ള യൂറോപ്യന്‍ പൗരന്മാരുടെ അവകാശങ്ങള്‍, ഉത്തര അയര്‍ലന്‍ഡ് അതിര്‍ത്തിയിലെ നിയന്ത്രണങ്ങള്‍ എന്നിവയാണ് ചര്‍ച്ചാ വിഷയങ്ങള്‍.
കഴിഞ്ഞ വര്‍ഷമാണ് യൂറോപ്യന്‍ യൂനിയന്‍ വിടാന്‍ ഹിതപരിശോധനയിലൂടെ ബ്രിട്ടന് തീരുമാനിച്ചിരുന്നത്. 2019 മാര്‍ച്ചിലാണ് ഇത് നടപ്പാക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."