ജി സി സി യുടെ രൂപത്തിന് സമീപ ഭാവിയില്‍ മാറ്റമുണ്ടായേക്കുമെന്ന് കുവൈത്ത് അമീര്‍
ദോഹ: ഗള്‍ഫ് കോ ഓപറേഷന്‍ കൗണ്‍സിലിന്റെ (ജി സി സി) രൂപത്തിന് ഭാവിയില്‍ മാറ്റമുണ്ടായേക്കുമെന്ന് കുവൈത്ത് അമീര്‍. കുവൈത്തില്‍ നടന്ന ജി സി സി ഉച്ചകോടി രണ്ട് ദിവസം തുടരുന്നതിന് പകരം ഒന്നാം ദിവസം തന്നെ സമാപിച്ചതിന് പിന്നാലെയാണ് കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹമ്മദ് അല്‍ സബാഹ് ഇത്തരത്തില്‍ അഭിപ്രായ പ്രകടനം നടത്തിയത്.
പുതിയ പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ പുതിയ രീതികള്‍ ജി സി സി ആവിഷ്‌ക്കരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജൂണ്‍ അഞ്ചിന് ഖത്തറിനെതിരെ മൂന്ന് അയല്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ നാല് അറബ് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ അന്യായ ഉപരോധത്തിന് ശേഷമാണ് ഗള്‍ഫ് പ്രതിസന്ധി രൂപപ്പെട്ടത്.
ജി സി സി രാജ്യങ്ങളില്‍ ഭാവിയില്‍ ഉണ്ടായേക്കാവുന്ന അകല്‍ച്ചകള്‍ പരിഹരിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുന്നതായിരിക്കും ഉത്തമമെന്നും അദ്ദേഹം സൂചനകള്‍ നല്കി. ജി സി സി രാജ്യങ്ങള്‍ക്കകത്തുള്ള പ്രതിസന്ധികള്‍ പരിഹരിക്കാന്‍ നിലവില്‍ രീതികളുണ്ടെന്ന് അല്‍ ജസീറ ലേഖകന്‍ ജമാല്‍ അല്‍ഷയ്യാല്‍ കുവൈത്തില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തു. ജി സി സി പ്രതിസന്ധിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏതാനും മാസങ്ങളായി ഈ രീതിയയെന്താണ് ഉപയോഗിക്കപ്പെടാത്തതെന്ന് വിവിധ ഭാഗങ്ങളില്‍ നിന്നും ഇതിനകം ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. യഥാര്‍ഥത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് താത്പര്യമുണ്ടായിരുന്നുവെങ്കില്‍ ഈ കാര്യങ്ങളിലേക്ക് നിയുക്തരായവരെ നിയോഗിക്കുമായിരുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."