ഓഖി അപ്രതീക്ഷിതമെന്നു മുഖ്യമന്ത്രി; ദുരിതബാധിതര്‍ക്കായുള്ള സമഗ്രപാക്കേജിന് അംഗീകാരം
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിന് ഇരയായവര്‍ക്കായി സര്‍ക്കാരിന്റെ സമഗ്രപാക്കേജിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.
ചുഴലിക്കാറ്റ് സൃഷ്ടിച്ച നാശനഷ്ടങ്ങളും തുടര്‍ന്നു സ്വീകരിക്കേണ്ട നടപടികളും ഉള്‍പ്പെടുത്തിയുള്ളതാണ് പാക്കേജ്. ചീഫ് സെക്രട്ടറിക്കായിരിക്കും പാക്കേജ് നടപ്പാക്കുന്നതിന്റെ ചുമതല.
പാക്കേജ് ഇങ്ങനെ
ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ ധനസഹായം നല്‍കും. കിടപ്പിലായവര്‍ക്ക് അഞ്ച് ലക്ഷം രൂപയും, തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് ഒരാഴ്ച്ചത്തെ പ്രത്യേക ആശ്വാസവും നല്‍കും.
ബോട്ട് നഷ്ടപ്പട്ടവര്‍ക്ക് തുല്യ ധനസഹായം. വീട് കൃഷി നാശത്തിന് ഉചിതമായ ധനസഹായം. ദുരന്തത്തിന് ഇരയായവരുടെ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം. ആശ്രിതര്‍ക്ക് തൊഴില്‍ പരിശീലനം. മത്സ്യത്തൊഴിലാളികള്‍ക്ക് ഒരു മാസത്തേക്ക് സൗജന്യ റേഷന്‍. മുതിര്‍ന്നവര്‍ക്ക് ദിവസേന 60 രൂപയും കുട്ടികള്‍ക്ക് 45 രൂപ.
ബോട്ടുകളില്‍ ജിപിഎസ് സംവിധാനം നിര്‍ബന്ധമാക്കും. മൊബൈലില്‍ കാലാവസ്ഥ മുന്നറിയിപ്പ് നല്‍കുന്ന സംവിധാനം കൊണ്ടുവരും.ദുരന്തനിവാരണ അതോറിറ്റി പുനസംഘടിപ്പിക്കും.
തീരദേശ പോലിസ് സേനയില്‍ കൂടുതല്‍ പേരെ നിയമനം നടത്തും. തീരദേശത്തുള്ള മത്സ്യത്തൊഴിലാളികളില്‍ നിന്ന് 200 പേരെ റിക്രൂട്ട് ചെയ്യും. ഇതില്‍ മത്സ്യബന്ധനത്തിനിടെ മരിച്ചവരുടെ മക്കള്‍ക്ക് മുന്‍ഗണന നല്‍കും. ലക്ഷദ്വീപിലേക്ക് മെഡിക്കല്‍ സംഘത്തെ അയക്കും.
മീന്‍പിടിക്കാന്‍ പോകുന്നവര്‍ക്ക് പ്രത്യേക രജിസ്‌ട്രേഷന്‍ ബാധകമാക്കുമെന്നും പാക്കേജിലുണ്ട്.
ചുഴലിക്കാറ്റ് അപ്രതീക്ഷിതമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ചുഴലിക്കാറ്റ് കേരളത്തില്‍ വീശിയടിക്കുമെന്ന് മുന്നറിയിപ്പൊന്നും ലഭിച്ചിരുന്നില്ല. മൂന്നു ദിവസം മുന്‍പെങ്കിലും മുന്നറിയിപ്പ് നല്‍കേണ്ടതായിരുന്നു.
മുന്നറിയിപ്പ് കിട്ടിയതിനുശേഷം ഒരു നിമിഷം പോലും പാഴാക്കിയിരുന്നില്ല. ദുരന്തം നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ച്ച സംഭവിച്ചിട്ടില്ല. കേന്ദ്രമന്ത്രമാരും ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും പിണറായി പറഞ്ഞു.
ഇത്രയും ശക്തമായ ചുഴലിക്കാറ്റ് നൂറ്റാണ്ടില്‍ ആദ്യമായിട്ടാണ് കേരളത്തില്‍ ഉണ്ടാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."