മലപ്പുറം പാസ്‌പോര്‍ട്ട് ഓഫിസ് തല്‍ക്കാലം പൂട്ടില്ല; ഉത്തരവ് മരവിപ്പിച്ചു
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും തിരക്കേറിയ പാസ്‌പോര്‍ട്ട് ഓഫിസുകളിലൊന്നായ മലപ്പുറം പാസ്‌പോര്‍ട്ട് ഓഫിസ് അടച്ചുപൂട്ടാനുള്ള തീരുമാനം തല്‍ക്കാലത്തേക്ക് മരവിപ്പിച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാക്കുന്നതു വരെ പ്രവര്‍ത്തനം തുടരാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ്. കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തിന്‍റേതാണ് ഉത്തരവ്.
മലപ്പുറത്തെ പാസ്‌പോര്‍ട്ട് കേന്ദ്രം പൂട്ടുന്നതിനെതിരെ പി.കെ കുഞ്ഞാലിക്കുട്ടി എം.പി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനും ബന്ധപ്പെട്ടവര്‍ക്കും നിവേദനം സമര്‍പ്പിച്ചിരുന്നു. കൂടാതെ, അദ്ദേഹം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജി പരിഗണനയിലുമാണ്. ഇതിനിടയിലാണ് ഓഫിസ് താല്‍ക്കാലികമായി പൂട്ടേണ്ടതില്ലെന്ന് ഉത്തരവ് വന്നത്.
കോഴിക്കോട്ടെ പാസ്‌പോര്‍ട്ട് ഓഫിസുമായി ലയിപ്പിക്കുന്നുവെന്നറിയിച്ചായിരുന്നു മലപ്പുറത്തെ പാസ്‌പോര്‍ട്ട് ഓഫിസ് പൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്. ഇതിനെതിരെ വലിയ പ്രതിഷേധം ഉയരുകയും ചെയ്തു. മലപ്പുറം ജില്ലയ്ക്കു പുറമെ, വടനാട്ടിലെ കുറച്ചു ഭാഗത്തെ ആളുകളും ഇതേ കേന്ദ്രത്തെയാണ് ആശ്രയിക്കുന്നത്.
രാജ്യത്തുതന്നെ ഏറ്റവും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പാസ്‌പോര്‍ട്ട് ഓഫിസാണ് മലപ്പുറത്തേതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2006 ഒഗസ്റ്റ് 28നാണ് മലപ്പുറത്ത് പാസ്‌പോര്‍്ട്ട് ഓഫിസ് സ്ഥാപിച്ചത്. ദിനംപ്രതി 1200 ഓളം അപേക്ഷകളാണ് മലപ്പുറം പാസ്‌പോര്‍ട്ട് ഓഫിസില്‍ ലഭിക്കുന്നത്. പ്രതിമാസം 22,000 പാസ്‌പോര്‍ട്ടുകള്‍ വിതരണം ചെയ്യുന്നുണ്ട്. ഇത് ദേശീയ ശരാശരിയുടെ ഇരട്ടിയിലധികമാണ്.
നേരത്തേ പാലക്കാട് ജില്ല കൂടി മലപ്പുറത്തിന്റെ പരിധിയിലായിരുന്നു. ഇത് പാസ്‌പോര്‍ട്ട് ലഭിക്കുന്നതിന് കാലതാമസം വരുത്തിയതോടെ പാലക്കാട് ജില്ല എറണാകുളം പാസ്‌പോര്‍ട്ട് ഓഫിസിന് കീഴിലാക്കി വിഭജിക്കുകയായിരുന്നു. ഇതോടെ മലപ്പുറത്തെയും പാലക്കാട്ടെയും അപേക്ഷകര്‍ക്ക് അപേക്ഷ നല്‍കി 25 ദിവസത്തിനുള്ളില്‍ പാസ്‌പോര്‍ട്ട് ലഭിക്കുന്ന സാഹചര്യമാണുള്ളത്. ഇതാണ് നിലയ്ക്കാന്‍ പോകുന്നത്. പാസ്‌പോര്‍ട്ട് അപേക്ഷക്കു പുറമെ പി.സി.സി, പാസ്‌പോര്‍ട്ട് പുതുക്കല്‍, ഇ.സി.എന്‍.ആര്‍ തുടങ്ങിയ സേവനങ്ങള്‍ക്കും ഏറെ അപേക്ഷകരെത്തുന്നത് മലപ്പുറത്താണ്.
രാജ്യത്ത് പ്രവര്‍ത്തിക്കുന്ന മികച്ച ബി ഗ്രേഡ് പാസ്‌പോര്‍ട്ട് ഓഫിസുകളില്‍ രണ്ടാം സ്ഥാനമാണ് മലപ്പുറത്തിനുള്ളത്. 2016-17 വര്‍ഷം വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."