കേരള സര്‍വകലാശാലയില്‍ സംഘര്‍ഷം; വി.സിയെ പൂട്ടിയിട്ടു
തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ എജ്യൂക്കേഷന്‍ വിഭാഗത്തിലെ വിവാദ അധ്യാപക നിയമനം സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിന്‍ഡിക്കേറ്റിന്റെ നാലംഗ ഉപസമിതിയെ ചുമതലപ്പെടുത്തി. വൈസ് ചാന്‍സലറെ പൂട്ടിയിട്ടതുള്‍പ്പെടെ ഇന്നലെ നടന്ന സംഘര്‍ഷഭരിതമായ സംഭവങ്ങള്‍ക്കൊടുവിലാണ് സിന്‍ഡിക്കേറ്റ് യോഗത്തിന്റെ തീരുമാനം.
വിഷയത്തിന്റെ അടിയന്തര സ്വഭാവം കണക്കിലെടുത്ത്, റിപ്പോര്‍ട്ടില്‍മേല്‍ തുടര്‍നടപടികള്‍ തീരുമാനിക്കാന്‍ ഈ മാസം 16 ന് സിന്‍ഡിക്കേറ്റ് യോഗം ചേരാനും ധാരണയായി. അഡ്വ. എ.എ റഹിം കണ്‍വീനറായ ഉപസമിതിയില്‍ ഡോ. എം ജീവന്‍ലാല്‍, എം ശ്രീകുമാര്‍, അഡ്വ. ജോണ്‍സണ്‍ എബ്രഹാം എന്നിവരാണ് അംഗങ്ങള്‍.
ഇന്നലെ രാവിലെ പത്തിന് സിന്‍ഡിക്കേറ്റ് യോഗം ചേര്‍ന്ന ഉടന്‍ ഇടതുപക്ഷ അംഗം അഡ്വ. കെ. എച്ച്. ബാബുജനാണ് വിഷയം അവതരിപ്പിച്ചത്. സിന്‍ഡിക്കേറ്റംഗങ്ങള്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. പരാതിയോടൊപ്പമുള്ള, വിവരാവകാശ പ്രകാരം ലഭിച്ച രേഖകളില്‍ നിന്ന് നിയമനത്തില്‍ ക്രമക്കേട് നടന്നിട്ടുള്ളതായി പ്രാഥമികമായി തന്നെ ബോധ്യമാകുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്നു സംസാരിച്ചവരെല്ലാം ഈ വാദത്തോട് യോജിക്കുകയായിരുന്നു.
എന്നാല്‍ ഈ വിഷയത്തില്‍ ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാലും അജണ്ടയില്‍ ഉള്‍പ്പെടാത്ത ഇനമായതിനാലും ഒരു തീരുമാനവും എടുക്കാനാവില്ലെന്ന് വി.സി പറഞ്ഞു. എന്നാല്‍ നിയമനക്കാര്യം വിജിലന്‍സിനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ അംഗങ്ങള്‍ മുന്നോട്ട് വച്ചെങ്കിലും വി.സി അംഗീകരിച്ചില്ല. തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രമേയം അവതരിപ്പിക്കാനുള്ള അംഗങ്ങളുടെ ശ്രമത്തെയും വി.സി നിരാകരിച്ചു. വാക്കുതര്‍ക്കം മുറുകിയതോടെ പതിനൊന്നേകാലോടെ യോഗം അവസാനിപ്പിച്ച് മുറിക്ക് പുറത്ത് കടക്കാന്‍ ശ്രമിച്ച വി.സിയെ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ഇതനുവദിക്കാതെ പൂട്ടിയിട്ടു. ഇതിനിടെ എസ്. എഫ്.ഐ പ്രവര്‍ത്തകര്‍ വി.സിയുടെ രാജി ആവശ്യപ്പെട്ട് സര്‍വകലാശാലാ ആസ്ഥാനത്തേക്ക് നടത്തിയ പ്രകടനം സംഘര്‍ഷഭരിതമായി. പൊലിസ് ജലപീരങ്കി പ്രയോഗിച്ചു. പന്ത്രണ്ടോടെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയെങ്കിലും അന്വേഷണത്തിന് സിന്‍ഡിക്കേറ്റ് ഉപസമിതിയെ ചുമതലപ്പെടുത്താനും പതിനാറിന് പ്രത്യേക സിന്‍ഡിക്കേറ്റ് ചേരാനും ധാരണയായ ശേഷം ഒന്നേകാലോടെയാണ് വി.സിക്ക് പുറത്തു കടക്കാനായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."