മലപ്പുറം പാസ്‌പോര്‍ട്ട് ഓഫിസ് പ്രവര്‍ത്തനം തുടരും
മലപ്പുറം: റീജ്യനല്‍ പാസ്‌പോര്‍ട്ട് ഓഫിസിന്റെ പ്രവര്‍ത്തനം തുടരാമെന്ന് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവര്‍ത്തനം തുടരാനാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നത്.
ഡിസംബര്‍ 31 വരെ കെട്ടിടത്തിന്റെ വാടക പുതുക്കണമെന്നും ഉത്തരവിലുണ്ട്. കോഴിക്കോട്ടെ പാസ്‌പോര്‍ട്ട് ഓഫിസുമായി ലയിപ്പിക്കുന്നതിനുവേണ്ടി ഇക്കഴിഞ്ഞ നവംബര്‍ 30ന് മലപ്പുറം ഓഫിസ് അടച്ചുപൂട്ടിയിരുന്നു. ഇത് വീണ്ടും തുറക്കാനാണ് തീരുമാനം. ഇന്ത്യയില്‍ തന്നെ മികച്ച രീതിയിലുള്ള പാസ്‌പോര്‍ട്ട് ഓഫിസായിരുന്നു മലപ്പുറത്തേത്. അടച്ചുപൂട്ടലിനെതിരേ മുസ്‌ലിം ലീഗടക്കമുള്ള സംഘടനകള്‍ രംഗത്തെത്തിയിരുന്നു. പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജി പരിഗണനയിലാണ്. ഇതിനിടയിലാണ് ഓഫിസ് താല്‍ക്കാലികമായി പൂട്ടേണ്ടതില്ലെന്ന ഉത്തരവ് വന്നത്. രാജ്യത്ത് ഏറ്റവും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പാസ്‌പോര്‍ട്ട് ഓഫിസാണ് മലപ്പുറത്തേത്. അന്തരിച്ച കേന്ദ്രമന്ത്രിയും മുസ്‌ലിംലീഗ് ദേശീയ അധ്യക്ഷനുമായിരുന്ന ഇ.അഹമ്മദിന്റെ പരിശ്രമത്തെത്തുടര്‍ന്നാണ് രാജ്യത്തെ 31ാമത്തെ പാസ്‌പോര്‍ട്ട് ഓഫീസായി ഇത് സ്ഥാപിതമാകുന്നത്. ദിനംപ്രതി 1200 ഓളം അപേക്ഷകളാണ് ഇവിടെ ലഭിക്കുന്നത്. പ്രതിമാസം 22,000 പാസ്‌പോര്‍ട്ടുകള്‍ വിതരണം ചെയ്യുന്നുണ്ട്. ഇത് ദേശീയ ശരാശരിയുടെ ഇരട്ടിയിലധികമാണ്. നേരത്തേ പാലക്കാട് ജില്ല കൂടി മലപ്പുറത്തിന്റെ പരിധിയിലായിരുന്നു. ഇത് പാസ്‌പോര്‍ട്ട് ലഭിക്കുന്നതിന് കാലതാമസം വരുത്തിയതോടെ പാലക്കാടിനെ എറണാകുളം പാസ്‌പോര്‍ട്ട് ഓഫിസിന് കീഴിലാക്കി വിഭജിക്കുകയായിരുന്നു.
ഇതോടെ മലപ്പുറത്തെയും പാലക്കാട്ടെയും അപേക്ഷകര്‍ക്ക് അപേക്ഷ നല്‍കി 25 ദിവസത്തിനുള്ളില്‍ പാസ്‌പോര്‍ട്ട് ലഭിക്കുന്ന സാഹചര്യമുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."