യമനില്‍ നിര്‍ണായക പോരാട്ടം: കീഴടങ്ങുന്നവര്‍ക്ക് പൊതുമാപ്പ്
റിയാദ്: യമനില്‍ പോരാട്ടം രൂക്ഷമായതിനിടയില്‍ ജയില്‍ തടവുകാരായി പിടിക്കപ്പെട്ട 200 പേരെ ഹൂതികള്‍ കൊലപ്പെടുത്തി. തിങ്കളാഴ്ച്ച മുന്‍ പ്രസിഡന്റ് അലി സാലിഹിനെ കൊലപ്പെടുത്തിയതിനു പിന്നാലെയാണ് ഹൂതികള്‍ നടത്തിയ ആക്രമണത്തില്‍ ജയില്‍ തടവുകാരായി പിടിക്കപ്പെട്ടവരെ കൂട്ടക്കുരുതി നടത്തിയത്. തലസ്ഥാന നഗരിയായ സന്‍ആ യിലാണ് പോരാട്ടം ശക്തമായത്.
ഇവിടെ നിന്ന് രക്ഷപ്പെടുന്നതിനിടെയാണ് കഴിഞ്ഞ ദിവസം മുന്‍ പ്രസിഡന്റിനെ ഹൂതികള്‍ വകവരുത്തിയത്. കൂടാതെ, അദ്ദേഹത്തെ അനുഗമിച്ചിരുന്ന നിരവധി പാര്‍ട്ടി പ്രവര്‍ത്തകരെയും ഹൂതികള്‍ കൊലപ്പെടുത്തിയിരുന്നു. അതിനിടെ, തലസ്ഥാന നഗരിയില്‍ ഹൂതികള്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ഇവിടെ നിരീക്ഷണം ശക്തമാക്കിയതായും ഏതു നടപടികളെയും നേരിടാനുള്ള ഒരുക്കങ്ങള്‍ തങ്ങള്‍ നടത്തിയതായും ഔദ്യോഗിക സര്‍ക്കാര്‍ പറഞ്ഞു. എന്നാല്‍ കാര്യങ്ങള്‍ വളരെ ഗുരുതരമായ സ്ഥിതിയിലേക്കാണ് നീങ്ങുന്നതെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
സന്‍ആയില്‍ സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യ സേനയും ശക്തയായ ആക്രമണം തുടരുകയാണ്. ഏതുവിധേനയും വിമതരെ തുരത്താനുള്ള ശ്രമമാണ് സഖ്യ സേന നടത്തുന്നത്. കൂടാതെ, യമന്‍ പ്രതിസന്ധി പരിഹരിക്കാനായി അനുകൂല നിലപാട് പ്രഖ്യാപിച്ച ബ്രിട്ടന്‍ നടപടിയെ സഊദി കാബിനറ്റ് സ്വാഗതം ചെയ്യുകയും യമനിലെ സമാധാന പുനഃസ്ഥാപനത്തിനു ഏതറ്റം വരെയും നീങ്ങാനും മന്ത്രി സഭ തീരുമാനിച്ചു. സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയിലാണ് മന്ത്രിസഭ ചേര്‍ന്നത്.
അതിനിടെ, തലസ്ഥാന നഗരിയില്‍ തങ്ങളുടെ സ്വാധീനം ശക്തിപ്പെട്ടു വരികയാണെന്നും രാജ്യത്തെ ജനങ്ങള്‍ സഹകരിക്കണമെന്നും നിലവിലെ ഔദ്യോഗിക പ്രസിഡന്റ് പ്രസിഡന്റ് അബ്ദുറബ്ബ് ഹാദി മന്‍സൂര്‍ ആവശ്യപ്പെട്ടു. വിഘടന വാദികളില്‍ നിന്ന് കീഴടങ്ങുന്നവര്‍ക്ക് അഭയം നല്‍കാനും പൊതുമാപ്പില്‍ ഉള്‍പ്പെടുത്തുമെന്നും പ്രധാനമന്ത്രി അഹ്മദ് ബിന്‍ ദഗര്‍ പറഞ്ഞു. ഐക്യ രാഷട്ര സഭയുടെ രക്ഷാസമിതി അടിസ്ഥാന പ്രശ്‌ന പരിഹാരത്തിന് എല്ലാ കക്ഷികളും സഹകരിക്കണമെന്നു യു.എന്‍ സമാധാന പ്രതിനിധിയും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."