വിവാദ തീരുമാനങ്ങള്‍ ഓരോന്നായി ഇല്ലാതാകുന്നു; തീര്‍ഥാടകര്‍ക്ക് ആശ്വാസം
കൊണ്ടോട്ടി: പുതിയ ഹജ്ജ് നയത്തിലെ പല വിവാദ തീരുമാനങ്ങളും ഒരുമാസം കൊണ്ട് തന്നെ കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പ് പിന്‍വലിച്ചത് ഇന്ത്യയില്‍നിന്നുള്ള തീര്‍ഥാടകര്‍ക്ക് ആശ്വാസമാകുന്നു. ഹജ്ജ് ക്വാട്ട വിതരണവുമായി ബന്ധപ്പെട്ട തീരുമാനങ്ങളും എംബാര്‍ക്കേഷന്‍ പോയിന്റുകള്‍ വെട്ടിച്ചുരുക്കിയതുമാണ് പ്രതിഷേധത്തെ തുടര്‍ന്ന് ഒരുമാസത്തിനകം തന്നെ കേന്ദ്രം പിന്‍വലിച്ചത്. തുടര്‍ച്ചയായ അഞ്ചാം വര്‍ഷ അപേക്ഷകര്‍ക്ക് നേരിട്ട് അവസരം നല്‍കുന്നത് നിര്‍ത്തലാക്കിയ നടപടി ചോദ്യം ചെയ്യുന്ന ഹരജി സുപ്രിംകോടതിയുടെ പരിഗണനയിലുമാണ്. ജനുവരി മൂന്നിന് വിധിയുണ്ടാകും.
കഴിഞ്ഞ മാസം 10 നാണ് അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള ഹജ്ജ് പോളിസി കേന്ദ്രം പുറത്തിറക്കിയത്. സംസ്ഥാനങ്ങള്‍ക്ക് 70 ശതമാനം സീറ്റും സ്വകാര്യ ഹജ്ജ് ഓപ്പറേറ്റര്‍മാര്‍ക്ക് ബാക്കിയുള്ള 30 ശതമാനവും എന്നായിരുന്നു പുതിയ തീരുമാനം. ഈ വര്‍ഷത്തെ ഇന്ത്യയുടെ ഹജ്ജ് ക്വാട്ട 1,70,000 ആണ്.
സംസ്ഥാനങ്ങള്‍ക്ക് 1,19,000 സീറ്റുകളും സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്ക് 51,000 ആക്കിയാണ് മാറ്റിയിരുന്നത്. മുന്‍വര്‍ഷങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് 75 ശതമാനവും സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്ക് 25 ശതമാനവുമായിരുന്നു. ഇത് വീണ്ടും പുനഃസ്ഥാപിച്ചതോടെ തീര്‍ഥാടകര്‍ക്ക് ആറായിരത്തിലേറെ സീറ്റുകള്‍ അധികം ലഭിക്കും.
തുടര്‍ച്ചയായ അഞ്ചാം വര്‍ഷക്കാര്‍ക്കും 70 വയസിന് മുകളിലുള്ളവര്‍ക്കും ഹജ്ജിന് നറുക്കെടുപ്പ് കൂടാതെ നേരിട്ട് അവസരം നല്‍കിയിരുന്നതും എടുത്തു കളഞ്ഞിരുന്നു. ഇതില്‍ 70 വയസുകാര്‍ക്ക് നേരിട്ട് അവസരം നല്‍കുന്നത് അപേക്ഷ സ്വീകരണത്തോടെ തന്നെ മുന്‍വര്‍ഷത്തെപ്പോലെ പുനഃസ്ഥാപിച്ചിരുന്നു.
എന്നാല്‍, തുടര്‍ച്ചയായ അഞ്ചാം വര്‍ഷക്കാര്‍ക്ക് നേരിട്ട് അവസരം നല്‍കിയിരുന്നത് എടുത്തുകളഞ്ഞത് പിന്‍വലിച്ചിട്ടില്ല. ഇത് ചോദ്യം ചെയ്താണ് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാന ഹജ്ജ് കമ്മിറ്റികളും തീര്‍ഥാടകരും സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്.
ഇന്ത്യയിലെ 21 എംബാര്‍ക്കേഷന്‍ പോയിന്റുകള്‍ ഒന്‍പതാക്കി ചുരുക്കിയ ഹജ്ജ് നയത്തിലെ നടപടികളും ആദ്യഘട്ടത്തില്‍ തന്നെ പുനഃസ്ഥാപിച്ചിരുന്നു. അപേക്ഷ സ്വീകരണ സമയത്ത് തന്നെ ഇവ പുനഃസ്ഥാപിക്കുകയായിരുന്നു.
ഹജ്ജ് അപേക്ഷ സ്വീകരണം 22 വരെയാണ് നിശ്ചയിച്ചിട്ടുള്ളത്. കൂടുതല്‍ സീറ്റുകള്‍ കൂടി ലഭിക്കുന്നതോടെ അപേക്ഷകരും വര്‍ധിക്കുമെന്നാണ് പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."