ചെല്ലാനത്ത് ഉമ്മന്‍ചാണ്ടിക്കൊപ്പമെത്തിയ കോണ്‍ഗ്രസ് നേതാക്കളെ തടഞ്ഞു
പള്ളുരുത്തി: കടല്‍ഭിത്തി നിര്‍മാണം അടിയന്തരമായി പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് ചെല്ലാനം സെന്റ് മേരീസ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപില്‍ സമരം നടത്തുന്നവരെ സന്ദര്‍ശിക്കാനെത്തിയ ഉമ്മന്‍ചാണ്ടിക്കൊപ്പമെത്തിയ കോണ്‍ഗ്രസ് നേതാക്കളെ മത്സ്യത്തൊഴിലാളികള്‍ തടഞ്ഞു. ഇന്നലെ രാവിലെ ഒന്‍പതരയോടെയാണ് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം ഉമ്മന്‍ചാണ്ടി എത്തിയത്. ഡി.സി.സി പ്രസിഡന്റ് ടി.ജെ വിനോദ്, മുതിര്‍ന്ന നേതാവ് ബെന്നി ബെഹനാന്‍ ഉള്‍പ്പെടെയുള്ളവരെ അകത്തേക്ക് കടത്തി വിടാന്‍ സമരക്കാര്‍ അനുവദിച്ചില്ല.
അതേസമയം, ഹൈബി ഈഡന്‍ എം.എല്‍.എ, മുന്‍മന്ത്രി ഡൊമിനിക് പ്രസന്റേഷന്‍ എന്നിവര്‍ക്ക് ഉമ്മന്‍ചാണ്ടിക്കൊപ്പം ക്യാംപിലേക്ക് പ്രവേശിക്കാന്‍ സമരക്കാര്‍ അനുമതി നല്‍കി.
ക്യാംപിലെ സമരസമിതി പ്രതിനിധികളുമായി ഉമ്മന്‍ചാണ്ടി ചര്‍ച്ച നടത്തി. പ്രദേശവാസികളുടെ ദുരിതങ്ങള്‍ ചോദിച്ചറിഞ്ഞ അദ്ദേഹം തനിക്ക് സാധ്യമായതെല്ലാം ചെയ്യാമെന്ന് ഉറപ്പ് നല്‍കി.
തന്റെ ഭരണകാലത്ത് കടല്‍ഭിത്തി നിര്‍മിക്കുന്നതിന് പണം അനുവദിച്ചതാണ്. കരാറുകാരെ ലഭിക്കാത്തത് കൊണ്ടാണ് പണിമുടങ്ങിയത്. കടല്‍ഭിത്തി നിര്‍മിക്കണമെന്ന ആവശ്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ കക്ഷി പ്രതിനിധികളെ വേദിയില്‍ പ്രസംഗിപ്പിക്കേണ്ടതില്ല എന്ന തീരുമാനം എടുത്തിരുന്നതിനാല്‍ സമരവേദിയില്‍ ഉമ്മന്‍ചാണ്ടി പ്രസംഗിച്ചില്ല. അഞ്ചാം ദിവസത്തിലേക്ക് കടന്ന സമരത്തില്‍ ഓരോ ദിവസവും അഞ്ചുപേരാണ് നിരാഹാരമിരിക്കുന്നത്.
കടല്‍ഭിത്തി നിര്‍മാണം ആരംഭിക്കാതെ സമരത്തില്‍നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ചെല്ലാനം ജനകീയസമിതി. ചെല്ലാനം നിവാസികളുടെ ആവശ്യങ്ങള്‍ ന്യായമാണെന്ന് ഉമ്മന്‍ചാണ്ടി പിന്നീട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."