വിവാഹേതരബന്ധം: 497 ാം വകുപ്പ് സുപ്രിം കോടതി പുനഃപരിശോധിക്കുന്നു
ന്യൂഡല്‍ഹി: അവിഹിതബന്ധം സംബന്ധിച്ച ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 497ാം വകുപ്പ് സുപ്രിം കോടതി പുനഃപരിശോധിക്കുന്നു. വിവാഹിതയായ സ്ത്രീ വ്യഭിചാര കേസുകളില്‍ ഉള്‍പ്പെടുമ്പോള്‍ പുരുഷന്‍ കുറ്റക്കാരനും സ്ത്രീ ഇരയും ആകുന്ന നിലവിലെ നിയമമാണ് കോടതി പൊളിച്ചെഴുതുന്നത്. അവിഹിതബന്ധ കേസുകളില്‍ പുരുഷനെ മാത്രം പ്രതിയാക്കുന്ന ബ്രിട്ടീഷ് ഭരണ കാലത്തെ 497ാം വകുപ്പ് കാലഹരണപ്പെട്ടതാണെന്ന് ഇതുസംബന്ധിച്ച ഹരജി പരിഗണിക്കവെ സുപ്രിം കോടതി നിരീക്ഷിച്ചു.
അവിഹിതബന്ധം ബലാത്സംഗത്തിന്റെ പരിധിയില്‍ വരില്ലെങ്കിലും സ്ത്രീയെ 497 പ്രകാരം ശിക്ഷിക്കപ്പെടാന്‍ വകുപ്പില്ല. ഇത് ചോദ്യംചെയ്യുന്ന ഹരജിയിലാണ് കോടതി ഈ വകുപ്പ് പുനഃപരിശോധിക്കുന്നത്. കേസ് പരിഗണിക്കുന്ന ചീഫ്ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച്, വിഷയത്തില്‍ നിലപാട് ആരാഞ്ഞ് കേന്ദ്രസര്‍ക്കാരിനു നോട്ടിസ് അയച്ചു. ഭാര്യമാരെ പുരുഷന്‍ സ്വകാര്യസ്വത്തായി കണ്ടിരുന്ന പഴയകാലത്തുള്ള നിയമമാണിതെന്നും ഇതുപൊളിച്ചെഴുതണമെന്നും ചൂണ്ടിക്കാട്ടി മലയാളിയായ ജോസഫ് ഷൈന്‍ നല്‍കിയ ഹരജിയിലാണ് കോടതി നടപടിക്കൊരുങ്ങുന്നത്.
497ാം വകുപ്പനുസരിച്ച് അവിഹിതബന്ധത്തിലേര്‍പ്പെടുന്ന സ്ത്രീയെ ശിക്ഷിക്കാനോ, അവിഹിതബന്ധത്തിലേര്‍പ്പെട്ട പുരുഷനെതിരേ അയാളുടെ ഭാര്യക്ക് സി.ആര്‍.പി.സി വകുപ്പ് പ്രകാരം പരാതിപ്പെടാനോ കഴിയില്ലെന്ന് ഹരജിക്കാരനു വേണ്ടി ഹാജരായ കാളീശ്വരം രാജ് വാദിച്ചു. പലരാജ്യങ്ങളിലും നേരത്തെ ഇത്തരം നിയമങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും അവയെല്ലാം ഭേദഗതിചെയ്തതായും അദ്ദേഹം പറഞ്ഞു. അവിഹിതബന്ധത്തിലേര്‍പ്പെടുന്ന പുരുഷനെ ശിക്ഷിക്കുകയും സ്ത്രീയെ ഇരയായി കണ്ട് വെറുതെവിടുന്നതിനോടുമുള്ള ഹരജിക്കാരുടെ എതിര്‍പ്പ് അംഗീകരിച്ച ചീഫ്ജസ്റ്റിസ്, ഭരണഘടന സ്ത്രീക്കും പുരുഷനും തുല്യ പദവിയാണു നല്‍കിയിരിക്കുന്നതെന്ന് നിരീക്ഷിച്ചു.
സ്ത്രീകളോട് നിയമം രക്ഷാധികാരി ചമയുന്നത് അവരുടെ മൗലികാവകാശ ലംഘനമല്ലേയെന്ന് മൂന്നംഗബെഞ്ചിലെ ഡി.വൈ ചന്ദ്രചൂഡ് ചോദിച്ചു. ഇത് ലിംഗവിവേചനത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."