നവജാത ശിശു മരിച്ച സംഭവം: ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കി
ന്യൂഡല്‍ഹി: കൃത്യമായി പരിശോധന നടത്താതെ മരിച്ചുവെന്ന് പറഞ്ഞ് നവജാത ശിശുക്കളെ മാതാപിതാക്കള്‍ക്ക് കൈമാറിയ സംഭവത്തില്‍ ഡല്‍ഹിയിലെ ഷാലിമാര്‍ ബാഗിലെ മാക്‌സ് ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കി.
ഇരട്ടക്കുട്ടികളെ പ്രസവിച്ച ശേഷം കുട്ടികള്‍ രണ്ടുപേരും മരിച്ചുവെന്ന് കാണിച്ച് മൃതദേഹങ്ങള്‍ പ്ലാസ്റ്റിക് കവറിലാക്കി ഡോക്ടര്‍മാര്‍ മാതാപിതാക്കള്‍ക്ക് നല്‍കി.
വീട്ടിലെത്തി സംസ്‌കാരത്തിനെടുത്തപ്പോഴാണ് ഇതിലൊരുകുഞ്ഞിന് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞത്.
ഇതോടെ രക്ഷിതാക്കള്‍ മറ്റൊരു ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒരാഴ്ചത്തെ ചികിത്സക്കൊടുവില്‍ ഈ കുഞ്ഞും മരിച്ചു.
അതേസമയം ഡോക്ടര്‍മാര്‍ കൃത്യമായി പരിശോധന നടത്താതിരുന്നത് ഗുരുതരമായ പ്രശ്‌നമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധം ഉയര്‍ന്നു. സംഭവത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തുടര്‍ന്നാണ് ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കി സര്‍ക്കാര്‍ ഉത്തരവിട്ടത്. ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനാണ് ഇക്കാര്യം അറിയിച്ചത്.
നിലവില്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുള്ളവര്‍ക്ക് തുടര്‍ ചികിത്സ നല്‍കുന്നതിന് തടസമില്ല.
ഇവര്‍ ഡിസ്ചാര്‍ജ് ആകുന്നതുവരെ ഇവിടെ ചികിത്സ തുടരാം. എന്നാല്‍ പുതിയതായി രോഗികളെ അഡ്മിറ്റ് ചെയ്യാന്‍ പാടില്ലെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
നവംബര്‍ 30നാണ് മാക്‌സ് ആശുപത്രിയില്‍ വര്‍ഷ എന്ന യുവതിക്ക് ഇരട്ടക്കുട്ടികള്‍ പിറന്നത്. ജനിച്ച ഉടന്‍ പെണ്‍കുഞ്ഞ് മരിച്ചു. ആണ്‍കുഞ്ഞിനെയും മരിച്ചുവെന്ന് പറഞ്ഞ് രക്ഷിതാക്കള്‍ക്ക് കൈമാറുകയായിരുന്നു.
50 ലക്ഷം രൂപയുടെ ബില്ലും ആശുപത്രി നല്‍കി. സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ എം.പി മേത്ത, വിശാല്‍ ഗുപ്ത എന്നീ ഡോക്ടര്‍മാരെ ആശുപത്രി മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."