രഞ്ജി: വിദര്‍ഭ 246ന് പുറത്ത്; കേരളം പരുങ്ങുന്നു
സൂറത്ത്: വിദര്‍ഭയ്ക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ കേരളവും പരുങ്ങലില്‍. വിദര്‍ഭയുടെ ഒന്നാം ഇന്നിങ്സ് 246 റണ്‍സില്‍ അവസാനിപ്പിച്ച് ഒന്നാം ഇന്നിങ്സ് തുടങ്ങിയ കേരളം രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 32 റണ്‍സെന്ന നിലയിലാണ്. എട്ട് വിക്കറ്റുകള്‍ ശേഷിക്കെ വിദര്‍ഭയുടെ സ്കോറിനൊപ്പമെത്താന്‍ കേരളത്തിന് 214 റണ്‍സ് കൂടി വേണം. 13 റണ്‍സുമായി ജലജ് സക്സേനയും അഞ്ച് റണ്‍സുമായി രോഹന് പ്രേമുമാണ് ക്രീസില്‍. എട്ട് റണ്‍സെടുത്ത മുഹമ്മദ് അസ്ഹറുദ്ദീന്, റണ്ണൊന്നുമെടുക്കാതെ രാത്രി കാവല്ക്കാരന് സന്ദീപ് വാര്യര്‍ എന്നിവരാണ് പുറത്തായത്.
നേരത്തെ അഞ്ച് വിക്കറ്റ് വീഴ്ത്തിയ അക്ഷയ് കെ.സിയുടെ മികച്ച ബൗളിങിന് മുന്നില്‍ വിദര്‍ഭയ്ക്ക് പിടിച്ചുനില്ക്കാന് സാധിച്ചില്ല. ഒരു ഘട്ടത്തില്‍ അവരെ 200ല്‍ താഴെ റണ്‍സില്‍ പുറത്താക്കാനുള്ള അവസരം കേരളത്തിന് ലഭിച്ചിരുന്നു. എന്നാല്‍ പത്താം വിക്കറ്റില്‍ അക്ഷയ് വഖരെ (പുറത്താകാതെ 27), ലളിത് യാദവ് (24) എന്നിവരുടെ ചെറുത്ത് നില്‍പ്പ് കേരളത്തിന്റെ പദ്ധതികളെ തകിടം മറിച്ചു. ഇരുവരും ചേര്‍ന്ന് പത്താം വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തിയാണ് പിരിഞ്ഞത്. ഇരുവരുടേയും പോരാട്ടമാണ് വിദര്‍ഭ സ്കോര്‍ 246ല്‍ എത്തിച്ചത്. അക്ഷയ് വഡ്കറാണ് (53) വിദര്‍ഭയുടെ ടോപ് സ്കോറര്‍. കേരളത്തിനായി അക്ഷയ് അഞ്ച് വിക്കറ്റെടുത്തപ്പോള്‍ ജലജ് സക്സേന മൂന്ന് വിക്കറ്റുകളും നിധീഷ്, ബേസില്‍ തമ്പി എന്നിവര്‍ ഓരോ വിക്കറ്റും പിഴുതു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."