ചലച്ചിത്രമേള: പരാതികളോടെ രണ്ടാം ദിനം
തിരുവനന്തപുരം: പരാതികളുമായി കേരളാ രാജ്യാന്തര ചലച്ചിത്രമേളയുടെ രണ്ടാംദിനം. റിസര്‍വു ചെയ്തു സിനിമ കാണാനെത്തിയവരെ കയറ്റിവിട്ടില്ലെന്ന് ആരോപിച്ച് മുഖ്യവേദിയായ ടാഗോര്‍ തിയറ്ററില്‍ പ്രതിനിധികള്‍ പ്രതിഷേധിച്ചു. മീഡിയാ പാസ് വിതരണം ഇന്നലെയും പൂര്‍ത്തിയായില്ല.
നല്ല സിനിമകള്‍ കാണാനുള്ള പ്രതിനിധികളുടെ തിക്കുംതിരക്കും ഇന്നലെ ദൃശ്യമായി. രാവിലെ 11.30 നു മുഖ്യവേദിയായ ടാഗോര്‍ തിയറ്ററിലാണു വ്യാപക പ്രതിഷേധം നടന്നത്. അര്‍ജന്റീനിയന്‍ ചിത്രമായ സിംഫണി ഫോര്‍ അന റിസര്‍വ് ചെയ്തു കാണാനെത്തിയവരെ തിയറ്റില്‍ കയറ്റിയില്ലെന്നാരോപിച്ചായിരുന്നു ബഹളം. പൊലിസെത്തി രംഗം ശാന്തമാക്കി. ടാഗോറില്‍ ഉണ്ടായിരുന്ന അക്കാഡമി അധികൃതര്‍ പ്രശ്നം പരിഹരിക്കാന്‍ എത്തിയില്ലെന്നു പ്രതിനിധികള്‍ പരാതിപ്പെട്ടു. മേള തുടങ്ങി രണ്ടുദിനം പിന്നിട്ടിട്ടും മീഡിയാ പാസ് വിതരണം പൂര്‍ത്തിയായിട്ടില്ല. ഇതിനെതിരെയും പ്രതിഷേധമുണ്ടായി.
റൗള്‍ പെക് സംവിധാനം ചെയ്ത ജര്‍മന്‍ ചിത്രമായ ദി യംഗ് കാള്‍ മാര്‍ക്സാണ് ഇന്നലെത്തെ ജനപ്രിയ ചിത്രം. ഏംഗല്‍സും മാര്‍ക്സും തമ്മിലുള്ള സുഹൃദ്ബന്ധവും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ രചനയും അടിസ്ഥാനമാക്കിയ സിനിമ നിശാഗന്ധിയിലാണു പ്രദര്‍ശിപ്പിച്ചത്. ഇന്ത്യന്‍ സിനിമയായ റീമാ ദാസ് സംവിധാനം ചെയ്ത വില്ലേജ് റോക്ക്സ്റ്റാര്‍സ്, സ്വീറ്റ് കണ്ട്രി(ഓസ്ട്രേലിയ), ഖിബുല (ഫ്രഞ്ച്),റസ്യ (ഫ്രഞ്ച്), ഇന്‍ സിറിയ (ബെല്‍ജിയം) യൂത്തനൈസര് (ഫിന്‍ലാന്‍ഡ്), മോണ്ട്പാസെ ബിവെന്യൂ (ഫ്രഞ്ച്), ഷെല്‍ട്ടര്‍(ഇസ്രായേല്‍) എന്നീ ചിത്രങ്ങളും ഇന്നലെ പ്രേക്ഷകശ്രദ്ധ നേടി.
മൂന്ന് ഇന്ത്യന്‍ ചിത്രങ്ങളുള്‍പ്പെടെ എട്ടു സിനിമകള്‍ ഇന്നു തിയേറ്ററുകളിലെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."