പൊഴിയൂരില്‍ മടങ്ങിയെത്താന്‍ ഇനിയും 33 പേര്‍
നെയ്യാറ്റിന്‍കര: പൊഴിയൂരില്‍നിന്ന് മത്സ്യബന്ധനത്തിന് പോയവരില്‍ മടങ്ങിയെത്താനുള്ളത് 33 പേര്‍. കടലില്‍പോയ 79 പേരില്‍ 46 പേര്‍ തിരിച്ചെത്തി. 33 പേര്‍ ഇനിയും മടങ്ങിയെത്താനുണ്ടെന്നാണ് പൊലിസിനു ലഭിച്ച കണക്ക്.
33 പേരില്‍ രണ്ട് മൃതദേഹങ്ങള്‍ കഴിഞ്ഞദിവസം കണ്ടെത്തി. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലാണ്. ഡി.എന്‍.എ ടെസ്റ്റിലൂടെ മാത്രമേ തിരിച്ചറിയാന്‍ കഴിയുകയുള്ളൂവെന്നാണ് വിദഗ്ധാഭിപ്രായം.
പൊഴിയൂര്‍ പൊലിസ് സ്റ്റേഷനില്‍ കാണാതായവരെക്കുറിച്ചുള്ള 32 പരാതികളാണുള്ളത്. ഒന്ന് പിതാവും മകനുമാണ്. തിരികെയെത്തിയ 46 പേരെയും ഉള്‍ക്കടലില്‍നിന്ന് മറ്റ് ബോട്ടുകള്‍ രക്ഷപ്പെടുത്തിയവരാണ്. ഇതില്‍ കട്ടമരത്തില്‍ പോയ ഒന്‍പതുപേര്‍ തിരികെയെത്തിയിട്ടുണ്ട്.
മടങ്ങിയെത്താനുള്ളവരില്‍ 20 പേര്‍ ബോട്ടുകളിലും 13 പേര്‍ വള്ളങ്ങളിലുമാണ് പോയത്. കണ്ടെത്താനുള്ളവരുടെ എണ്ണം ഇനിയും കൂടുമെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. അതേസമയം കടലില്‍പോയി ഒരുമാസത്തോളം കഴിഞ്ഞുമാത്രം കരയിലെത്തുന്നവരുടെ വീട്ടുകാര്‍ ഉറ്റവരുടെ വരവിനായി കാത്തിരിക്കുകയാണ്. ഇവര്‍ പാരാതിയും നല്‍കിയിട്ടില്ല.
പൊലിസ് കണക്കനുസരിച്ച് ഓഖി ചുഴലിക്കാറ്റില്‍പെട്ടു സംസ്ഥാനത്ത് കാണാതായവരുടെ എണ്ണം 260 ആണ്. ഇതില്‍ ചെറു ബോട്ടുകളില്‍ പോയവര്‍ മാത്രം നൂറോളമുണ്ട്.
ഒരു മാസം കാത്തിരുന്ന ശേഷവും ഇവര്‍ മടങ്ങിവന്നില്ലെങ്കില്‍ മരിച്ചതായി പ്രഖ്യാപിക്കാന്‍ പൊലിസ് ആലോചിക്കുന്നുണ്ട്. സര്‍ക്കാരിന്റെ നിര്‍ദേശം കണക്കിലെടുത്തു ബന്ധുക്കളില്‍ നിന്നു പരാതി എഴുതി വാങ്ങി. 260 മത്സ്യത്തൊഴിലാളികളുടെയും പേരില്‍ വെവ്വേറെ എഫ്.ഐ.ആറും പൊലിസ് തയാറാക്കി. നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനു മുന്നോടിയായുള്ള ആദ്യ നടപടികളിലൊന്നാണു പൊലിസ് പൂര്‍ത്തിയാക്കിയത്. ഇന്നലെ നെയ്യാറ്റിന്‍കരയില്‍ നടത്തിയ ഉപരോധം മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധത്തിന്റെ അനുരണനമായിരുന്നു.
രാവിലെ പത്തുമണിയോടെ പൊരി വെയില്‍ വകവയ്ക്കാതെയായിരുന്നു റോഡ് ഉപരോധത്തിന് എത്തിയത്. ചര്‍ച്ചകള്‍ പാളിയതിനെത്തുടര്‍ന്ന് ദേശീയപാതയില്‍ ഉച്ചയോടെ ടെന്റുകള്‍ സ്ഥാപിച്ചായിരുന്നു ഉപരോധം. തുടര്‍ന്ന് ഗതാഗതം താറുമാറായി. നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പി ഹരികുമാറിന്റെ നേതൃത്വത്തില്‍ വന്‍ പൊലിസ് സന്നാഹം രാവിലെ മുതല്‍ സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.
ഫോട്ടോ: നെയ്യാറ്റിന്‍കരയില്‍ ഇന്നലെ മത്സ്യത്തൊഴിലാളികള്‍ നടത്തിയ റോഡ് ഉപരോധം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."