ചെല്ലാനത്തെ മത്സ്യത്തൊഴിലാളി സമരം ഒത്തുതീര്‍ന്നു
പള്ളുരുത്തി: ചെല്ലാനത്തെ മല്‍സ്യത്തൊഴിലാളികള്‍ ആറ് ദിവസമായി ദുരിതാശ്വാസ ക്യാംപില്‍ നടത്തി വന്ന റിലേ നിരാഹാര സമരം ഒത്തുതീര്‍ന്നു. സമര സമിതി നേതാക്കളുമായി ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ.സഫീറുള്ളയും കെ.ജെ മാക്സി എം.എല്‍.എയും നടത്തിയ ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് സമരം ഒത്തുതീര്‍ന്നത്. ഇതിനിടെ സമരം ഒത്തുതീര്‍പ്പാക്കിയതില്‍ വിയോജിപ്പുമായി വൈദികരുടെ നേതൃത്വത്തില്‍ ഒരു വിഭാഗം രംഗത്തെത്തി.ദ്രോണാചാര്യ മാതൃകയില്‍ പുലിമുട്ടുകള്‍ കെട്ടി ഫോര്‍ട്ട്കൊച്ചി മുതല്‍ ചെല്ലാനം വരെയുള്ള തീരമേഖലയെ സംരക്ഷിക്കണമെന്ന ആവശ്യം മുന്‍നിര്‍ത്തി സമരം തുടരാനാണ് ഇവരുടെ തീരുമാനം.
ചെല്ലാനം മുതല്‍ ഫോര്‍ട്ട്കൊച്ചി വരെയുള്ള പ്രദേശങ്ങളിലുള്ളവര്‍ നാളെ രാവിലെ പത്തിന് തോപ്പുംപടി ബി.ഒ.ടി പാലത്തിലേക്ക് മാര്‍ച്ച് നടത്തും. സമരക്കാര്‍ ഉന്നയിച്ച ആറ് കാര്യങ്ങളില്‍ അഞ്ച് കാര്യം സമയബന്ധിതമായി തീര്‍ക്കാമെന്ന് എം.എല്‍.എയും കലക്ടറും ഉറപ്പു നല്കി. ബീച്ച് റോഡ് മുതല്‍ ചെല്ലാനം തെക്കേ അറ്റം വരെയുള്ള പുലിമുട്ടുകളുടെ നിര്‍മാണം ചെന്നൈ ഐ.ഐ.ടിയുടെ പഠന റിപ്പോര്‍ട്ട് പ്രകാരം ചെയ്യുമെന്നും അതിന് സമയം അനുവദിക്കണമെന്നുമുള്ള എം.എല്‍.എയുടെ ആവശ്യം സമരക്കാര്‍ അംഗീകരിച്ചു.
ഓഖി ദുരന്തത്തെ തുടര്‍ന്ന് തകര്‍ന്ന കടല്‍ഭിത്തികളുടെ പുനര്‍നിര്‍മാണം ഇന്നലെ മുതല്‍ തന്നെ ആരംഭിച്ചു. ബാക്കി ഭാഗങ്ങളിലെ കടല്‍ഭിത്തി നിര്‍മാണം ഏപ്രില്‍ മുപ്പതിനകം പൂര്‍ത്തിയാക്കുമെന്നും കലക്ടറും എം.എല്‍.എയും സമരക്കാര്‍ക്ക് ഉറപ്പ് നല്കി. ദുരന്തത്തില്‍ മരിച്ച റെക്സന്റെ ഭാര്യക്ക് ജോലി നല്‍കും. തകര്‍ന്ന വീടുകള്‍ മുഴുവന്‍ പുനര്‍നിര്‍മിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. നഷ്ട പരിഹാരം നല്കുവാനുള്ള നടപടിയുണ്ടാകുമെന്നും ഉറപ്പ് ലഭിച്ചതോടെയാണ് സമരം താല്‍ക്കാലികമായി അവസാനിപ്പിക്കാന്‍ സമിതി തീരുമാനിച്ചത്. സമരത്തിന്റെ ഒന്നാം ഘട്ടമാണ് കഴിഞ്ഞതെന്നും ഏപ്രില്‍ 30 നകം പുലിമുട്ട് ഒഴികെയുള്ള കാര്യങ്ങള്‍ നടപ്പായില്ലെങ്കില്‍ വീണ്ടും സമരം ആരംഭിക്കുമെന്നും സമര സമിതി നേതാക്കള്‍ പറഞ്ഞു. ഇതിനിടെയാണ് വിയോജിപ്പുമായി ഒരു വിഭാഗം രംഗത്തുവന്നത്. സഊദി ഇടവക വികാരി ഫാദര്‍ സാംസണ് ആഞ്ഞിലിപ്പറമ്പിലിന്റെ നേതൃത്വത്തിലാണ് ഒരു സംഘം വികാരിമാര്‍ സമര രംഗത്തെത്തിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."