ഓഖി: ഒരു മൃതദേഹംകൂടി ലഭിച്ചു; തെരച്ചില്‍ കൂടുതല്‍ ശക്തമാക്കുന്നു
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് നാശംവിതച്ച് പത്തുനാള്‍ പിന്നിടുമ്പോഴും പ്രതിഷേധത്തെ തുടര്‍ന്ന് കാണാതായവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ ശക്തമാക്കുന്നു. ഇന്നലെ നടത്തിയ തെരച്ചിലില്‍ ആലപ്പുഴ അര്‍ത്തുങ്കലില്‍ നിന്ന് ഒരു മൃതദേഹംകൂടി കണ്ടെത്തി.
ഫിഷറീസ് മെറൈന്‍ എന്‍ഫോഴ്‌സ്‌മെന്റാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ മരിച്ചവരുടെ എണ്ണം 38 ആയി.
മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലായിരുന്ന ഒരു മൃതദേഹംകൂടി ഡി.എന്‍.എ പരിശോധനയില്‍ തിരിച്ചറിഞ്ഞു. അടിമലത്തുറ ഷിബു ഹൗസില്‍ ദേവദാസിന്റെ മകന്‍ സേസിലിന്റെ(50) മൃതദേഹമാണ് തിരിച്ചറിഞ്ഞത്. എട്ട് പേരുടേതുകൂടി തിരിച്ചറിയാനുണ്ട്. അതിനിടെ കാണാതായ മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ തീരത്തേക്കു കൊണ്ടുവരുന്നുവെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ഇത്തരമൊരു സംഭവമില്ലെന്നും ഡിഫന്‍സ് പി.ആര്‍.ഒ അറിയിച്ചു.
വ്യോമ- നാവിക സേനകളെ ഉപയോഗിച്ചുള്ള തെരച്ചില്‍ തുടരണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിനും മൃതശരീരം കരയിലെത്തിക്കുന്നതിനും കപ്പലുകളുപയോഗിച്ചുള്ള തെരച്ചില്‍ പത്ത് ദിവസം കൂടി തുടരണമെന്ന് നാവികസേന, കോസ്റ്റ് ഗാര്‍ഡ്, വ്യോമസേന എന്നീ വിഭാഗങ്ങളോട് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ഡോ.കെ.എം. എബ്രഹാം സേനാവിഭാഗങ്ങള്‍ക്കും കോസ്റ്റ് ഗാര്‍ഡിനും അടിയന്തര സന്ദേശമയച്ചു. നേവിയും കോസ്റ്റ് ഗാര്‍ഡും ആവശ്യമായ കപ്പലുകളുപയോഗിച്ച് ആഴക്കടലില്‍ തെരച്ചില്‍ നടത്തണം. കപ്പലുകള്‍ വിഴിഞ്ഞം ഭാഗത്ത് കൊണ്ടുവന്ന് മത്സ്യത്തൊഴിലാളികളെക്കൂടി തെരച്ചിലിന് കൊണ്ടുപോകണമെന്നും സന്ദേശത്തില്‍ അറിയിച്ചിട്ടുണ്ട്.
തെരച്ചിലിന് സന്നദ്ധതയുള്ള മത്സ്യത്തൊഴിലാളികളെ തിരുവനന്തപുരം കലക്ടര്‍ വിഴിഞ്ഞത്തെത്തിക്കാനും തീരുമാനമായി. തെരച്ചിലിനുപയോഗിക്കുന്ന ബോട്ടുകളിലും മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തണം. കോസ്റ്റ് ഗാര്‍ഡും നേവിയും ആവശ്യപ്പെട്ടാല്‍ ജില്ലാ ഭരണസംവിധാനം ഒരുദ്യോഗസ്ഥനെ കപ്പലില്‍ നിയോഗിക്കണം.
ചികിത്സയ്ക്കും മൃതശരീരം കണ്ടെത്തിയാല്‍ സൂക്ഷിക്കുന്നതിനും പ്രധാന തീരപ്രദേശ കേന്ദ്രങ്ങളില്‍ ആരോഗ്യവകുപ്പ് സൗകര്യമൊരുക്കും. തിരച്ചിലിനായി മോര്‍ച്ചറി സൗകര്യം ഉള്‍പ്പെടെയുള്ള, നേവിയുടെ കപ്പല്‍ ഐ.എന്‍.എസ് സുജാതയെ തിരുവനന്തപുരത്ത് എത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."