HOME
DETAILS

ഹാദിയക്കും ശാരദക്കുട്ടിക്കും ഇടയിലെ ഉമ്മച്ചിക്കുട്ടി

  
backup
December 09 2017 | 20:12 PM

hadiya-and-sharadha-kutty-ummachi-kutty-spm-today-articles

ഷേക്‌സ്പിയറിന്റെ ഹാംലെറ്റില്‍ ദൂരയാത്രയ്‌ക്കൊരുങ്ങുന്ന ലേറ്റര്‍സിനെ ആശീര്‍വദിച്ച് പിതാവു പറയുന്നതിങ്ങനെയാണ്:
'നീ അണിയുന്ന വസ്ത്രങ്ങള്‍ ഏറ്റവും കുലീനമാവണം. പക്ഷേ, വര്‍ണപ്പകിട്ടും കനകച്ചിലങ്കയുമണിഞ്ഞു ശ്രദ്ധയാകര്‍ഷിക്കരുത്.'
ഈ വരികള്‍ ഉദ്ധരിച്ച് തന്റെ 'പ്രതിവാരചിന്തകള്‍'എന്ന പംക്തിയില്‍ സാമൂഹികനിരുപകനായ കൃഷ്ണവാരിയര്‍ ഇങ്ങനെ എഴുതി: 'കൊള്ളയടിക്കപ്പെടാനുള്ള സാധ്യതയാണു ഷേക്‌സ്പിയര്‍ തന്റെ കഥാപാത്രത്തിലൂടെ സൂചിപ്പിച്ചതെങ്കില്‍ ഇന്നതു പെണ്‍പീഡനമെന്നാക്കി വായിക്കാവുന്നതാണ്. സ്ത്രീകളുടെ മാദകമായ വസ്ത്രധാരണയും ചേഷ്ടകളും കാരണത്താലുണ്ടാകുന്ന താല്‍ക്കാലിക ഉന്മത്താവസ്ഥയിലാണു തൊണ്ണൂറു ശതമാനം പീഡനവും നടക്കുന്നത്.'
ഉടുപ്പും നടപ്പും നോക്കിയാല്‍ സംസ്‌കാരം അളക്കാനാവും. ഭാരതീയസംസ്‌കാരത്തോടു യോജിക്കാത്ത സ്ത്രീഅഴിഞ്ഞാട്ടങ്ങള്‍ വഴി വര്‍ധിക്കുന്ന കുറ്റകൃത്യങ്ങള്‍ക്ക് അവര്‍തന്നെയാണ് ആദ്യപ്രതികളെന്നു സുപ്രിംകോടതിയിലെ മുന്‍ജഡ്ജി പ്രസ്താവിച്ചത് ഏറെ ചര്‍ച്ചയ്ക്കു വഴിവച്ചിരുന്നു. ആ പ്രസ്താവനയെ മഹാനടന്‍ മമ്മൂട്ടിയും ഗാനഗന്ധര്‍വന്‍ യേശുദാസുമൊക്കെ സ്വാഗതം ചെയ്തു.
'എന്റെ വീട്ടിലെ പെണ്‍കുട്ടിയെ ലെഗിനും നെക് ബനിയനുമണിഞ്ഞു പുറത്തിറങ്ങാന്‍ ഞാന്‍ സമ്മതിക്കില്ല' എന്നായിരുന്നു യേശുദാസിന്റെ കമന്റ്. പെണ്ണിനെ പരിപാലിക്കുന്നതിനെക്കുറിച്ച് അടിച്ചമര്‍ത്തലെന്നു ചിത്രീകരിക്കുന്നവര്‍ക്കെതിരേയുള്ള വിവേകശാലികളുടെ നിലപാടായിരുന്നു അത്.
'പെണ്ണിനും പാമ്പിനും മരുന്നില്ല' എന്നത് അറേബ്യയിലെയല്ല, റോമിലെ ചൊല്ലാണ്. അന്യപുരുഷന്മാരെ കാണുമ്പോള്‍ സ്ത്രീകള്‍ മുഖാവരണം താഴ്ത്തണമെന്നു ബൈബിള്‍ പഴയനിയമം അനുശാസിക്കുന്നു(ഉല്‍പ്പത്തി 2462). സ്ത്രീയുടെ മുഖാവരണം നീക്കുന്നത് അവളുടെ ചാരിത്ര്യം നശിപ്പിക്കുന്നതിനു തുല്യമാണെന്ന് ഉത്തമഗീതം 57 പറയുന്നു. ക്വരിന്ത്യര്‍ 11:5 ലുള്ളത് 'ശിരസു മറയ്ക്കാത്ത സ്ത്രീയുടെ പ്രാര്‍ഥന സ്വീകരിക്കപ്പെടില്ല, അല്ലെങ്കില്‍ അവള്‍ തലമുണ്ഡനം ചെയ്യട്ടെ' എന്നാണ്.
പഴയനിയമം ക്രൈസ്തവരും ജൂതരും അംഗീകരിക്കുന്നവയാണ്. താത്വികമായി പറഞ്ഞാല്‍ സെമിറ്റിക്ക് ദര്‍ശനങ്ങളില്‍ സ്ത്രീയോട് ഉദാരമായി നിന്നത് ഇസ്‌ലാമാണ്. പുരുഷന്മാരോട് ഏറ്റുമുട്ടാത്ത സ്ത്രീപക്ഷ ബദലുകളെന്ന ആശയമാണ് ഇസ്‌ലാം മുന്നോട്ടുവയ്ക്കുന്നത്. സ്ത്രീകള്‍ക്കു സംവരണം ചെയ്യപ്പെട്ട പ്രത്യേകം പൊതുമേഖലകള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, കലാകായിക കേന്ദ്രങ്ങള്‍, വാഹനങ്ങള്‍ തുടങ്ങിയപോലെ.
ഇപ്പോള്‍ സര്‍ക്കാര്‍പോലും അതാണ് ഉചിതമെന്നു ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. മുന്‍ സര്‍ക്കാര്‍ തുടങ്ങിയ 'ഷീ ടാക്‌സി' ഉദാഹരണം. സ്ത്രീത്വത്തെ അന്യവല്‍ക്കരിക്കലല്ല, ജനിതകവും പ്രകൃതിപരവുമായ യാഥാര്‍ഥ്യത്തെ ഉള്‍ക്കൊള്ളലാണത്.
കേരളത്തില്‍ മുസ്‌ലിംസ്ത്രീകള്‍ മാത്രം അനുഭവിക്കുന്ന പ്രയാസങ്ങള്‍ എന്നൊരു ക്ലീഷെ നിര്‍മിച്ചുണ്ടാക്കി ആ സമുദായത്തെ നിരന്തരം പ്രശ്‌നവല്‍ക്കരിച്ചു പ്രതിരോധത്തിലാക്കുകയെന്നത് ആസൂത്രിതമായ മാധ്യമതാല്‍പര്യമാണ്.
അതു തുടങ്ങിയിട്ടു കുറച്ചായി. പര്‍ദ, വിവാഹപ്രായം, വിവാഹമോചനം, പൊതുരംഗപ്രവേശം തുടങ്ങിയ താക്കോല്‍പ്പഴുത് വിഷയങ്ങള്‍ ഒന്നൊന്നായി കത്തിച്ചു നിര്‍ത്തി അതിന്റെ പുകമറയിലൂടെ പാരമ്പര്യ ഇസ്‌ലാമിനെ പ്രതിക്കൂട്ടിലേക്കു വലിച്ചിഴയ്ക്കുന്ന വിനോദമാണത്.
ആവര്‍ത്തിക്കപ്പെടുന്ന ചോദ്യോത്തരങ്ങള്‍ക്കപ്പുറത്തു സര്‍ഗാത്മകമതമായ ഇസ്‌ലാമിന്റെ കേരളീയ സ്വീകാര്യതയെ പുതിയ തലമുറയില്‍നിന്നു തടയാനുള്ള ഫോബിയാമെഷിനറി കൂടി അതിന്റെ അന്തര്‍ധാരകളിലൂടെ ഒളിച്ചുകടത്തപ്പെടുന്നുണ്ട്. അതിന്റെ ഉദാഹരണമാണ് എസ്. ശാരദക്കുട്ടി മാതൃഭൂമിയിലെഴുതിയ 'സ്വാതന്ത്ര്യത്തിലേക്കുള്ള നൃത്തച്ചുവടുകള്‍' എന്ന ലേഖനം.
മലപ്പുറത്ത് എയ്ഡ്‌സ് ബോധവല്‍ക്കരണത്തിനെന്ന ലേബലില്‍ നടന്ന ഫഌഷ് മോബിലെ നൃത്തച്ചുവടുകളോടൊപ്പം താളംപിടിച്ച് സാങ്കല്‍പ്പികശത്രുക്കളെ പടച്ചുണ്ടാക്കി നിഴലിനെതിരേ നിറയൊഴിക്കുകയാണു ലേഖിക. പരമ്പരാഗത മുസ്‌ലിംപണ്ഡിതസമൂഹത്തിനെതിരേ ശരാശരി മലയാളി പൊതുബോധം വച്ചുപുലര്‍ത്തുന്ന തെറ്റിദ്ധാരണകളുടെ നേര്‍ചിത്രം കൂടിയാണ് ഈ ലേഖനവും നവസാമൂഹ്യമാധ്യമങ്ങളില്‍ വന്ന പ്രതികരണങ്ങളും. ഇതു ചര്‍ച്ചയ്‌ക്കെടുത്തപ്പോള്‍ കളത്തിലില്ലാത്തവര്‍ക്കെതിരേ ഗോളടിക്കാനായിരുന്നു മനോരമ, മംഗളം, മാതൃഭൂമി ചാനല്‍ അവതാരകര്‍ക്കടക്കം താല്‍പ്പര്യം.
ഉത്തരവാദിത്വപ്പെട്ട മുസ്‌ലിം പണ്ഡിതന്മാര്‍ക്ക് ഈ വിഷയത്തില്‍ കൃത്യമായ നിലപാടുണ്ട്. പൂര്‍ണമായ മതാചരണ, മതപ്രബോധന സ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശമാണു ഭാരതത്തില്‍. അതേസമയം, സ്വകാര്യതയും ആത്മാഭിമാനവും സംരക്ഷിക്കപ്പെടാന്‍ പൗരന്മാര്‍ക്ക് അവകാശമുണ്ട്. നര്‍ത്തകികള്‍ മുസ്‌ലിം സമൂഹത്തിലെ അംഗങ്ങളായതിനാല്‍ ഇസ്‌ലാമും പരസ്യസ്ത്രീനൃത്തവും എന്ന തലത്തില്‍ സ്വാഭാവികമായ ചര്‍ച്ചയുണ്ടായി. മതപരമായി അതു നിഷിദ്ധമാണെന്നതു പുതിയ നിലപാടല്ല.
ആധ്യാത്മികഭാവത്തിലുള്ള സംഗീതത്തെയും നൃത്തത്തെയും സംബന്ധിച്ച പണ്ഡിതന്മാര്‍ക്കിടയിലെ ഭിന്നാഭിപ്രായങ്ങളുടെ സൗകര്യപരിധിയിലേയ്ക്കു ശാരീരികനടനവും സൗന്ദര്യാസ്വാദനും മാത്രമുള്ള ഇത്തരം ജിമിക്കിയാട്ടങ്ങളെ കുടിയിരുത്താനുള്ള ചില മതേതര സൂഫി എഴുത്തുകാരുടെ ഉന്മാദങ്ങള്‍ സാമാന്യമായി പറഞ്ഞാല്‍ തോന്ന്യാസമാണ്. കുപ്പിച്ചീളും രത്‌നക്കല്ലും തമ്മിലുള്ള അന്തരം മനസിലാക്കാനുള്ള വിവേകം കടയില്‍നിന്നു വാങ്ങാന്‍ കിട്ടുന്നതല്ലല്ലോ.
ഇസ്‌ലാമിന്റെ നിയമം എല്ലാവരും അനുസരിക്കണമെന്ന ശാഠ്യം ശരിയല്ല. വ്യക്തിപരമായി തേജോവധം ചെയ്യുന്ന പ്രബോധനരീതിയല്ല ഇസ്‌ലാമിന്റേത്. ബഹുദൈവാരാധനയല്ലാത്ത എല്ലാ പാപങ്ങള്‍ക്കും പശ്ചാത്താപമുള്ള മതത്തില്‍ മതവൈകാരികതയുടെ അതിതീവ്രത സാമൂഹികമായി മതനിരാസംപോല അപകടകരമാണ്. സംവാദാത്മകതയാണ്, സംഹാരാത്മകതയല്ല ഖുര്‍ആന്‍ പ്രബോധനം ചെയ്യുന്ന മാര്‍ഗം.
വ്യക്തിസ്വാതന്ത്ര്യമെന്ന നിലയില്‍ ഫഌഷ്‌മോബിനെ അംഗീകരിക്കണമെന്ന നിര്‍ബന്ധം എന്തിന്റെ അടിസ്ഥാനത്തിലാണെന്നു പൗരസ്വാതന്ത്ര്യവാദികള്‍ വ്യക്തമാക്കണം. വിയോജിക്കാനുള്ള അവകാശമല്ലേ ജനാധിപത്യത്തിന്റെ കാതല്‍. വിമര്‍ശിക്കുന്നവരെ ഒന്നടങ്കം അപരിഷ്‌കൃതരാക്കാന്‍ വെമ്പുന്ന 'ശാരദക്കുട്ടികള്‍' ഓര്‍ക്കാത്ത ഒരു സാമൂഹികസത്യമുണ്ട്. ഒരു കാര്യം ഭരണഘടനാപരമായി സാധുവാണെന്നതിന് അക്കാര്യം രാജ്യത്തിന്റെ നിയമത്തില്‍ കുറ്റകരമല്ലെന്നു മാത്രമാണ് അര്‍ഥം. അങ്ങനെയൊരു കാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യത്തിനാണു പൗരാവകാശമെന്നു പറയുന്നത്.
അത്തരം കാര്യം എത്രത്തോളം ശരിയാണെന്നു പരിശോധിക്കേണ്ടതു സാമൂഹികമൂല്യങ്ങളുടെയും ചട്ടങ്ങളുടെയും കൂടി അടിസ്ഥാനത്തിലാണ്. കോടതി അംഗീകരിച്ചാല്‍ കാര്യം നിയമപരമാവും. പൊതുമനഃസാക്ഷി കൂടി അംഗീകരിച്ചാലേ ശരിയാകൂ. പലപ്പോഴും നീതിന്യായനിയമങ്ങളേക്കാള്‍ സാമൂഹ്യനീതിക്കു സ്ഥാനമുണ്ടാകും. നമ്മുടെ ചര്‍ച്ചകളില്‍ നിര്‍ഭാഗ്യവശാല്‍ രണ്ടു തലങ്ങളേ രൂപപ്പെടുന്നുള്ളു, പൗരാവകാശവും മതവിധിയും. അതുപോലെ പ്രധാനപ്പെട്ടതാണു സാമൂഹികമാനം.
ദേശത്തിനും ജനതയ്ക്കുമനുസരിച്ച് ആ ശരാശരിയുടെ തോത് വ്യതിയാനപ്പെടും. കൊച്ചിപോലെ ആധുനികമായ ഒരിടത്തു ശരിയാവുന്നതു കോഴിക്കോടുപോലെ സമ്മിശ്രസംസ്‌കാരത്തിന്റെ ചുറ്റുപാ
ടില്‍ അത്ര ശരിയാവില്ല. ഉള്‍ഗ്രാമത്തില്‍ അതൊട്ടും ശരിയാവില്ല. മൂന്നിടങ്ങളിലും ഭരണഘടനാപരമായ സ്വാതന്ത്ര്യം തുല്യമാണു താനും.
ഇതു തിരിച്ചറിയണമെങ്കില്‍ എ.സി മുറിയിലിരുന്നു കുറേ നോവലും തിരക്കഥകളും വായിച്ചിട്ടു കാര്യമില്ല. കേരളത്തിലെ മധ്യവര്‍ഗത്തിന്റെ മന,മതസ്ഥിതികള്‍ തൊട്ടറിയണം. നടുറോഡില്‍ പട്ടാപ്പകല്‍ സ്ത്രീകള്‍ നൃത്തം ചെയ്യുന്നത് അഭികാമ്യമല്ല എന്നതിന് ഏറ്റവും നല്ല തെളിവാണ് ഇങ്ങനെ നൃത്തം ചെയ്ത യുവതിയെ കണ്ണൂരില്‍ വച്ചു സ്വന്തം അമ്മ ലൈവായി തല്ലി മര്യാദ പഠിപ്പിച്ചത്. രണ്ടുപേരും മുസ്‌ലിംകളല്ലാത്തതിനാല്‍ മതേ'തറ' മാധ്യമങ്ങളും പെണ്ണുന്തികളും സ്വാതന്ത്ര്യത്തിനു തീപ്പിടിച്ചേ എന്നു വിലപിച്ച് ഓടിയില്ല. എന്തുകൊണ്ട് ശാരദക്കുട്ടിയും ഷാനിപ്രഭാകറുമൊക്കെ ആ അമ്മയുടെ നിലപാടു ചര്‍ച്ചചെയ്യാതെ വിഷയം മലപ്പുറം ജിമിക്കിയിലൊതുക്കി എന്നതാണുചോദ്യം.
ഫഌഷ് മോബിന്റ പേരില്‍ മുസ്‌ലിംയാഥാസ്ഥിതികര്‍ പ്രകോപിതരായെന്ന ആരോപണം വിവരക്കുറവിന്റെ വിളംബരമാണ്. സ്ത്രീനൃത്തം ഇസ്‌ലാമികാനുഷ്ഠാനമായിരുന്നെങ്കില്‍ നൃത്തത്തിന്റെ നിബന്ധനകളൊന്നും പാലിക്കാത്ത ആ പെണ്‍കുട്ടികളുടെ പ്രകടനം കണ്ടാല്‍ പ്രകോപനം വരുമായിരുന്നു.
അവരവിടെ ദിശ തെറ്റിച്ചു നമസ്‌കരിച്ചിരുന്നെങ്കില്‍ യാഥാസ്ഥിതിക മുസ്‌ലിംകള്‍ പ്രകോപിതരാകുമായിരുന്നു. ഇതിനേക്കാള്‍ തീവ്രതയേറിയ നര്‍ത്തകിമാരുടെ വിളനിലങ്ങളില്‍ വച്ചാണ് ആത്മനടനങ്ങളുടെ ബദലൊരുക്കി ഇസ്‌ലാം ലോകം കീഴടക്കിയത്. ഇത്തരമൊരു താളച്ചുവടില്‍ വ്രണപ്പെടാന്‍ മാത്രം ദുര്‍ബലമല്ല മുസ്‌ലിം വികാരം.
ആ പെണ്‍കുട്ടികള്‍ അപമാനിച്ചതു നൃത്തകലയെയാണ്. നൃത്തനിയമങ്ങളുടെ പരിധികളെല്ലാം അതിലംഘിച്ച തുള്ളിക്കളിയായിരുന്നു മലപ്പുറം ഫഌഷ് മോബ്. അറേബ്യന്‍ വേഷമണിഞ്ഞു ഭാരതീയകലാപ്രകടനം നടത്തിയതില്‍ നൃത്താചാര്യന്മാര്‍ക്കു പരിഭവമുണ്ടായിട്ടുണ്ടാവണം.
എയ്ഡ്‌സിനെതിരേ ബോധവല്‍ക്കരണത്തിനു സ്ത്രീകള്‍ക്കു തന്നെ നടത്താവുന്ന നൃത്തത്തേക്കാള്‍ യുക്തിഭദ്രമായ മാര്‍ഗങ്ങളില്ലേ. ജനശ്രദ്ധയാകര്‍ഷിക്കലാണു ലക്ഷ്യമെങ്കില്‍ ഇതിനേക്കാള്‍ ഫലവത്തായ ജനകീയമാര്‍ഗങ്ങള്‍ വേറെയില്ലേ.
കഴിഞ്ഞസീസണില്‍ 'കത്തുന്ന വേനലില്‍ കറുത്ത പര്‍ദയ്ക്കുള്ളില്‍' എന്ന ലേഖനം കൊടുത്തു മുസ്‌ലിം പെണ്‍കുട്ടികളെ വിമോചിപ്പിക്കാന്‍ സമരംചെയ്തതിന്റെ ക്ഷീണം മാതൃഭൂമിക്കു മാറിയിട്ടില്ല. കോഴിക്കോട്ടുനിന്നിറങ്ങുന്ന എല്ലാ ലിബറല്‍ ഇടതുപ്രസിദ്ധീകരണങ്ങളിലും മുറതെറ്റാതെ വെളിച്ചം കാണുന്ന ലേഖനം മുസ്‌ലിംപെണ്ണിന്റെ കണ്ണീരിനെക്കുറിച്ചായിരിക്കും. ഇതര സമുദായത്തില്‍ കണ്ണീരൊഴുക്കുന്ന സ്ത്രീകളുടെ അത്ര വരില്ല ദാനധര്‍മങ്ങളും കൂട്ടുസംഗമങ്ങളും സാര്‍വത്രികമായ മുസ്‌ലിംസമൂഹത്തില്‍.
ആജീവനാന്തം വിവാഹം നിഷേധിക്കപ്പെട്ടു പര്‍ദയ്ക്കുള്ളില്‍ തീരുന്ന കന്യാസ്ത്രീകളും ജാതിയും നക്ഷത്രവും മൂലം വിവാഹജീവിതം നിഷേധിക്കപ്പെടുന്ന ഹൈന്ദവ(പ്രത്യേകിച്ചു കീഴാള) യുവതികളും ഈ എഴുത്തുകാരുടെ വിഷയമാകുന്നില്ല. മുസ്‌ലിം സ്ത്രീകള്‍ തികഞ്ഞ ആത്മസംതൃപ്തിയോടെയാണു മതത്തെ ജീവിതത്തില്‍ അണിയുന്നതെന്നു വിമര്‍ശകര്‍ അറിയണം.
വിമര്‍ശകര്‍ വാഗ്ദാനം ചെയ്യുന്ന മാനസികസമാധാനത്തേക്കാളും ആത്മാനന്ദങ്ങളേക്കാളും വലിയ ആനന്ദവും സമാധാനവും വിമര്‍ശകരുടെ കണ്ണിലെ 'ഇരകള്‍' അനുഭവിക്കുന്നുണ്ട്. രോഗികള്‍ വൈദ്യനു മരുന്നു നിര്‍ദേശിക്കുന്ന വൈരുധ്യമാണിവിടെ സംഭവിക്കുന്നത്.
അടിച്ചമര്‍ത്തപ്പെട്ട മുസ്‌ലിം പെണ്‍കുട്ടികളെ ഉദാഹരിക്കാന്‍ ശാരദക്കുട്ടി 'ഖസാക്കിന്റെ ഇതിഹാസ'ത്തിലെ മൈമൂനയെയും ഉറൂബിന്റെ ഉമ്മാച്ചുവിനെയുമൊക്കെ ഉദാഹരിച്ചു. അവരെപ്പോലെ മതാതീതമായി ഗാര്‍ഹിക,സാമൂഹികവ്യവസ്ഥയ്‌ക്കെതിരേ പടപൊരുതാനാണ് അവര്‍ മുസ്‌ലിം പെണ്‍കുട്ടികളെ ഉപദേശിക്കുന്നത്. നിരക്ഷരതയ്ക്കു പരിഹാരം മതാതീതമായി വളരലാണെന്ന ഉപദേശം ഉല്‍ഭവിച്ച മനസും വിചാരവും മലിനമാണ്.
തികഞ്ഞ മതഭക്തകളായിത്തന്നെ മുസ്‌ലിംപെണ്‍പട അത്യുന്നത വൈജ്ഞാനിക മേഖലകള്‍ കീഴടക്കുന്നതു കണ്ട അസഹിഷ്ണുതയാണിത്. കടലാസിലെ ഉമ്മാച്ചുവിനും മൈമൂനയ്ക്കും കാലം നല്‍കിയ മറുപടിയാണു ജീവിതത്തിലെ ഡോ.ഹാദിയ. വി.ടി ഭട്ടതിരിപ്പാടിന്റെ 'കണ്ണീരും കിനാവും' വായിച്ചാല്‍ അക്കാലത്ത് ആ സമുദായത്തിന്റെ സാക്ഷരതാവിരുദ്ധത മനസിലാവും. അക്ഷരം പഠിച്ചതിനു ശ്വാസം നിലയ്ക്കുവോളം മര്‍ദനം കിട്ടിയ കഥകള്‍ എണ്ണിയാല്‍ തീരില്ല.
കൊച്ചി, തിരുവിതാംകൂര്‍ ഭാഗങ്ങളിലെ അധ്യാപികമാരുടെ സംഘടനയായ കൊച്ചി ഉപാധ്യായസംഘത്തിന്റെ പെരുമാറ്റചട്ടങ്ങളുടെ പഴയരേഖകള്‍ ശാരദക്കുട്ടി ഒന്നു വായിക്കണം. 1920നു മുമ്പ് സ്ത്രീകള്‍ക്ക് ഔദ്യോഗിക പദവി വഹിക്കാന്‍ അവിടെ ഭരണകൂടം അനുമതി നല്‍കിയിരുന്നില്ല. പുരുഷന്മാരോടൊപ്പം ഇടകലരാന്‍ പാടില്ലായിരുന്നു. ദേഹം മുഴുവന്‍ മറയുന്ന വസ്ത്രവും ശീലക്കുടയും വേണമായിരുന്നു.
1940ലെ തിരുവനന്തപുരം മഹാരാജാസ് കോളജിലെ ഒരു സംഭവം കെ ദേവയാനി അവരുടെ ആത്മകഥയായ 'ചോരയും കണ്ണീരും' എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്.
കോളജില്‍ നിന്നു വരുന്നവഴിക്കു മഴ പെയ്തപ്പോള്‍ അതേ കോളജിലെ അധ്യാപകനായ സഹോദരന്റെ കുടയില്‍ നിന്നതിന്റെ പേരില്‍ വീട്ടിലെത്തിയപ്പോള്‍ അമ്മ അവരെ പൊതിരെ തല്ലി. കാണുന്നവര്‍ക്കു നിങ്ങള്‍ സഹോദരീ സഹോദരന്മാരാണെന്ന് അറിയണമെന്നില്ലല്ലോ എന്നായിരുന്നു അമ്മയുടെ ന്യായം.
കേരളത്തില്‍ സ്ത്രീകളെ കൂട്ടത്തോടെ തെരുവിലിറക്കിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിവാഹപൂര്‍വ പൊതുരംഗപ്രവേശം സ്ത്രീകള്‍ക്കു നിഷേധിച്ചിരുന്നു. ഈ നിയമം മറികടക്കാനാണു തന്നെ സഖാവ് എ.വി കുഞ്ഞമ്പുവിനു പാര്‍ട്ടി വിവാഹം ചെയ്തു കൊടുത്തതെന്നും ദേവയാനി കൂട്ടിച്ചേര്‍ക്കുന്നു. ഈയടുത്ത കാലത്ത് സഖാവ് പി.കെ ശ്രീമതി പൊതുവേദിയില്‍ ചുവടുവച്ചതിനെ പാര്‍ട്ടി എങ്ങനെയാണ് നേരിട്ടതെന്ന് എല്ലാവര്‍ക്കുമറിയാം.
വനിതാ കമ്മീഷനടക്കമുള്ള സ്ത്രീപക്ഷവാദികളുടെ ഇരട്ടത്താപ്പ് പലവട്ടമെന്നപോലെ ഇത്തവണയും വ്യക്തമായി. ആ പെണ്‍കുട്ടികള്‍ക്കെതിരേ പരിഹാസം ചൊരിഞ്ഞവര്‍ക്കെതിരേ കമ്മിഷന്‍ സ്വമേധയാ കേസെടുത്തിരിക്കുകയാണ്. അവരെ പരസ്യപരിഹാസം നടത്തിയ പൊങ്കാലമതസ്ഥരോടു വിയോജിക്കുന്നു. പക്ഷേ, ചില യാഥാര്‍ഥ്യങ്ങള്‍ പറയാതിരിക്കാനാവില്ല.
നീണ്ട ഏഴുമാസം സകല പൗരാവകാശങ്ങളും നിഷേധിക്കപ്പെട്ടു ജാലകത്തിലൂടെ നിലവിളിച്ച ഹാദിയയ്ക്കുവേണ്ടി ഇരിപ്പിടമനക്കാത്ത കൂട്ടരാണവര്‍. കേരളത്തിലെ എല്ലാ മുസ്‌ലിംസ്ത്രീകളെയും ബലാല്‍സംഗം ചെയ്യണമെന്നു പരസ്യമായി പോസ്റ്റിട്ട രാധാകൃഷ്ണനെന്ന സംഘിക്കെതിരേ വനിതാ കമ്മീഷന്‍ എന്താണു ചെയ്തത്.
അയാള്‍ക്കെതിരേ കേസുകൊടുത്ത ശ്രീജ നെയ്യാറ്റിന്‍കര എന്ന സെക്കുലര്‍ ആക്ടിവിസ്റ്റിനെ ഒറ്റപ്പെടുത്തുകയല്ലേ ചെയ്തത്.
തൃപ്പൂണിത്തുറയിലെ ഘര്‍വാപസി കേന്ദ്രത്തില്‍ 64 പെണ്‍കുട്ടികള്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെട്ടുവെന്നു തെളിവു സഹിതം പുറത്തുവന്നിട്ടും വനിതാകമ്മീഷന്‍ എന്താണ് ചെയ്തത്. പര്‍ദയും തട്ടവുമിട്ട ഉമ്മച്ചിക്കുട്ടികളെ നടുറോഡിലിറക്കാനാവശ്യമായ രാഷ്ട്രീയം കളിക്കലാണോ വനിതാകമ്മീഷന്റെ പ്രധാന ഉല്‍സാഹം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  25 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  25 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  25 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  25 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  25 days ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  25 days ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  25 days ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  25 days ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  25 days ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  25 days ago