ജോസഫിന്റെ 'മരണം' കൗതുകവാര്‍ത്തയല്ല
വെറുമൊരു ചരമവാര്‍ത്തയും പരസ്യവുമായാണ് ആദ്യം അതു പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.
തളിപ്പറമ്പ് കുറ്റിക്കോല്‍ സ്വദേശിയായ മേലുകുന്ന് ജോസഫ് (74) നിര്യാതനായി എന്നായിരുന്നു വാര്‍ത്ത.
സംശയിക്കാനും അവിശ്വസിക്കാനും അത്ഭുതപ്പെടാനുമുള്ള ഒന്നും ആ വാര്‍ത്തയിലുണ്ടായിരുന്നില്ല. ഭാര്യ, നാലുമക്കള്‍. മക്കളില്‍ രണ്ടുപേര്‍ വിദേശത്ത്. ജീവിതസായാഹ്നത്തില്‍ ബാധ്യതകളും പ്രയാസങ്ങളുമൊന്നുമില്ലാതിരുന്ന വയോധികന്റെ സ്വാഭാവിക മരണം.
വാര്‍ത്തയിലും ചരമപ്പരസ്യത്തിലും ജോസഫ് ചെറുപ്പകാലം മുതല്‍ കായികമത്സരത്തിലും മറ്റും കൈവരിച്ച നേട്ടങ്ങളുടെ വിവരങ്ങളുണ്ടായിരുന്നു.
നാട്ടുകാരെ സംബന്ധിച്ചിടത്തോളം അതൊരു സാധാരണ ചരമ വാര്‍ത്തയാണെങ്കില്‍ അതു വായിച്ചു ഞെട്ടിയത് ജോസഫിന്റെ ഉറ്റവരും ഉടയവരുമായിരുന്നു. കാരണം, അവര്‍ക്കറിയുന്ന ജോസഫ് മരിച്ചിട്ടില്ല. ജോസഫിന്റെ മക്കളോ ബന്ധുക്കളോ ചരമവാര്‍ത്ത നല്‍കിയിട്ടുമില്ല.
അതേസമയം, മറ്റൊരു സത്യത്തിനു മുന്നിലും അവര്‍ ഞെട്ടി. വാര്‍ത്തയില്‍ പറയുന്നപോലെ മരിച്ചില്ലെങ്കിലും ജോസഫ് അപ്രത്യക്ഷനായിരിക്കുന്നു! ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നറിയില്ല. വീടുവിട്ടിറങ്ങാന്‍ പ്രത്യേക കാരണമൊന്നും അവര്‍ക്കു കണ്ടെത്താനായില്ല.
അതിനിടയില്‍ മറ്റു തരത്തിലും ഊഹാപോഹങ്ങളുണ്ടായി. ജോസഫിനെ ആരെങ്കിലും തട്ടിക്കൊണ്ടുപോയി ഒളിവില്‍ പാര്‍പ്പിച്ചു ചരമവാര്‍ത്ത നല്‍കിയതാവാം.
എങ്കില്‍ ആര്, എന്തിന്...
ആ ചോദ്യങ്ങള്‍ക്കും ആര്‍ക്കും ഉത്തരം കണ്ടെത്താനായില്ല.
ജോസഫിനെ കാണുന്നില്ലെന്ന പരാതിയുമായി ബന്ധുക്കള്‍ പൊലിസിനു മുന്നിലെത്തി. പൊലിസിനും അതൊരു പ്രഹേളികയായിരുന്നു. 'പരേതനെ' കണ്ടെത്തേണ്ട നിയോഗം. എത്തും പിടിയുമില്ലാതെ അവര്‍ മാന്‍മിസ്സിങ് കേസ് രജിസ്റ്റര്‍ ചെയ്തു കാത്തിരുന്നു.
അതോടെ ജോസഫിന്റെ മരണം കൗതുകവാര്‍ത്തയായി. സ്വന്തം മരണം വാര്‍ത്തയാക്കി മുങ്ങിയ വയോധികന്റെ കഥ മാധ്യമങ്ങള്‍ നിരത്തി. ജനം ആ കൗതുകത്തില്‍ രമിച്ചു.
വീണ്ടും കഥയുടെ ഗതി മാറുകയാണ്.
കണ്ണൂരിലെ കുറ്റിക്കോല്‍ നിന്നു കാണാതായ ജോസഫ് കോട്ടയത്ത് ആള്‍മാറാട്ടത്തിലൂടെ പ്രത്യക്ഷപ്പെടുന്നു. മരിച്ച ജോസഫിന്റെ ഭാര്യയായ മേരിക്കുട്ടിക്ക് തന്റെ കൈയിലുള്ള പണവും സ്വര്‍ണമാലയും അയച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് കാര്‍ഷികവികസന ബാങ്കിലാണ് ജോസഫിന്റെ പരിചയക്കാരന്‍ എന്ന വ്യാജേന അയാള്‍ എത്തിയത്.
സംശയം തോന്നിയ ബാങ്കുകാര്‍ തളിപ്പറമ്പിലെ കാര്‍ഷിക വികസന ബാങ്കുമായി ബന്ധപ്പെട്ടപ്പോഴാണ് മുങ്ങിയ ജോസഫായിരിക്കും അതെന്ന സംശയം ജനിക്കുന്നത്. അടുത്തദിവസം തന്നെ കോട്ടയത്തെത്തിയ പൊലിസ് ജോസഫിനെ കണ്ടെത്തി ബന്ധുക്കള്‍ക്കൊപ്പം അയച്ചു.
വാര്‍ത്തയിലെ കൗതുകം അവിടെ അവസാനിച്ചു.
വൈകാതെ എല്ലാവരും ഈ വാര്‍ത്തയും വാര്‍ത്തയിലെ ജോസഫിനെയും മറക്കും.
പക്ഷേ, അവസാനത്തെ വാര്‍ത്ത വായിച്ചപ്പോള്‍ ജോസഫ് പൊലിസിനോടു പറഞ്ഞ വാക്കുകള്‍ മനസ്സില്‍ വല്ലാത്ത മുറിപ്പാടു സൃഷ്ടിച്ചുകൊണ്ട് വിടവാങ്ങാതെ നിന്നു.
എല്ലാവര്‍ക്കും മുന്നില്‍ കാഴ്ചവസ്തുവായി നില്‍ക്കേണ്ടി വന്ന ജോസഫ് പൊലിസിനോടു പറഞ്ഞത് ഈ വാക്കുകളായിരുന്നു, ''ഒറ്റപ്പെടല്‍ അവസാനിപ്പിക്കാന്‍ ഈ മാര്‍ഗമേ തോന്നിയുള്ളു സാറേ... മരണവാര്‍ത്ത കൊടുത്തത് ആരെയെങ്കിലും കബളിപ്പിക്കാനായിരുന്നില്ല. മരിക്കാന്‍ തന്നെയാണു തീരുമാനിച്ചത്. ഞാന്‍ മരിച്ചാലെങ്കിലും മക്കള്‍ ഭാര്യയെ സംരക്ഷിച്ചുകൊള്ളുമെന്നു വിചാരിച്ചു.''
ജോസഫ് പറഞ്ഞ വാക്കുകളുടെ വ്യാപ്തിയും തീവ്രതയും അതേമട്ടില്‍ എത്രപേര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന് അറിയില്ല. പക്ഷേ, കേരളത്തിലുള്‍പ്പെടെ അനേകായിരം മനുഷ്യജീവിതങ്ങള്‍ ജീവിതസായാഹ്നത്തില്‍ നേരിട്ടുകൊണ്ടിരിക്കുന്ന നീറ്റലാണത്. എല്ലാവരും ഉണ്ടായിട്ടും ആരുമില്ലാതെ കഴിയേണ്ടി വരിക. ആ അവസ്ഥ അസഹ്യവും ഭീതിതവുമാണെന്ന യാഥാര്‍ഥ്യമാണ് സ്വന്തം മരണവാര്‍ത്ത നല്‍കി ജീവതമൊടുക്കാന്‍ തീരുമാനിച്ച ജോസഫിന്റെ പ്രവൃത്തിയിലൂടെ മനസ്സിലാക്കേണ്ടത്.
ആ രീതിയില്‍ ആ വാര്‍ത്ത ഉള്‍ക്കൊള്ളുമ്പോള്‍ ജോസഫിന്റെ 'മരണം' കൗതുകവാര്‍ത്തയല്ലാതാകും. ഒരു ജോസഫിന്റെ മുഖത്തിനു പകരം വ്യക്തതയുള്ളതും ഇല്ലാത്തതുമായ അനേകായിരം മുഖങ്ങള്‍ നമ്മുടെ മനസ്സിലേയ്ക്കു ദയനീയമായ നോട്ടവുമായി കടന്നുവരും. അതിലൊരു പക്ഷേ, നമ്മുടെ മുഖം പോലും ദര്‍ശിക്കാന്‍ കഴിഞ്ഞെന്നു വരും.
വര്‍ഷങ്ങള്‍ക്കു മുമ്പ് ഇന്ത്യയിലെ കോടീശ്വരന്മാരിലൊരാള്‍ തുടങ്ങിയ അത്യാധുനികസൗകര്യങ്ങളുള്ള അനാഥശാലയില്‍വച്ചു രണ്ടു വയോധികദമ്പതികളെ പരിചയപ്പെട്ടത് ഓര്‍ക്കുന്നു. കണ്ണൂര്‍ സ്വദേശികളാണ്. പഴയ നാട്ടുരാജവംശ പരമ്പരയില്‍പ്പെട്ടവര്‍. മക്കള്‍ ഉന്നത ഉദ്യോഗവുമായി അമേരിക്കയിലാണ്. കൊട്ടാരതുല്യമായ വീടും അതിവിശാലമായ പറമ്പുമുണ്ട്. സാമ്പത്തികമായി ഒരു കുറവുമില്ല. എന്നിട്ടും അനാഥശാലയുടെ തുടക്കം മുതല്‍ അവര്‍ അവിടെയുണ്ട്.
എന്തുകൊണ്ട്.
ആ ചോദ്യത്തിന് അവര്‍ പറഞ്ഞ മറുപടി ജോസഫ് പറഞ്ഞതു തന്നെയായിരുന്നു. ''എത്ര കാലമാണ് ആരോടും മിണ്ടാനും പറയാനുമില്ലാതെ ഞങ്ങളിരുവരും മുഖത്തോടു മുഖംനോക്കി കഴിയുക. ഇവിടെ ഞങ്ങളെപ്പോലെ തന്നെ ഒറ്റപ്പെട്ട ഒട്ടേറെപ്പേരുണ്ടല്ലോ. അവരുമായി സംസാരിച്ചും സഹവസിച്ചും കഴിയാമല്ലോ''
ആ വീട്ടമ്മ ഇത്രകൂടി പറഞ്ഞു, ''ഇദ്ദേഹത്തിനു വല്ലപ്പോഴും അങ്ങാടിയിലേയ്ക്കു പോയി നാലാളുടെ മുഖം കാണാം. രാവിലെ മുതല്‍ രാത്രിവരെ ഞാന്‍ ആ വീട്ടില്‍ത്തന്നെ ഇരിക്കേണ്ടി വരികയല്ലേ.'' അനാഥശാലയിലേയ്ക്കു പോകാന്‍ അവരാണ് ഭര്‍ത്താവിനെ നിര്‍ബന്ധിച്ചത്.
സമ്പത്തില്ലായ്മയുടേതല്ല ഇവിടെ പ്രശ്‌നം, ഒറ്റപ്പെടലിന്റേതാണ്. ജീവിതത്തിന്റെ സുവര്‍ണനാളുകളില്‍ എല്ലാ കാര്യങ്ങളും നോക്കിയും ചെയ്തും ഓടിനടന്നവര്‍. മക്കളെയെല്ലാം പഠിപ്പിച്ചു നല്ലനിലയിലാക്കിയവര്‍. പറക്കമുറ്റിയ മക്കള്‍ സ്വന്തംജീവിതം പച്ചപിടിപ്പിക്കാന്‍ പറന്നകലുമ്പോള്‍ ജീവിതസായാഹ്നത്തില്‍ അവര്‍ ഒറ്റപ്പെട്ടുപോകുന്നു. വാര്‍ധക്യത്തില്‍ കൂട്ടായി വരുന്ന രോഗങ്ങള്‍ സമ്മാനിക്കുന്ന ദുരിതവും പേറി വിദൂരതയിലേയ്ക്കു കണ്ണു നട്ട് കാലം കഴിക്കേണ്ടിവരുന്നു.
'സിംഹം' എന്ന പേരില്‍ എം. സുകുമാരന്റെ ഒരു കഥയുണ്ട്. ജീവിതത്തിന്റെ പുഷ്‌കലകാലത്ത് ആരെയും ആശ്രയിക്കാതെ, ആരെയും കൂസാതെ അധികാരത്തിന്റെ ലഹരിയില്‍ കാലം കഴിച്ചയാള്‍. പ്രായാധിക്യവും പക്ഷാഘാതവും അയാളെ രോഗശയ്യയില്‍ തളച്ചിടുന്നു. രോഗവും ഒറ്റപ്പെടലും നിരാശയും എല്ലാം ചേര്‍ന്ന് അയാളും ജോസഫ് കൊതിച്ച മാര്‍ഗമാണു തിരഞ്ഞെടുക്കുന്നത്.
ഒറ്റപ്പെടലും നിരാശയും അസഹ്യമാകുമ്പോള്‍ ജോസഫിനെപ്പോലെ ചിലര്‍ ജീവിതത്തിനു വിരാമമിടാന്‍ കൊതിച്ചുപോകും. സ്വന്തം ചരമവാര്‍ത്ത നല്‍കുന്നതിന്റെ ഭാരം പോലും മറ്റുള്ളവര്‍ക്കു നല്‍കരുതെന്ന് ചിന്തിച്ചുപോകും.
ജീവിതമൊടുക്കല്‍ പരിഹാരമല്ല. ശരിയായ പരിഹാരം കാണേണ്ടതു ജീവിതസായാഹ്നത്തിലുള്ളവരുമല്ല, ചെറുപ്പവും അധികാരവും കൈമുതലായുള്ളവരാണ്.
അതു തിരിച്ചറിയുമ്പോള്‍ നമുക്ക് ജോസഫിന്റെ 'മരണം' കൗതുകവാര്‍ത്തയായി തോന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."