'ബ്ലൂടൂത്ത് 'ആരോപണ നിഴലില്‍ വോട്ടിങ് യന്ത്രം
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭയിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷിനിനെതിരേ പുതിയ ആരോപണം. ഏതു ചിഹ്നത്തില്‍ അമര്‍ത്തിയാലും താമരയ്ക്കു വോട്ട് രേഖപ്പെടുത്തുന്നെന്ന ആരോപണങ്ങള്‍ക്കു പിന്നാലെയാണ് പുതിയത്.
വോട്ടിങ് യന്ത്രം ബ്ലൂടൂത്തുമായി കണക്റ്റാകുന്നെന്ന ആരോപണവുമായി ഇന്നലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സ്ഥാനാര്‍ഥിയുമായ അര്‍ജുന്‍ മോദ്‌വാദിയയാണ് രംഗത്തെത്തിയത്.
പോര്‍ബന്തറിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ മൂന്നു ബൂത്തുകളില്‍ വോട്ടിങ് യന്ത്രങ്ങളില്‍ ബ്ലൂടൂത്ത് ഉപയോഗിച്ചു മറ്റു യന്ത്രങ്ങള്‍ ഘടിപ്പിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.ഇവിടത്തെ മൂന്നു ബൂത്തുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വോട്ടിങ് യന്ത്രത്തെ നിയന്ത്രിക്കുന്ന രീതിയിലാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍, ഇതു നിഷേധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍ രംഗത്തെത്തിയിട്ടുണ്ട്.
താന്‍ മൊബൈലിലെ ബ്ലൂടൂത്ത് ഓണാക്കിയപ്പോള്‍ സമീപ ഉപകരണങ്ങളിലൊന്നിന്റെ പേര് 'ഇ.സി.ഒ 105' എന്നു രേഖപ്പെടുത്തിയെന്നും ഇതു തെരഞ്ഞെടുപ്പ് യന്ത്രമാണെന്നും ആരോപിച്ച മോദ്‌വാദിയ, അതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ അടക്കം തെരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് അന്വേഷണം പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് കമ്മിഷന്‍, ഇവിടത്തെ വോട്ടിങ് യന്ത്രങ്ങള്‍ പരിശോധിച്ച ശേഷമാണ് വിശദീകരണവുമായി രംഗത്തെത്തിയത്. അത്തരം പ്രശ്‌നങ്ങള്‍ ഇല്ലെന്നും ചിലയിടങ്ങളില്‍ തകരാറിനെ തുടര്‍ന്നു യന്ത്രങ്ങള്‍ മാറ്റേണ്ടിവന്നിട്ടുണ്ടെന്നും കമ്മിഷന്‍ വിശദീകരിച്ചു.
വോട്ടിങ് യന്ത്രങ്ങളെക്കുറിച്ചു പരാതിയുമായി കോണ്‍ഗ്രസ് നേതാവും സ്ഥാനാര്‍ഥിയുമായ ശക്തിസിങ് ഗോയലും രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍, തോല്‍വി ഉറപ്പിച്ച കോണ്‍ഗ്രസ് അതിനു ന്യായീകരണം കണ്ടെത്തുകയാണെന്നാണ് ബി.ജെ.പിയുടെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."