കെ.എസ്.ആര്‍.ടി.സി ബസ് കാറിലിടിച്ച് രണ്ടുപേര്‍ മരിച്ചു
ചേര്‍ത്തല: കെ.എസ്.ആര്‍.ടി.സി ബസ് കാറിലിടിച്ച് രണ്ടുപേര്‍ മരിച്ചു. കാര്‍ യാത്രക്കാരനും ബസ് കാത്തുനിന്ന കര്‍ഷകത്തൊഴിലാളിയുമാണ് മരിച്ചത്. കാര്‍ ഡ്രൈവര്‍ക്കും ബസ് യാത്രക്കാരനും പരുക്കേറ്റു.
ദേശീയപാതയില്‍ 11-ാംമൈല്‍ ജങ്ഷനില്‍ ഇന്നലെ പുലര്‍ച്ചെ 5.30നായിരുന്നു അപകടം. കഞ്ഞിക്കുഴി പഞ്ചായത്ത് അഞ്ചാംവാര്‍ഡില്‍ ചെറുവാരണം മുനിവെളിയില്‍ ശിവറാം (62), തണ്ണീര്‍മുക്കം കളത്തറവീട്ടില്‍ റിട്ട. അതിര്‍ത്തി സംരക്ഷണസേന ഉദ്യോഗസ്ഥന്‍ ഹാരിസ് (55) എന്നിവരാണ് മരിച്ചത്. കാറുടമ മുഹമ്മ ആര്യക്കര അരുണോദയം വീട്ടില്‍ പുഷ്പരാജ് (50), ബസ് യാത്രക്കാരായ കൊല്ലം കല്ലട കോയിക്കല്‍ഭാഗം കുളങ്ങര ശ്രീജിത് (40) എന്നിവര്‍ക്കാണ് പരുക്കേറ്റത്. പുഷ്പരാജാണ് കാറോടിച്ചത്. നാളെ ശിവറാമിന്റെ മകന്റെ വിവാഹം നടക്കാനിരിക്കെയാണ് അപകടം.
ബസ് ബംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്കു പോവുകയായിരുന്നു. അപകടം ഒഴിവാക്കാന്‍ വെട്ടിച്ചതോടെ നിയന്ത്രണംതെറ്റിയ ബസ് റോഡിരികില്‍നിന്ന ശിവറാമിനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. ബസിടിച്ച് കുറ്റിക്കാട്ടിലേക്ക് തെറിച്ചുവീണ ശിവറാമിനെ അരമണിക്കുറോളം വൈകിയാണ് കണ്ടത്. അപ്പോഴേക്കും മരിച്ചിരുന്നു. റോഡരികില്‍ വെറ്റിലക്കെട്ടുകള്‍ കണ്ടതോടെയാണ് തിരച്ചില്‍ നടത്തിയത്. കര്‍ഷകനായ ശിവറാം വെറ്റിലയുമായി ചേര്‍ത്തല അങ്ങാടിയിലേക്ക് പോകുന്നതിന് ബസ് കാത്തുനില്‍ക്കുകയായിരുന്നു. വൈദ്യുതി നിലച്ചതിനാല്‍ അഗ്‌നിശമനസേനയും പൊലിസും നാട്ടുകാരും ടോര്‍ച്ചിന്റെ വെളിച്ചത്തിലാണ് തിരച്ചില്‍ നടത്തിയത്. കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. അപകടത്തെതുടര്‍ന്ന് ദേശീയപാതയില്‍ വാഹനഗതാഗതം ഒരുമണിക്കൂറോളംതടസപ്പെട്ടു. വൈകിട്ടാണ് ഗതാഗതം സാധാരണനിലയിലായത്. ശോഭനയാണ് ശിവറാമിന്റെ ഭാര്യ. മക്കള്‍: ശ്രീജ, ശ്രീജേഷ്. മരുമകന്‍: മനീഷ്. ഹാരിസിന്റെ ഭാര്യ ഉഷ. മക്കള്‍: അഖില്‍, അഭിഷേക്. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."